1. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 2. പ്രധാനമന്ത്രി നരേന്ദ്ര മോദി
വാഷിങ്ടൺ: ഇന്ത്യയുമായുള്ള വ്യാപാരക്കരാറിനെ ചരിത്രപരമെന്ന് പ്രകീർത്തിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യു.എസുമായി വ്യാപാരക്കരാറുള്ള മറ്റു രാജ്യങ്ങളിലേക്ക് കൽക്കരി കയറ്റുമതി ഗണ്യമായി വർധിപ്പിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ''മാസങ്ങൾക്കകം ജപ്പാൻ, കൊറിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുമായി ഞങ്ങൾ ചരിത്രപരമായ വ്യാപാരക്കരാറുകൾ ഉണ്ടാക്കി. ഞങ്ങളുടെ കൽക്കരി കയറ്റുമതി അങ്ങനെ വർധിപ്പിക്കാൻ കഴിഞ്ഞെന്നും ബുധനാഴ്ച ഒരു പരിപാടിക്കിടെ ട്രംപ് പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് ഇടക്കാല വ്യാപാരക്കരാറിന്റെ ചട്ടക്കൂടിലെത്തിയതായി ഇന്ത്യയും യു.എസും പ്രഖ്യാപിച്ചത്.
അഞ്ചുവർഷത്തിനകം 500 ബില്യൺ യു.എസ് ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് കരാറിലൂടെ ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്. കരാർ അനുസരിച്ച് എല്ലാ യു.എസ് വ്യവസായിക ഉൽപന്നങ്ങൾക്കും വിവിധ ഭക്ഷ്യ, കാർഷിക ഉൽപന്നങ്ങൾക്കും ഇന്ത്യ തീരുവ ഒഴിവാക്കുകയോ കുറക്കുകയോ ചെയ്യും. സമുദ്രോൽപന്നങ്ങൾ, തുണി-വസ്ത്ര വ്യവസായം, വിമാനം, വ്യോമയാന ഘടകങ്ങൾ, ഡിജിറ്റൽ വ്യാപാരം, സാങ്കേതിക വിദ്യകൾ തുടങ്ങി കയറ്റുമതി രംഗത്തെ നിരവധി മേഖലകൾക്ക് വ്യാപാരക്കരാർ കരുത്തായി മാറുമെന്നാണ് കരുതുന്നത്.
അതേസമയം, കൃഷിയടക്കം ഇന്ത്യയുടെ സുപ്രധാന മേഖലകളെല്ലാം യു.എസിന് സമ്പൂർണമായി അടിയറ വെച്ചിരിക്കുകയാണ് ഈ കരാറിലൂടെ ഉണ്ടായിരിക്കുന്നതെന്ന പ്രതിപക്ഷത്തിന്റെ വിമർശനത്തിൽ വലയുകയാണ് കേന്ദ്ര സർക്കാർ.
ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറുമായി ബന്ധപ്പെട്ട് പുറത്തുവിട്ട ഫാക്ട് ഷീറ്റിൽ തിരുത്തൽ വരുത്തി വൈറ്റ് ഹൗസ്. പയർ ഇനങ്ങളുടെയും ഡിജിറ്റൽ സർവിസ് നികുതിയുടെയും പരാമർശങ്ങൾ ഒഴിവാക്കിയും പദപ്രയോഗങ്ങൾ മയപ്പെടുത്തിയുമാണ് തിരുത്തൽ. അമേരിക്കയിൽനിന്ന് 500 ശതകോടി ഡോളറിന്റെ ഉൽപന്നങ്ങൾ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചു എന്നത് വാങ്ങാൻ ‘ഉദ്ദേശിക്കുന്നു’ എന്നാക്കി മാറ്റി. ചില പയർ ഇനങ്ങൾ ഉൾപ്പെടെ അമേരിക്കൻ ഭക്ഷ്യ, കാർഷിക ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ ഇന്ത്യ ഇല്ലാതാക്കുകയോ കുറക്കുകയോ ചെയ്യുമെന്ന വാചകത്തിലെ ‘ചില പയർ ഇനങ്ങൾ’ എന്ന ഭാഗം നീക്കംചെയ്തിട്ടുമുണ്ട്.
അമേരിക്കയിൽനിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യാൻ തീരുമാനിച്ച കാർഷികോൽപന്നങ്ങളുടെ പട്ടികയിൽ ഇപ്പോൾ പയർ ഇനങ്ങൾ ഇല്ല. ഡിജിറ്റൽ സർവിസ് നികുതി ഇന്ത്യ ഒഴിവാക്കുമെന്ന ഫാക്ട് ഷീറ്റിലെ പരാമർശം തിരുത്തി ഡിജിറ്റൽ വ്യാപാരത്തിലെ തടസ്സങ്ങൾ നീക്കംചെയ്ത്, ഇന്ത്യ പുതിയ ഉഭയകക്ഷി ഡിജിറ്റൽ വ്യാപാര ചട്ടങ്ങൾ ചർച്ചചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്ന് പൊതുവായി പറഞ്ഞു. പ്രതിപക്ഷ പാർട്ടികളിൽനിന്നും കർഷക സംഘടനകളിൽനിന്നുമുള്ള ശക്തമായ എതിർപ്പിന്റെ പശ്ചാത്തലത്തിലാണ് ഈ തിരുത്തലുകളെന്നത് ശ്രേദ്ധയം.
ഫെബ്രുവരി ആറിന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ഇല്ലാത്തത് പലതും ഫെബ്രുവരി ഒമ്പതിന് വൈറ്റ് ഹൗസ് പുറത്തിറക്കിയ ഫാക്ട് ഷീറ്റിൽ ഇടംപിടിച്ചത് കേന്ദ്രസർക്കാറിനെതിരെ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഫാക്ട് ഷീറ്റിൽ തിരുത്തൽ വരുത്തിയെങ്കിലും തിരുത്തിയതിന്റെ കാരണം സംബന്ധിച്ച് അമേരിക്ക വിശദീകരണം നൽകിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.