ഗസ്സ: ഗസ്സയിലേക്ക് സഹായ വസ്തുക്കളുമായി വരുന്ന മുഴുവൻ ട്രക്കുകളും ഈജിപ്ത് അതിർത്തിയിൽ തടഞ്ഞുള്ള ഇസ്രായേൽ ഉപരോധം രണ്ടാഴ്ചയാകുന്നു. ട്രക്കുകളുടെ നീണ്ടനിര അതിർത്തിയിൽ കാത്തുകെട്ടിക്കിടക്കുകയാണ്. റഫ, കരീം അബുസാലിം അതിർത്തികളിലൂടെ എത്തിയിരുന്ന സഹായവസ്തുക്കളാണ് ഗസ്സക്കാർ അതിജീവനത്തിന് ഉപയോഗിച്ചിരുന്നത്. ഇത് അടച്ചതോടെ ഭക്ഷണം, മരുന്ന്, വെള്ളം എന്നിവക്ക് ക്ഷാമമുണ്ട്. 80 ശതമാനം പേർ ഭക്ഷണത്തിനും 90 ശതമാനം പേർ വെള്ളത്തിനും ക്ഷാമം നേരിടുന്നു. കരുതൽ ശേഖരം ഉപയോഗിച്ച് പരിമിത തോതിൽ പ്രവർത്തിക്കുന്ന പൊതുഭക്ഷണ വിതരണ കേന്ദ്രം ദിവസങ്ങൾക്കകം പൂട്ടേണ്ടി വരും.
ഗസ്സക്ക് സഹായം തടഞ്ഞാൽ ഇസ്രായേൽ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തുമെന്ന് യമനിലെ ഹൂതികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, ഗസ്സയിലെ ബൈത് ലാഹിയയിൽ രണ്ടു കുട്ടികളെ ആക്രമണത്തിലൂടെ കൊലപ്പെടുത്തുകയും ചെയ്തു. അഭയാർഥിത്വം, സൈനിക നീക്കം, മറ്റു നിയന്ത്രണങ്ങൾ എന്നിവ കാരണം അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും പട്ടിണി വർധിക്കുകയാണ്. ഇസ്രായേലി അനധികൃത കുടിയേറ്റക്കാർ ഒരു ഫലസ്തീൻ ഗ്രാമത്തിൽ കൂടി അക്രമം നടത്തുകയും വീടുകൾ കത്തിക്കുകയും ചെയ്തു. നബ്ലുസിലെ ഖിർബത് അൽ മറാജിം ഗ്രാമത്തിലാണ് അതിക്രമം നടത്തിയത്. അതിനിടെ ഇസ്രായേലി അമേരിക്കൻ സൈനികൻ ഇദാൻ അലക്സാണ്ടറിനെ മോചിപ്പിക്കാൻ വെള്ളിയാഴ്ച ഹമാസ് സമ്മതിച്ചു. നാല് ബന്ദികളുടെ മൃതദേഹവും വിട്ടുനൽകും.
ന്യൂയോർക്: ഫലസ്തീനികളെ ആഫ്രിക്കയിലേക്ക് മാറ്റിപ്പാർപ്പിക്കാൻ യു.എസ്, ഇസ്രായേൽ ഗൂഢാലോചനയെന്ന് സൂചന. ഫലസ്തീനികളെ മാറ്റിപ്പാർപ്പിക്കാൻ യു.എസ്, ഇസ്രായേൽ അധികൃതർ സോമാലിയ, സുഡാൻ അധികൃതരെ ബന്ധപ്പെട്ടതായി അസോസിയേറ്റഡ് പ്രസ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. സുഡാൻ നിർദേശം തള്ളിയതായും റിപ്പോർട്ടിൽ പറയുന്നു. സോമാലിയ, സോമാലി ലാൻഡ് അധികൃതരുടെ വിശദീകരണം ലഭ്യമായിട്ടില്ല.
ഫലസ്തീനികളെ പുറന്തള്ളി ഗസ്സ ഏറ്റെടുത്ത് വിനോദസഞ്ചാര കേന്ദ്രമാക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച് ഒരുമാസമാകുമ്പോഴാണ് പുതിയ സംഭവവികാസം. സ്വന്തം മണ്ണ് വിട്ട് എങ്ങോട്ടും പോകില്ലെന്ന് ഫലസ്തീനി സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്. അറബ് രാഷ്ട്രങ്ങളും ട്രംപിന്റെ നിർദേശം തള്ളി രംഗത്തെത്തിയിരുന്നു. നേരത്തേ ഫലസ്തീനികളെ ജോർഡനിലേക്കും ഈജിപ്തിലേക്കും മാറ്റിപ്പാർപ്പിക്കാൻ യു.എസും ഇസ്രായേലും ചേർന്ന് പദ്ധതി തയാറാക്കിയതായി റിപ്പോർട്ടുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.