തെൽ അവിവ്: 2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ഇസ്രായേൽ പ്രതിരോധ സേനാ മേധാവി ഹെർസി ഹലേവി രാജി പ്രഖ്യാപിച്ചു. ഇദ്ദേഹത്തോടൊപ്പം സൈന്യത്തിന്റെ ദക്ഷിണ കമാൻഡ് മേധാവി യാരോൺ ഫിൻകെൽമാനും രാജി പ്രഖ്യാപിച്ചിട്ടുണ്ട്.
മാർച്ച് ആറിന് താൻ ഇസ്രായേൽ പ്രതിരോധ സൈന്യത്തിന്റെ ചുമതലയൊഴിയുമെന്ന് കാണിച്ച് ഹെർസി ഹലേവി പ്രതിരോധ മന്ത്രി ഇസ്രായേൽ കാർട്സിന് കത്ത് നൽകി. യാരോൺ ഫിൻകെൽമാനും പ്രതിരോധ മന്ത്രിക്ക് കത്ത് നൽകിയെങ്കിലും സ്ഥാനമൊഴിയുന്ന തിയതി പ്രഖ്യാപിച്ചിട്ടില്ല.
ഹമാസ് ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ ഗസ്സക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് 15 മാസവും, വെടിനിർത്തൽ പ്രഖ്യാപിച്ച് രണ്ട് ദിവസവും പിന്നിടുമ്പോഴാണ് സൈനിക മേധാവിയുടെ രാജി. വെടിനിർത്തലിന്റെ ആദ്യഘട്ടം പൂർത്തിയാകുന്നതിന് പിന്നാലെയാകും ഹലേവിയുടെ രാജി.
ഗസ്സയിൽ വെടിനിർത്തൽ നിലവിൽ വന്നെങ്കിലും അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ കടുത്ത ആക്രമണം തുടരുകയാണ് ഇസ്രായേൽ. വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണത്തിൽ ആറു ഫലസ്തീനികൾ കൊല്ലപ്പെട്ടു. 35 പേർക്ക് പരിക്കേറ്റു. അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ഇസ്രായേൽ കുടിയേറ്റക്കാരും വ്യാപക ആക്രമണം നടത്തുന്നതായി ഫലസ്തീനികൾ പരാതിപ്പെട്ടു.
അതേസമയം, വെടിനിർത്തലിന്റെ മൂന്നാംദിവസവും ഗസ്സയിലേക്ക് സഹായങ്ങൾ എത്തുന്നുെണ്ടങ്കിലും വളരെ കുറവാണെന്ന് റിപ്പോർട്ടുണ്ട്. 915 ട്രക്കുകളിൽ അവശ്യവസ്തുക്കൾ ഉൾപ്പെടെ എത്തിയിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭ ഡെപ്യൂട്ടി വക്താവ് ഫർഹാൻ അഖ്തർ പറഞ്ഞു. ഗസ്സയിലെ 20 ലക്ഷംപേർക്ക് ഇതുമാത്രമാണ് ആശ്രയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗസ്സയിലെ ആശുപത്രികളിൽ കിടക്കകൾ വർധിപ്പിക്കാനും കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയോഗിക്കാനും ലോകാരോഗ്യ സംഘടന 60 ദിവസത്തെ പദ്ധതി ആവിഷ്കരിച്ചു. 25 ട്രക്കുകളിൽ എണ്ണ എത്തിച്ചുവെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അൽ അൻസാരി പറഞ്ഞു.
വെടിനിർത്തൽ കരാറിന്റെ ഭാഗമായി ശനിയാഴ്ച ഹമാസ് നാല് വനിത ബന്ദികളെയും ഇസ്രായേൽ ഫലസ്തീൻ തടവുകാരെയും മോചിപ്പിക്കും. ആറാഴ്ചക്കിടെ ഘട്ടംഘട്ടമായി 1890 ഫലസ്തീൻ തടവുകാർക്ക് പകരം ഹമാസ് 33 ബന്ദികളെ വിട്ടയക്കും. അതേസമയം, ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും വിശദ കണക്കുകൾ ഗസ്സ സർക്കാറിന്റെ മാധ്യമ വിഭാഗം പുറത്തുവിട്ടു. 2092 കുടുംബങ്ങളാണ് കൊല്ലപ്പെട്ടത്. ഇവരിൽ 214 പേർ നവജാത ശിശുക്കളാണ്. പോഷകാഹാരം ലഭിക്കാതെ 44 കുഞ്ഞുങ്ങൾ മരിച്ചു. ഗസ്സയുടെ 88 ശതമാനവും തകർന്നു. പ്രാഥമിക കണക്കുകൾപ്രകാരം 38 ബില്യൺ ഡോളറാണ് നാശനഷ്ടം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.