വാഷിങ്ടൺ: അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനിൽ നടത്തിയ ആക്രമണങ്ങളെ ഭൂരിഭാഗം അമേരിക്കൻ പൗരന്മാരും എതിർക്കുന്നുവെന്ന് അഭിപ്രായ സർവേ റിപ്പോർട്ടുകൾ. സി.എൻ.എൻ, റോയിട്ടേഴ്‌സ് തുടങ്ങിയ പ്രമുഖ ഏജൻസികളാണ് സർവേ നടത്തിയത്. സി.എൻ.എൻ പുറത്തുവിട്ട സർവേ റിപ്പോർട്ട് പ്രകാരം 59 ശതമാനം അമേരിക്കക്കാരും ഇറാനെതിരെയുള്ള സൈനിക നടപടിയെ അംഗീകരിക്കുന്നില്ല. ഇതിൽ തന്നെ 31 ശതമാനം പേർ തങ്ങളുടെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. റോയിട്ടേഴ്‌സ് സർവേ പ്രകാരം യുദ്ധത്തിന് പിന്തുണ നൽകുന്നത് കേവലം 27 ശതമാനം ആളുകൾ മാത്രമാണ്.
പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വിഷയത്തിൽ വ്യക്തമായ പദ്ധതി ഉണ്ടെന്ന് ജനം വിശ്വസിക്കുന്നില്ല. 60 ശതമാനം പേരും ട്രംപിന്റെ സൈനിക നീക്കങ്ങളിൽ അവിശ്വാസം രേഖപ്പെടുത്തി. 62 ശതമാനം പേർ വിശ്വസിക്കുന്നത് തുടർനടപടികൾക്ക് കോൺഗ്രസിന്റെ (അമേരിക്കൻ പാർലമെന്റ്) അനുമതി വേണമെന്നാണ്. നയതന്ത്രപരമായ നീക്കങ്ങൾ നടത്തുന്നതിൽ ട്രംപ് പരാജയപ്പെട്ടുവെന്ന് 39 ശതമാനം പേർ കരുതുന്നു.
യു.എസും ഇസ്രായേലും ചേർന്ന് നടത്തിയ ആക്രമണം മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഭൂരിഭാഗം പേരും ഭയപ്പെടുന്നു. 56 ശതമാനം പേർ അമേരിക്കയും ഇറാനും തമ്മിൽ ഒരു ദീർഘകാല സൈനിക സംഘർഷം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കരുതുന്നു. സൈനിക നടപടി ഇറാനെ കൂടുതൽ അപകടകാരിയാക്കുമെന്ന് 54 ശതമാനം പേർ വിശ്വസിക്കുമ്പോൾ, ഇറാന്‍റെ ഭീഷണി കുറയുമെന്ന് കരുതുന്നത് 28 ശതമാനം പേർ മാത്രമാണ്. ഇറാനിലേക്ക് യുദ്ധത്തിനായി കരസേനയെ അയക്കുന്നതിനെ 60 ശതമാനം ആളുകളും ശക്തമായി എതിർക്കുന്നു.
വിഷയത്തിൽ അമേരിക്കൻ ജനത രാഷ്ട്രീയമായി രണ്ട് തട്ടിലാണ്. റിപ്പബ്ലിക്കൻ പാർട്ടി അനുയായികളിൽ 77 ശതമാനം പേർ ആക്രമണത്തെ പിന്തുണക്കുമ്പോൾ, ഡെമോക്രാറ്റിക് പാർട്ടിക്കാരിലും സ്വതന്ത്രരിലും ഭൂരിഭാഗം പേരും (80 ശതമാനത്തിലധികം) ഇതിനെ എതിർക്കുന്നു. ട്രംപ് ഭരണകൂടത്തിന്റെ ഇറാൻ നയത്തിനെതിരെ അമേരിക്കൻ ജനതക്കിടയിൽ വലിയ പ്രതിഷേധമുണ്ടെന്നാണ് സർവേകൾ വ്യക്തമാക്കുന്നത്. രാജ്യത്തെ ആഭ്യന്തര പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം വിദേശ യുദ്ധങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുന്നത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.