ഗസ്സ സിറ്റി / വാഷിങ്ടൺ: ഇസ്രായേൽ മനുഷ്യക്കുരുതി തുടരുന്ന ഗസ്സയുടെ വടക്കൻ ഭാഗത്ത് ദിവസവും നാലു മണിക്കൂർ വെടിനിർത്താൻ തീരുമാനം. ഇക്കാര്യം ഇസ്രായേൽ അംഗീകരിച്ചതായി വൈറ്റ് ഹൗസ് ആണ് അറിയിച്ചത്. വടക്കൻ ഗസ്സയിൽ നിന്ന് ഫലസ്തീനികൾക്ക് പലായനം ചെയ്യാൻ അനുവദിക്കുന്നതിനായാണ് വെടിനിർത്തൽ.
വടക്കൻ ഗസ്സയിൽ നിന്ന് ആളുകൾക്ക് പലായനം ചെയ്യാൻ രണ്ട് മാനുഷിക ഇടനാഴികൾ ഉണ്ടാക്കുമെന്നും ഈ പ്രദേശങ്ങളിൽ സൈനിക നടപടികൾ ഉണ്ടാകില്ലെന്നും അമേരിക്കൻ ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി വ്യക്തമാക്കി. ശരിയായ ദിശയിലേക്കുള്ള ചുവടുവെപ്പാണിതെന്നും ജോൺ കിർബി പറഞ്ഞു.
തെക്കൻ മേഖലയിലേക്ക് ഒഴിഞ്ഞുപോകാൻ നാലു മണിക്കൂർകൂടി അധിക സമയം അനുവദിച്ചതായി ഇസ്രായേൽ അറിയിപ്പ് ലഭിച്ചതിനു പിന്നാലെ വടക്കൻ ഗസ്സയിൽനിന്ന് സലാഹുദ്ദീൻ റോഡുവഴി വൻ ജനപ്രവാഹമാണ്. കഴിഞ്ഞ ദിവസവും ഇതുപോലെ നൽകിയ ചെറിയ ഇടവേളയിൽ അമ്പതിനായിരത്തോളം പേരാണ് തെക്കൻ ഗസ്സയിലേക്ക് ഒഴുകിയത്. അതിനിടെ, തെക്കൻ മേഖലയിൽ അഭയകേന്ദ്രം ലഭിക്കാതെ 30,000 പേർ വടക്കൻ ഗസ്സയിലേക്കു തന്നെ തിരിച്ചുവന്നതായി യു.എൻ ഏജൻസി പറയുന്നു.
ഗസ്സയിൽ ഇതുവരെ 10,569 പേരാണ് ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.. ഇതിൽ 4300 കുട്ടികളാണ്.
അറബ് രാഷ്ട്രീയ നേതാവും മുൻ ഇസ്രായേലി പാർലമെന്റ് അംഗവുമായ മുഹമ്മദ് ബറാഖെയെ ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തു. യുദ്ധത്തിനെതിരെ പ്രതിഷേധം ആസൂത്രണം ചെയ്തെന്ന് ആരോപിച്ച് നസ്റത്തിൽ നിന്നാണ് ബറാഖെയെ അറസ്റ്റ് ചെയ്തത്. യുദ്ധവിരുദ്ധ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാൻ പോകുമ്പോഴാണ് നടപടി. ഇസ്രായേലിലെ അറബ് പൗരന്മാരുടെ ഉന്നത സമതിയുടെ തലവനാണ് മുഹമ്മദ് ബറാഖെ.
ജെനിൻ അഭയാർഥി ക്യാമ്പിലെ വീടുകളിൽ ഇസ്രായേൽ സേന നടത്തിയ ഡ്രോൺ ബോംബിങ്ങിലും വെടിവെപ്പിലുമായി 11 ഫലസ്തീനികൾ കൊല്ലപ്പെട്ടു. 16 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബോംബിങ്ങിനുശേഷം വീടുവീടാന്തരം കയറിയിറങ്ങിയ സേന, യുവാക്കളെ പിടിച്ചുകൊണ്ടുപോകുന്നതായി ഫലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
നിരവധി ഇസ്രായേലി സൈനിക സന്നാഹങ്ങൾ തകർത്തതായി ഹമാസ് സൈനിക വിഭാഗമായ അൽ ഖസ്സാം അവകാശപ്പെട്ടു. അൽ ഷാത്തി ക്യാമ്പിൽ ഒരു ടാങ്ക്, മൂന്ന് സൈനിക വാഹനങ്ങൾ, ബുൾഡോസർ എന്നിവയും ഗസ്സ സിറ്റിയിലെ ശൈഖ് റദ്വാനിലും അൽ തവാമിലും ഓരോ ടാങ്കുകളും തകർത്തുവെന്നും ഖസ്സാം വിഭാഗം കൂട്ടിച്ചേർത്തു.
ഇസ്രായേൽ ഗസ്സയിൽ യുദ്ധക്കുറ്റം ചെയ്തതായി ചൂണ്ടിക്കാട്ടി മൂന്നു ഫലസ്തീൻ സംഘടനകൾ അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.സി)യിൽ പരാതി നൽകി. ഇക്കാര്യത്തിൽ വംശഹത്യ, വർണവിവേചനം എന്നീ കുറ്റങ്ങൾ ഉൾപ്പെടുത്തി അന്വേഷണം നടത്തണമെന്നും ഉന്നത ഇസ്രായേൽ നേതൃത്വത്തിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.
ഗസ്സ സിറ്റിയിൽ ടാങ്ക് വേധ റോക്കറ്റുകളും മോർട്ടാറുകളും ഉപയോഗിച്ചാണ് ഹമാസ് ഇസ്രായേൽ സേനയെ നേരിടുന്നതെന്നും കൂടുതൽ ആധുനിക ആയുധങ്ങൾ അവർ കരുതിവെച്ചിരിക്കുകയാണെന്നും നിരീക്ഷകർ. ‘‘മിന്നലാക്രമണം നടത്തി രക്ഷപ്പെടുകയെന്ന തന്ത്രമാണ് ഇപ്പോൾ ഹമാസ് സ്വീകരിച്ചിരിക്കുന്നത്. ആധുനിക ആയുധങ്ങളും തന്ത്രങ്ങളും ദീർഘകാല യുദ്ധത്തിനായി അവർ കരുതിവെച്ചിരിക്കുകയാണ്’’ -വാഷിങ്ടണിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ സ്റ്റഡി ഓഫ് വാർ (ഐ.എസ്.ഡബ്ല്യു) പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.