കോവിഡ് രോഗികള്‍ക്ക് ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച് മുഹമ്മദ് സലാഹ്

കൈറോ: കോവിഡ് രോഗികള്‍ക്ക് ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച് ലിവർപൂളിന്‍റെ ഈജിപ്ഷ്യൻ സൂപ്പർ താരം മുഹമ്മദ് സലാഹ്. ഈജിപ്തിലെ ബാസ്യൗൻ സെന്‍ട്രല്‍ ആശുപത്രിയിലേക്കാണ് ഓക്‌സിജന്‍ സിലിണ്ടറുകള്‍ നൽകിയത്.

സർക്കാർ ആശുപത്രിയായ ഇവിടെ ഓക്സിജൻ സിലിണ്ടറിന്‍റെ ലഭ്യതക്കുറവ് കാരണം മരണം റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെതുടർന്നാണ് സലാഹിന്‍റെ ഇടപെടൽ. നാഗ്രിഗ് ചാരിറ്റി അസോസിയേഷന്‍ മുഖേനയാണ് സിലിണ്ടറുകള്‍ എത്തിച്ചത്.


ചാരിറ്റി പ്രവര്‍ത്തനങ്ങളിൽ സജീവമായ സലാഹ് നേരത്തേ രാജ്യത്തെ കോവിഡ് രൂക്ഷമായ മേഖലകളില്‍ വെന്‍റിലേറ്റർ, ഭക്ഷണം, മറ്റു അവശ്യ വസ്തുക്കൾ ഉൾപ്പെടെ എത്തിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലിൽ ആയിരക്കണക്കിന് ടൺ ഭക്ഷണമാണ് നാഗ്രിഗ്, ബാസ്യൗൻ, ഗർഭിയ ഗവർണറേറ്റ് എന്നിവിടങ്ങളിൽ മാത്രം വിതരണം ചെയ്തത്. നിരവധി കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവും നൽകിവരുന്നുണ്ട്.

2018 ഡിസംബറിൽ ബാസ്യൗൻ ജനറൽ ആശുപത്രിയിലേക്ക് സാമ്പത്തിക സഹായം, വീട് നിർമാണം, കുടിവെള്ള വിതരണം എന്നിവയിലേക്ക് ഭൂമിയും നൽകിയിരുന്നു. കഴിഞ്ഞ നവംബർ13ന് കോവിഡ് പോസിറ്റീവായതിനെതുടർന്ന് സലാഹിന് ചില മത്സരങ്ങൾ നഷ്ടമായിരുന്നു.

അതേസമയം സിലിണ്ടർ ലഭ്യതക്കുറവ് കാരണം ആശുപത്രിയിൽ രോഗികൾ മരിച്ചിട്ടില്ലെന്നും വാർത്ത വ്യാജമാണെന്നും ഈജിപ്ത് ആരോഗ്യ മന്ത്രി ഹലാ സയാദ് പറഞ്ഞു. രാജ്യത്ത് ഇതുവരെ 144,583 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 7,918 പേരാണ് മരിച്ചത്.

Tags:    
News Summary - Mohamed Salah donates oxygen tank to help COVID-19 patients at hometown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.