ടെൽ അവീവ്: ഗസ്സയിലേക്കുള്ള വൈദ്യുതി വിതരണം നിർത്തുമെന്ന് അറിയിച്ച് ഇസ്രായേൽ. വൈദ്യുതി, പെട്രോളിയം ഉൽപന്നങ്ങൾ, മറ്റ് സാധനങ്ങൾ എന്നിവയുടെ വിതരണം നിർത്തുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് അറിയിച്ചത്. നെതന്യാഹുവിന്റെ ഓഫീസിനെ ഉദ്ധരിച്ച് ബി.ബി.സിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ശനിയാഴ്ച തന്നെ ഗസയിലേക്കുള്ള വൈദ്യുതി ഇസ്രായേൽ വിച്ഛേദിച്ചതായാണ് വിവരം. ഇതോടെ ഗസ്സ ഇരുട്ടിലായതായും റിപ്പോർട്ടുകളുണ്ട്. ഫലസ്തീൻ ചെറുത്തുനിൽപ് സംഘടന ‘ഹമാസ്’ അധിനിവിഷ്ട ഗസ്സയിൽനിന്ന് കര, വ്യോമ, കടൽ മാർഗങ്ങളിലൂടെ ഇസ്രായേലിൽ കടന്നുകയറി ശനിയാഴ്ച നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ 250ഓളം പേർ കൊല്ലപ്പെടുകയും 1500 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മിന്നലാക്രമണത്തിൽ ഞെട്ടിയ ഇസ്രായേൽ യുദ്ധം പ്രഖ്യാപിച്ച് വ്യോമാക്രമണത്തിലൂടെ തിരിച്ചടി തുടങ്ങി. ഇസ്രായേൽ ആക്രമണത്തിൽ 232ഓളം പേർ കൊല്ലപ്പെട്ടു. 1610 പേർക്ക് പരിക്കുണ്ട്. മരണസംഖ്യ ഉയരുകയാണ്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച, ജൂത വിശേഷ ആചരണമായ ‘സൂക്കോത്തി’ന്റെ പേരിൽ എണ്ണൂറോളം ഇസ്രായേലി കുടിയേറ്റക്കാരും ജൂത പുരോഹിതരും കിഴക്കൻ ജറൂസലമിലെ അൽ അഖ്സ പള്ളിയിലേക്ക് ഇരച്ചുകയറി കുത്തിയിരിക്കുകയും ഇസ്രായേൽ സൈന്യം ഫലസ്തീനികൾക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തതോടെ ഫലസ്തീനിൽ പ്രക്ഷുബ്ധാവസ്ഥ നിലനിൽക്കുകയായിരുന്നു. അതിനിടെയാണ് കരയും കടലും ആകാശവും വഴി ഇസ്രായേൽ അതിർത്തികൾ ഭേദിച്ച് ഹമാസിന്റെ സായുധവിഭാഗമായ ഖസ്സാം ബ്രിഗേഡിന്റെ ഭടന്മാർ ഇസ്രായേലിലേക്ക് ഇരച്ചുകയറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.