റോം: ഇറ്റാലിയൻ തീരങ്ങളിലേക്ക് എത്തുന്ന കുടിയേറ്റ കപ്പലുകൾക്ക് ‘നാവിക ഉപരോധം’ ഏർപ്പെടുത്താനുള്ള അധികാരം ഉൾപ്പെടെയുള്ള പുതിയ കുടിയേറ്റ ബില്ലിന് അംഗീകാരം നൽകി ഇറ്റലി. അനധികൃത കുടിയേറ്റം തടയാനെന്ന് അവകാശപ്പെട്ടാണ്, മാനുഷികസഹായം എത്തിക്കുന്ന സന്നദ്ധസംഘടനകളെ ഉൾപ്പെടെ ലക്ഷ്യമിട്ടുള്ള ബില്ലിന് പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ സർക്കാർ അംഗീകാരം നൽകിയത്.
ബില്ല് നിയമമാകാൻ പാർലമെന്റിന്റെ ഇരുസഭകളിലും ചർച്ചചെയ്ത് പാസ്സാക്കണം. പുതിയ കുടിയേറ്റ ബില്ലനുസരിച്ച് ഇറ്റലിയുടെ സമുദ്രാതിർത്തിയിലേക്ക് കടക്കാൻ ശ്രമിക്കുന്ന കുടിയേറ്റ കപ്പലുകൾക്ക് നാവിക ഉപരോധം ഏർപ്പെടുത്താൻ കഴിയും.
പദ്ധതി അതിവേഗം നടപ്പാക്കാനാണ് ഇറ്റലിയുടെ പദ്ധതി. അതിർത്തികളിൽ കർശന നിരീക്ഷണവും യൂറോപ്യൻ ഏജൻസികളുമായുള്ള സഹകരണവും ഉൾപ്പെടുന്നതാണിത്. കുടിയേറ്റം സംബന്ധിച്ച യൂറോപ്യൻ യൂനിയന്റെ പുതിയ കരാർ അംഗീകരിച്ചതിന് പിന്നാലെയാണ് ഇറ്റലിയിൽ ബിൽ വരുന്നത്.
തങ്ങളുടെ സമുദ്രാതിർത്തിയിൽ പ്രവേശിക്കുന്ന കുടിയേറ്റ കപ്പൽ ദേശീയ സുരക്ഷക്ക് ഗുരുതര ഭീഷണി ഉയർത്തുമെന്ന് കരുതുന്ന സാഹചര്യങ്ങളിലോ തീവ്രവാദ പ്രവർത്തനങ്ങളുടെയോ നുഴഞ്ഞുകയറ്റത്തിന്റെയോ സാഹചര്യമുണ്ടെന്ന് സംശയിക്കുന്ന സാഹചര്യത്തിലോ 30 ദിവസംവരെ നിരോധം ഏർപ്പെടുത്താൻ കഴിയുമെന്ന് ബില്ലിൽ പറയുന്നുണ്ട്. നിയമം ലംഘിക്കുന്നവർക്ക് 50,000 യൂറോ (59,400 യുഎസ് ഡോളർ) വരെ പിഴ ചുമത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.