ക്ഷേത്രമുറ്റത്ത് രാഷ്ട്രീയ കൊടികളും പ്രതിഷേധവും വേണ്ട; കർശന നിയന്ത്രണങ്ങളുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ഹൈദരാബാദ്: ക്ഷേത്രങ്ങളുടെ പരിസരത്ത് രാഷ്ട്രീയ പരിപാടികളും പ്രതിഷേധങ്ങളും പൂർണമായും നിരോധിക്കാൻ തെലങ്കാന സർക്കാർ മുന്നറിയിപ്പ്. ഭക്തിസാന്ദ്രമായ അന്തരീക്ഷം നിലനിർത്തുന്നതിനായി രാഷ്ട്രീയ യോഗങ്ങൾക്കോ പാർട്ടികളുടെ കൊടികൾക്കോ ക്ഷേത്രപരിസരത്ത് അനുമതി നൽകരുതെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നിർദേശിച്ചു. തിരുമല തിരുപ്പതി ക്ഷേത്രത്തിലെ മാതൃകയിലുള്ള നിയന്ത്രണങ്ങളാണ് എല്ലാ ക്ഷേത്രങ്ങളിലും കൊണ്ടുവരുന്നത്.

നിർമൽ ജില്ലയിലെ പ്രശസ്തമായ ബാസര സരസ്വതി ക്ഷേത്രത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കൊണ്ട സുരേഖയുമായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 225 കോടി രൂപ ചെലവഴിച്ചാണ് ക്ഷേത്രത്തിന്റെ വിപുലമായ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. ഏപ്രിൽ 6ന് ഇതിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിക്കും. ശാസ്ത്രീയമായ രീതിയിലായിരിക്കണം നിർമാണ പ്രവർത്തനങ്ങളെന്നും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് വീതിയുള്ള റോഡുകളും മെച്ചപ്പെട്ട സൗകര്യങ്ങളും ബാസരയിൽ ഒരുക്കും. ക്ഷേത്രപരിസരത്ത് ഇലക്ട്രിക് വാഹനങ്ങൾ മാത്രമേ അനുവദിക്കൂ. പാർക്കിങ് ഏരിയകളിൽ സോളാർ റൂഫ് ടോപ്പുകൾ സ്ഥാപിച്ച് പുനരുപയോഗ ഊർജം പ്രോത്സാഹിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. വികസന പ്രവർത്തനങ്ങൾ നടത്തുമ്പോൾ ക്ഷേത്രത്തിന്റെ പരിശുദ്ധിക്ക് യാതൊരു കോട്ടവും സംഭവിക്കരുതെന്ന് മുഖ്യമന്ത്രി പ്രത്യേകം ഓർമിപ്പിച്ചു.

പുഷ്കരങ്ങൾ പോലെയുള്ള വിശേഷ ദിവസങ്ങളിൽ എത്തുന്ന വലിയ ജനക്കൂട്ടത്തിന് ആവശ്യമായ ചികിത്സ നൽകാൻ ക്ഷേത്രത്തിന് സമീപം ആധുനിക ആരോഗ്യ കേന്ദ്രം നിർമിക്കും. മതിയായ ഡോക്ടർമാരുടെയും ജീവനക്കാരുടെയും സേവനം ഇവിടെ ഉറപ്പാക്കും. ക്ഷേത്രങ്ങളുടെ ആത്മീയമായ ശോഭ നിലനിർത്തുന്നതിനൊപ്പം ഭക്തർക്ക് ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

Tags:    
News Summary - No political flags or protests in temple courtyards; Telangana Chief Minister Revanth Reddy issues strict restrictions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.