ഒന്നരമാസമായിട്ടും ഒരു ബന്ദിയെ പോലും കണ്ടെത്തിയില്ല, ഒടുവിൽ വെടിനിർത്തലിന് കീഴടങ്ങി നെതന്യാഹു

തെൽഅവീവ്: ഗസ്സക്കെതിരായ യുദ്ധവും നരവേട്ടയും ഒന്നര മാസം പിന്നിട്ടിട്ടും ഹമാസ് ബന്ദികളാക്കിയ 240ഓളം പേരിൽ ഒരാളെ പോലും കണ്ടെത്താനോ മോചിപ്പിക്കാനോ സാധിക്കാതെ നാണം കെട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു. ബന്ദികളുടെ ബന്ധുക്കളിൽനിന്നും പൊതുജനങ്ങളിൽ നിന്നുമുള്ള സമ്മർദം ​ശക്തമായതോച്‍യാണ് ഒടുവിൽ 50 ബന്ദികളെയെങ്കിലും മോചിപ്പിച്ച് മുഖം രക്ഷിക്കാൻ ഹമാസുമായി താൽക്കാലിക വെടിനിർത്തൽ ഉടമ്പടിക്ക് ഇസ്രായേൽ ഗവൺമെന്റിന് വഴങ്ങേണ്ടി വന്നത്.

ഹമാസ് ബന്ദികളാക്കിയ തങ്ങളുടെ പ്രിയപ്പെട്ടവരെ തിരികെ കൊണ്ടുവരുന്നത് പവിത്രവും പരമോന്നതവുമായ ദൗത്യമാണെന്ന് നെതന്യാഹു പറഞ്ഞു. ഹമാസുമായുള്ള വെടിനിർത്തൽ കരാർ മന്ത്രിസഭ അംഗീകരിച്ച ശേഷം ഇസ്രായേലിനെ അഭിമുഖീകരിക്കുകയായിരുന്നു നെതന്യാഹു. എന്നാൽ, ഗസ്സയ്‌ക്കെതിരായ യുദ്ധം അവസാനിപ്പിക്കാൻ തനിക്ക് ഉദ്ദേശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഹമാസിനെ ഉന്മൂലനം ചെയ്യുക, ബന്ദികളാക്കിയവരെയെല്ലാം തിരികെ എത്തിക്കുക, ഗസ്സ ഇനി ഇസ്രായേലിനെ ഭീഷണിപ്പെടുത്തില്ലെന്ന് ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കുന്നത് വരെ ഇസ്രായേൽ യുദ്ധം നിർത്തില്ല’ -നെതന്യാഹു പറഞ്ഞു.

ബന്ദികളാക്കിയവരെയെല്ലാം നാട്ടിലേക്ക് തിരികെ കൊണ്ടുവരാൻ തങ്ങൾ ബാധ്യസ്ഥരാണെന്ന് ഇസ്രായേൽ സർക്കാർ വ്യക്തമാക്കി. “ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള ആദ്യ ഘട്ട രൂപരേഖ സർക്കാർ അംഗീകരിച്ചു. അതനുസരിച്ച് സ്ത്രീകളും കുട്ടികളുമടങ്ങിയ 50 ബന്ദികളെ നാല് ദിവസത്തിനുള്ളിൽ മോചിപ്പിക്കും. ഈ സമയത്ത് പോരാട്ടം താൽക്കാലികമായി നിർത്തും. ഓരോ 10 ബന്ദികളെയും വിട്ടയയ്ക്കുന്നതിനനുസരിച്ച് ഒരു ദിവസം അധികം വെടിനിർത്തൽ നടപ്പാക്കും’ -സർക്കാർ വ്യക്തമാക്കി.

വെടിനിർത്തൽ കരാറിലെ പ്രധാന വ്യവസ്ഥകൾ:

ഇസ്രായേലി ജയിലുകളിൽ കഴിയുന്ന 19 വയസ്സിന് താഴെയുള്ള 150 ഫലസ്തീനി കുട്ടികളെയും സ്ത്രീകളെയും മോചിപ്പിക്കും

ബന്ദികളായ 50 19 വയസ്സിന് താഴെയുള്ള ഇസ്രായേലി കുട്ടികളെയും യുവതികളെയും മോചിപ്പിക്കും

ഗസ്സ മുനമ്പിലെ എല്ലാ മേഖലകളിലും ഇസ്രായേൽ സൈനിക നടപടികൾ അവസാനിപ്പിക്കും. സൈനിക വാഹനങ്ങളുടെ സഞ്ചാരം ഉൾപ്പെടെ നിർത്തിവെക്കും

മെഡിക്കൽ, ഇന്ധന, ഭക്ഷണ വിതരണത്തിനായി നൂറുകണക്കിന് ട്രക്കുകൾ ഗസ്സയിലേക്ക് കടത്തിവിടും

തെക്കൻ ഗസ്സയിൽ നാല് ദിവസം ഡ്രോണുകൾ അയക്കില്ല.

വടക്കൻ ഗസ്സയിൽ പ്രാദേശിക സമയം രാവിലെ 10 നും വൈകുന്നേരം 4 നും ഇടയിൽ പ്രതിദിനം ആറ് മണിക്കൂർ ഡ്രോൺ പറത്തില്ല

വെടിനിർത്തൽ കാലയളവിൽ ഗാസ മുനമ്പിൽ ഇസ്രായേൽ ആരെയും ആക്രമിക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യില്ല

സലാഹുദ്ദീൻ സ്ട്രീറ്റിലൂടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കും.

Tags:    
News Summary - Israel’s approval of Gaza deal comes amid continued pressure on Netanyahu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.