ജപ്പാനിലെ ഏറ്റവും പവിത്രമായ ഷിന്റോ ദേവാലയം 20 വർഷത്തിലൊരിക്കൽ പുനർനിർമിക്കപ്പെടുന്ന രീതിയുണ്ട്. പക്ഷേ അത് എല്ലാ ഷിന്റോ ദേവാലയങ്ങൾക്കും ബാധകമല്ല. ജപ്പാനിലെ ഇസെ ഗ്രാൻഡ് ശ്രൈൻ ആണ് ഓരോ 20 വർഷത്തിലും പുനർനിർമിക്കുന്നത്. ഇതിനെ 'ഷിക്കിനെൻ സെൻഗു' എന്ന് വിളിക്കുന്നു. 20 വർഷത്തിലൊരിക്കൽ ഈ ദേവാലയങ്ങൾ പുനർനിർമിക്കുന്നതിന് പല കാരണങ്ങളുണ്ട്.
ജാപ്പനീസ് ആൽപ്‌സ് പർവതനിരകളുടെ ഉൾക്കാടുകളിൽ ആചാരപരമായ വെളുത്ത വസ്ത്രം ധരിച്ച വനവാസികൾ രണ്ട് പുരാതന സൈപ്രസ് മരങ്ങൾ വെട്ടിമാറ്റുന്നു. 300 വർഷം പഴക്കമുള്ള മരങ്ങളിൽ ഒന്ന് കടപുഴകി വീഴുന്നു. ജപ്പാനിലെ ഏറ്റവും ആദരണീയമായ ഷിന്റോ ദേവാലയമായ ഇസെ സെൻഗുവിൽ കഴിഞ്ഞ 1,300 വർഷമായി ഓരോ രണ്ട് പതിറ്റാണ്ടിലും നടന്നുകൊണ്ടിരിക്കുന്ന ശ്രദ്ധേയമായ ഒരു പ്രക്രിയയുടെ ഭാഗമാണ് ഈ പുണ്യ തടിയുടെ ആചാരപരമായ വിളവെടുപ്പ്.
ജാപ്പനീസ് ദേവതയായ അമതെരാസു ഒമികാമയെ ആരാധിക്കുന്ന ദേവാലയമാണ് ഇസെ ഗ്രാൻഡ് ശ്രൈൻ. ഈ ദേവാലയത്തിന് രണ്ട് പ്രധാന ഭാഗങ്ങളുണ്ട്. അമതെരാസുവിനെ പ്രതിഷ്ഠിച്ചിരിക്കുന്ന നൈകു, ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും ദേവനായ തൊയോയുക്കെ ഒമികാമിയുടെ പ്രതിഷ്ഠയായ ഗെകു എന്നിവയാണ് പ്രധാന ഭാഗങ്ങൾ. അവസാനമായി പുനർനിർമ്മാണം നടന്നത് 2013ലാണ്. അടുത്ത പുനർനിർമാണം 2033ൽ നടക്കും. ഓരോ പുനർനിർമാണത്തിനും വലിയ ചെലവ് വരും. കൂടാതെ ഇതിന് ഏകദേശം എട്ട് വർഷത്തോളം സമയമെടുക്കാറുണ്ട്. ഈ പുനർനിർമാണത്തിന് ആവശ്യമായ മരങ്ങൾ വളർത്താനായി പ്രത്യേകം വനങ്ങളുണ്ട്. ഈ രീതി ജാപ്പനീസ് സംസ്കാരത്തിലും ഷിന്റോ മതത്തിലും ഒരുപോലെ പ്രാധാന്യമുള്ളതാണ്.
പ്രകൃതിദത്തമായ വസ്തുക്കളാൽ നിർമിച്ച ദേവാലയങ്ങൾ കാലക്രമേണ നശിക്കും. പുനർനിർമാണത്തിലൂടെ ദേവാലയത്തിന്റെ പുതുമയും പരിശുദ്ധിയും നിലനിർത്തുന്നു. മരപ്പണി, മേൽക്കൂര നിർമാണം, മറ്റ് കരകൗശലങ്ങൾ തുടങ്ങിയ പരമ്പരാഗത കഴിവുകൾ അടുത്ത തലമുറയിലേക്ക് കൈമാറാനുള്ള ഒരു മാർഗം കൂടിയാണിത്. ഷിന്റോ വിശ്വാസമനുസരിച്ച് മരണവും പുനർജന്മവും ഒരു പ്രധാന ആശയമാണ്. പുനർനിർമാണം ഈ ആശയത്തെ സൂചിപ്പിക്കുന്നു.
ഇത് 63-ാമത്തെ പുനർനിർമ്മാണ ചക്രമാണ്. ആദ്യത്തേത് 690ലായിരുന്നു. ജിറ്റോ ചക്രവർത്തിയുടെ ഭരണകാലത്ത് രേഖപ്പെടുത്തിയതാണെന്ന് കൊഗക്കാൻ സർവകലാശാലയിലെ പ്രൊഫസർ എമെറിറ്റസും ജാപ്പനീസ് ചരിത്രത്തിലും പുരാവസ്തുശാസ്ത്രത്തിലും വിദഗ്ദ്ധനുമായ നൊബോരു ഒകാഡ പറഞ്ഞു. 125 ആരാധനാലയ കെട്ടിടങ്ങളും പൊളിച്ചുമാറ്റി സമാനമായ ഘടനകൾ, 1,500ലധികം വസ്ത്രങ്ങളും മറ്റ് ആചാരപരമായ വസ്തുക്കളും തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട പുനർനിർമിക്കും. പുനർനിർമാണ ചടങ്ങുകൾ കാണാൻ ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടുന്നു. വർഷത്തിൽ ഏകദേശം ഏഴ് ദശലക്ഷം തീർത്ഥാടകർ ഈ ദേവാലയത്തിൽ ഒത്തുകൂടാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.