തെൽഅവീവ്: ജുഡീഷ്യറിയെ മറികടക്കാനുള്ള ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ നീക്കത്തിനെതിരെ രാജ്യത്തുടനീളം കടുത്ത പ്രതിഷേധം തുടരുന്നു. സകല മേഖലയിലുള്ള ആളുകളും തെരുവിൽ പ്രതിഷേധത്തിലാണ്. ഇസ്രായേൽ രാജ്യം സ്ഥാപിതമായ അന്നുതൊട്ട് ഇസ്രായേൽ സൈന്യത്തെ സഹായം നൽകുന്ന റിസർവിസ്റ്റുകളും പണിമുടക്കിലാണ്. സൈനിക ആവശ്യങ്ങൾക്കായി 465,000 റിസർവിസ്റ്റുകളെയാണ് സർക്കാർ ആശ്രയിക്കുന്നത്. വർഷത്തിൽ 60 ദിവസത്തെ സേവനത്തിനായി അവരെ വിളിക്കാം.
ഇതുപോലെ ജോലി ചെയ്യാൻ തയാറാകാത്ത ഒരു ദിനം തന്റെ ജീവിതത്തിലുണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്ന് ഇസ്രായേൽ ആർട്ടിലറി സ്പെഷ്യൽ ഫോഴ്സിലെ റിസർവ് ലെഫ്. കേണലായിരുന്ന 46 കാരൻ സുർ അലോൺ പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷക്കായി ജീവിതത്തിന്റെ അനേക വർഷങ്ങളാണ് ഞാൻ നൽകിയത്. -അദ്ദേഹം പറഞ്ഞു.
ഗസ്സ മുനമ്പിലെ ആക്രമണം, രണ്ടാം ലെബനൻ യുദ്ധം തുടങ്ങിയ വിഷയങ്ങളിൽ പൈലറ്റുമാരെപ്പോലുള്ള നിർണായക പ്രാധാന്യമുള്ള യൂണിറ്റുകളിൽ നിന്നുള്ള ഗ്രൂപ്പുകൾ മുമ്പ് സേവനമനുഷ്ഠിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോഴത്തെപോലൊരു പണിമുടക്ക് ചരിത്രത്തിൽ ആദ്യമാണ്.
ഡിസംബറിൽ അധികാരമേറ്റതിന് പിന്നാലെയാണ് നെതന്യാഹു ജുഡീഷ്യറിയിൽ മാറ്റങ്ങൾ വരുത്താനുള്ള നീക്കം തുടങ്ങിയത്. അന്നുമുതൽ പ്രതിഷേധം അലയടിക്കുകയാണ്. തിങ്കളാഴ്ച നെസറ്റിൽ പാസാക്കിയ ജുഡീഷ്യൽ പരിഷ്‍കരണ ബില്ലിനെതിരായ പൊതുതാൽപര്യ ഹരജിയിൽ 10,000 റിസർവിസ്റ്റുകൾ ഒപ്പുവെച്ചിരുന്നു.
പ്രതിഷേധങ്ങളൊന്നും കണക്കിലെടുക്കാതെ സർക്കാർ പരിഷ്‍കരണ നടപടികളുമായി മുന്നോട്ടു പോകുമ്പോൾ കൂടുതൽ കടുത്ത നടപടികളെ കുറിച്ച് ആലോചിക്കേണ്ടിയിരിക്കുന്നുവെനാനണ് റിസർവിസ്റ്റ് മേജർ ജനറൽ യായിർ ഗോലൻ പറയുന്നത്. ജുഡീഷ്യറിയുടെ അധികാരം പരിമിതപ്പെടുത്താനുള്ള നീക്കത്തിനെതിരെ ജയിൽ ശിക്ഷയനുഭവിക്കാനടക്കം റിസർവിസ്റ്റുകൾ തയാറാണ്. ജനാധിപത്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണീ പ്രതിഷേധമെന്നാണ് അവർ പറയുന്നത്.
സ്ഥാപിതമായതു തൊട്ട് നിരവധി യുദ്ധങ്ങളിൽ ഈ റിസർവിസ്റ്റുകൾ സർക്കാരിനെ പിന്തുണച്ച് സേവനം നൽകിയിരുന്നു. 15 മാസത്തിലേറെയായി അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ ഫലസ്തീനികൾക്കെതിരായ സൈന്യത്തിന്റെ റെയ്ഡിലും ഭാഗവാക്കായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.