റോം: ഗസ്സയിലേക്ക് അവശ്യവസ്തുക്കളുമായി പുറപ്പെട്ട ഗ്ലോബൽ സുമുദ് ഫ്ലോട്ടിലക്ക് (ജി.എസ്.എഫ്) സുരക്ഷയൊരുക്കാൻ മെഡിറ്ററേനിയൻ കടലിൽ നാവിക സേനാ കപ്പലുകളയച്ച് സ്പെയിനും ഇറ്റലിയും. ഇറ്റലി രണ്ടാമത്തെ കപ്പലാണ് അയക്കുന്നത്. യാത്രാമധ്യേ ഫ്ലോട്ടിലക്ക് നേരെ ഇസ്രായേൽ ഡ്രോൺ ആക്രമണം ഉണ്ടായതിനെ തുടർന്ന് ഗ്രീസും സുരക്ഷക്കായി യുദ്ധക്കപ്പൽ അയച്ചിരുന്നു.
ഇറ്റലിയുമായി ചേർന്ന് സ്പാനിഷ് യുദ്ധക്കപ്പലുകളും ജി.എസ്.എഫിന് സംരക്ഷണമൊരുക്കുമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സഞ്ചേസ് വ്യക്തമാക്കി. 45 രാജ്യങ്ങളിൽ നിന്നുള്ളവരാണ് ജി.എസ്.എഫിലുള്ളത്. ഇവർക്ക് മെഡിറ്ററേനിയൻ കടലിലൂടെ സഞ്ചരിക്കാൻ അവകാശമുണ്ടെന്നും ഇസ്രായേൽ അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കണമെന്നും പെഡ്രോ കൂട്ടിച്ചേർത്തു. 51 ചെറുകപ്പലുകൾ അടങ്ങിയതാണ് ജി.എസ്.എഫ്.
തെൽ അവിവ്: ഗസ്സയിൽ മനുഷ്യക്കുരുതി തുടരുന്നതിൽ പ്രതിഷേധിച്ച് ഇസ്രായേലിന് നേരെ ഹൂതി ഡ്രോൺ ആക്രമണം. ബുധനാഴ്ച രാത്രി ഇസ്രായേലിലെ എയ്ലാത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 22 പേർക്ക് പരിക്കേറ്റു.
ഇതിൽ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണെന്നും ഒരാൾക്ക് സാരമുള്ള പരിക്കാണെന്നും ഡോക്ടർമാരെ ഉദ്ധരിച്ച് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞദിവസം റിസോർട്ട് സിറ്റിയിലെ ഹോട്ടലിന് നേരെ ഡ്രോൺ ആക്രമണം നടന്നിരുന്നു.
രണ്ട് അയൺ ഡോം ഇന്റർസെപ്റ്റർ മിസൈലുകൾ തൊടുത്തുവിട്ടുവെങ്കിലും ഡ്രോൺ തടയാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതായി സൈന്യം സമ്മതിച്ചു. അതേസമയം, ആക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയിരുന്നു. വീഴ്ചയെക്കുറിച്ച് ഇസ്രായേലി വ്യോമസേന അന്വേഷണം ആരംഭിച്ചു.
ഗസ്സ: വ്യോമാക്രമണത്തിനൊപ്പം കരയാക്രമണവും ശക്തമാക്കിയ ഇസ്രാേയൽ ഗസ്സയിൽ 24 മണിക്കൂറിനിടെ 83 പേരെ കൂടി വധിച്ചു. 216 പേർക്ക് പരിക്കേറ്റു. ഇതോടെ 2023 ഒക്ടോബറിനു േശഷം ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവർ 65,427ഉം പരിക്കേറ്റവർ 167,376ഉം ആയി.
ഹമാസുമായുള്ള വെടിനിർത്തൽ ഈ വർഷം മാർച്ച് 18ന് അവസാനിച്ച ശേഷം മാത്രം 12,939 പേർ കൊല്ലപ്പെടുകയും 55,335 പേർക്ക് പരിക്കേൽക്കുകയുംചെയ്തു.
ഭക്ഷ്യസഹായത്തിനായി കാത്തുനിൽക്കുന്നവർക്കു നേരെയുണ്ടായ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവർ 2538 ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.