ഇസ്രായേലിൽ നെതന്യാഹു പ്രധാനമന്ത്രി പദത്തിലേക്ക്; ഭൂരിപക്ഷം ഉറപ്പാക്കി ലിക്കുഡ് പാർട്ടി

തെൽഅവീവ്: ഇസ്രായേലിൽ മുൻ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വീണ്ടും അധികാരത്തിലെത്തുമെന്ന് ഏതാണ്ട് ഉറപ്പായി. പാർലമെന്റ് തെരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടുകളിൽ 84 ശതമാനം എണ്ണിക്കഴിഞ്ഞപ്പോൾ 120 സീറ്റുകളിൽ 65ലും നെതന്യാഹുവിന്റെ വലതുപക്ഷ പാർട്ടിയായ ലിക്കുഡ് പാർട്ടി ഭൂരിപക്ഷം ഉറപ്പാക്കിക്കഴിഞ്ഞു.

എന്നിരുന്നാലും, തീവ്ര ദേശീയ മത സയണിസം പാർട്ടിയുടെ പിന്തുണയെ ആശ്രയിച്ചിരിക്കും നെതന്യാഹുവിന്റെ അന്തിമ വിജയമെന്നാണ് റിപ്പോർട്ടുകൾ. നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി, റിലീജ്യസ് സയണിസം/ജൂയിഷ് പവർ, ഷാസ്, യുനൈറ്റഡ് തോറ ജൂഡായിസം എന്നിവ ഉൾപ്പെട്ട സഖ്യമാണ് മുന്നേറ്റം നടത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന എക്സിറ്റ് പോളുകളിലെല്ലാം നെതന്യാഹുവിന്റെ നാടകീയ തിരിച്ചുവരവ് പ്രവചിച്ചിരുന്നു. 40,81,243 വോട്ടുകളാണ് ഇതുവരെ എണ്ണിത്തീർന്നത്. 24,201 വോട്ടുകൾ അസാധുവായി.

നിലവിലെ വോട്ടുനില അനുസരിച്ച് നെതന്യാഹു സഖ്യം 65 സീറ്റുകൾ വരെ നേടുമെന്നാണ് ടൈംസ് ഓഫ് ഇസ്രായേൽ ന്യൂസ് പേപ്പർ റിപ്പോർട്ട് ചെയ്യുന്നത്. 'ഇസ്രായേൽ ജനതയിൽനിന്ന് വിശ്വാസത്തിന്‍റെ വോട്ടുകളാണ് ഞങ്ങൾ നേടിയത്. മികച്ച വിജയത്തിന്‍റെ വക്കിലാണ് ഞങ്ങൾ. സ്ഥിരതയുള്ള സർക്കാർ രൂപവത്കരിക്കും' -നെതന്യാഹു പറഞ്ഞു. സുസ്ഥിരമായ ഭരണവും സുരക്ഷയും നയതന്ത്രജ്ഞാനവുമാണ് ജനങ്ങൾക്കാവശ്യമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.

സെനറ്റിലെ 120 സീറ്റുകളിൽ 61-62 സീറ്റുകൾ നേടി നെതന്യാഹുവിന്‍റെ പാർട്ടിക്ക് തിരിച്ചുവരാനാകുമെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. അഴിമതിക്കേസിൽ വിചാരണ നേരിടുന്ന നെതന്യാഹു 18 മാസം മുമ്പാണ് രാജിവെച്ചത്. തുടർച്ചയായി 12 വർഷക്കാലം ഭരണം നടത്തിയ നെതന്യാഹു ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദത്തിലിരുന്ന വ്യക്തിയാണ്.

അതേസമയം, ഇരുമുന്നണികൾക്കും 120 അംഗ പാർലമെന്റിൽ കൃത്യമായ ഭൂരിപക്ഷമില്ലെങ്കിൽ 2023ൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടി വരും. നാലു വർഷത്തിനിടെ, അഞ്ചാമത്തെ പാർലമെന്റ് തെരഞ്ഞെടുപ്പാണ് ഇസ്രായേലിൽ നടന്നത്. 67 ലക്ഷത്തോളമാണ് വോട്ടർമാർ. യെഷ് ആറ്റിദ് പാർട്ടി നേതാവും നിലവിലെ പ്രധാനമന്ത്രിയുമായ യെർ ലാപിഡും നെതന്യാഹുവും തമ്മിലായിരുന്നു മത്സരം.

നെതന്യാഹുവിന്റെ വിജയം ഏതാണ്ട് ഉറപ്പായതോടെ ലിക്കുഡ് പാർട്ടി ക്യാമ്പുകളിൽ ആഘോഷം തുടങ്ങിയതായും റിപ്പോർട്ടുണ്ട്. എന്നാൽ, അവസാന ഫലം വരുന്നതുവരെ കാത്തിരിക്കുകയാണെന്നും ഒന്നും തീരുമാനിക്കാനായിട്ടില്ലെന്നും പ്രധാനമന്ത്രി യെർ ലാപിഡ് പ്രതികരിച്ചു.

പ്രതിപക്ഷമായ അറബ് ബലദ് പാർട്ടി ആകെ വോട്ടിന്റെ 3.05 ശതമാനം നേടിക്കഴിഞ്ഞു. എക്‌സിറ്റ് പോളുകളിൽ നാല് സീറ്റുകൾ നേടുമെന്ന് പ്രവചിക്കപ്പെട്ട ഇസ്ലാമിസ്റ്റ് റാം പാർട്ടി, നിലവിലെ കണക്കു പ്രകാരം 4.35 ശതമാനവും ഹദാഷ്-താലിന് 3.92 ശതമാനവും വോട്ട് നേടാനായിട്ടുണ്ട്.

Tags:    
News Summary - Israel elections: Netanyahu set for comeback

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.