ഇസ്രയേൽ പ്രതിരോധക്കോട്ട പൊളിച്ച് ഖൈബർ മിസൈൽ; തൊടുത്തത് 40ലേറെ എണ്ണം, 10 കേന്ദ്രങ്ങളിൽ സ്ഫോടനം

തെഹ്റാൻ: യുദ്ധം തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും ശക്തമായ ആക്രമണമാണ് ഇറാൻ ഞായറാഴ്ച നടത്തിയത്. അമേരിക്ക തങ്ങളുടെ ആണവകേന്ദ്രങ്ങൾ ആക്രമിച്ചതോടെ തിരിച്ചടിയുടെ ഗിയർ മാറ്റുകയായിരുന്നു ഇറാൻ.

ഇതുവരെ ഉപയോഗിക്കാത്ത ശക്തമായ ഖൈബർ -4 ബാലിസ്റ്റിക് മിസൈൽ ആക്രമണം തെൽ അവീവ്, ജറുസലേം, ഹൈഫ നഗരങ്ങളെ വിറപ്പിച്ചു. മധ്യ-വടക്കൻ ഇസ്രായേലിൽ നിരന്തരം മുന്നറിയിപ്പ് സൈറൺ മുഴങ്ങി. 40ലേറെ മിസൈലുകളാണ് ഞായറാഴ്ച ഇറാൻ തൊടുത്തത്.


10 കേന്ദ്രങ്ങളിൽ സ്ഫോടനമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. തങ്ങളുടെ ശേഷിയുടെ 30 ശതമാനമേ ഉപയോഗിച്ചിട്ടുള്ളൂ എന്നും ഇസ്രായേലിനെ ഇനിയും സർപ്രൈസുകൾ കാത്തിരിക്കുന്നുണ്ടെന്നും ഇറാന്റെ ഇസ്‍ലാമിക് റെവലൂഷനറി ഗാർഡ് നേതൃത്വം അവകാശപ്പെടുന്നു.

ഖൈബർ-4 മിസൈൽ

•2023 മേയ് 25ന് പരീക്ഷണം നടത്തിയ മിസൈൽ

•2000-4000 കിലോമീറ്റർ ദൂരപരിധി

•1500-1800 കിലോ പോർമുന വഹിക്കാൻ കഴിയും

•ഒന്നിലധികം പോർമുനകൾ വഹിക്കാൻ കഴിയും

•അതിവേഗം, ആക്രമണത്തിൽ കൃത്യത

•ഖുർറംശഹ്ർ എന്നും പേര് (ഇറാൻ•ഇറാഖ് യുദ്ധകാലത്ത് ഖുർറംശഹ്ർ നഗരത്തിൽ നടന്ന പോരാട്ടത്തെ അനുസ്മരിച്ച്)

•ഇസ്രായേലിന്റെ പ്രതിരോധ സംവിധാനങ്ങളെ ഭേദിക്കാൻ കഴിഞ്ഞു

ട്രംപ് ക്യാമ്പിൽ വിള്ളൽ

വാഷിങ്ടൺ: ഇറാന്റെ ആണവകേന്ദ്രങ്ങളെ ആക്രമിക്കാനുള്ള തീരുമാനം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ക്യാമ്പിൽ ഭിന്നത സൃഷ്ടിച്ചു. ട്രംപിന്റെ അടുത്തയാളുകളായ റിപ്പബ്ലിക്കൻ സെനറ്റർമാരും മുതിർന്ന നേതാക്കളും രംഗത്തെത്തി. അമേരിക്ക അനാവശ്യമായി മറ്റു രാജ്യങ്ങളിൽ ഇടപെടില്ലെന്നും ‘അമേരിക്ക ഫസ്റ്റ്’ എന്നതാണ് നയമെന്നുമുള്ള ട്രംപിന്റെ വാഗ്ദാനത്തിന് വിപരീതമാണ് ഇറാനെ ആക്രമിച്ച നടപടിയെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയുടെ താൽപര്യങ്ങൾ നിറവേറ്റാത്ത ഒരു യുദ്ധത്തിലേക്ക് രാജ്യത്തെ വലിച്ചിഴക്കരുതെന്ന് കഴിഞ്ഞയാഴ്ച തന്നെ നിരവധി കൺസർവേറ്റിവുകൾ മുന്നറിയിപ്പ് നൽകിയിരുന്നു.

ട്രംപിന്റെ മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ (മാഗ) പ്രസ്ഥാനത്തിലെ പ്രധാനിയായ നിരീക്ഷകൻ ടക്കൾ കാൾസൺ, റിപ്പബ്ലിക്കൻ സെനറ്റർ റാൻഡ് പോൾ, വലതുപക്ഷ കോൺഗ്രസ് വുമൺ മർജോറി ടെയ്‌ലർ ഗ്രീൻ, കൺസർവേറ്റിവ് യൂത്ത് ഓർഗനൈസേഷൻ സ്ഥാപകൻ ചാർളി കിർക്, ട്രംപിന്റെ മുൻ മുതിർന്ന ഉപദേശകൻ സ്റ്റീവ് ബാനോൺ തുടങ്ങിയവരാണ് പരസ്യമായി രംഗത്തുവന്നത്.

അമേരിക്ക ഇറാഖിൽ ഇടപെട്ടുണ്ടായ ദുരനുഭവമാണ് മാഗ പ്രസ്ഥാനം രൂപവത്കരിക്കുന്നതിനും ആദ്യ തവണ ട്രംപ് യു.എസ് പ്രസിഡന്റ് പദത്തിലേക്ക് മത്സരിക്കുന്നതിനും വഴിവെച്ചതെന്ന് സ്റ്റീവ് ബാനോൺ ഓർമിപ്പിച്ചു. ഇത് നമ്മുടെ യുദ്ധമല്ലെന്നും സമാധാനമാണ് അമേരിക്കയെ ഉന്നതിയിലെത്തിക്കാൻ ആവശ്യമെന്നും മർജോറി ടെയ്‌ലർ ഗ്രീൻ പറഞ്ഞു.

Tags:    
News Summary - Iranian weapon with ideological payload: What is the Kheibar Shekan missile?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.