ഊർജ്ജ മന്ത്രി ബഹ്‌ലീൽ ലഹഡാലിയ
ജക്കാർത്ത: യു.എസ്, ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തെ തുടർന്ന് ഹുർമുസ് കടലിടുക്ക് വഴിയുള്ള ഷിപ്പിങ് സർവീസുകൾ ഇറാൻ താത്കാലികമായി നിർത്തിവെച്ചതോടെ യു.എസിൽ നിന്നും കൂടുതൽ ക്രൂഡ് ഓയിൽ വാങ്ങാനൊരുങ്ങി ഇന്തോനേഷ്യ. ഇന്തോനേഷ്യൻ ഊർജ്ജ മന്ത്രി ബഹ്‌ലീൽ ലഹഡാലിയയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മധ്യേഷ്യയിൽ നിന്നും 20 മുതൽ 25 ശതമാനം വരെ ക്രൂഡ് ഓയിൽ ഹുർമുസ് കടലിടുക്ക് വഴിയാണ് ഇന്തോനേഷ്യയിലേക്ക് എത്തിക്കാറുള്ളത്. സംഘർഷം രൂക്ഷമായതോടെ ഇറാൻ ഹുർമുസ് ഇടവഴി താത്കാലികമായി അടച്ചു. ഇത് ഷിപ്പിങ് കപ്പലുകളുടെ സർവീസിനെ ബാധിച്ചിരിക്കുകയാണ്. സംഘർഷം തുടർന്നാൽ രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമാകും. അതിനാൽ യു.എസിൽ നിന്നും ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുകയാണ് പ്രതിസന്ധി തരണം ചെയ്യാനുള്ള ഏക മാർഗമെന്ന് അദ്ദേഹം പറഞ്ഞു.
ക്രൂഡ് ഓയിൽ കൂടാതെ 30 ശതമാനം എൽ.പി.ജിയും ഇറക്കുമതി ചെയ്തിരുന്നത് മധ്യേഷ്യയിൽ നിന്നാണ്. ഈ കാര്യത്തിലും അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ എൽ.പി.ജിക്കായി വേറെ രാജ്യത്തെ ആശ്രയിക്കണം. നിലവിൽ മൂന്നാഴ്ചത്തേക്കുള്ള ക്രൂഡ് ഓയിൽ രാജ്യത്ത് ലഭ്യമാണ്. അധികമായി ക്രൂഡ് ഓയിൽ ശേഖരിച്ച് വെക്കാനുള്ള സംവിധാനം രാജ്യത്തില്ലാത്തതിനാൽ യു.എസുമായി പുതുതായി ഒപ്പുവച്ച വ്യാപാര കരാർ പ്രകാരം ഇന്തോനേഷ്യ 15 ബില്യൺ ഡോളറിന്റെ യു.എസ് ഊർജ്ജം വാങ്ങിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മധ്യേഷ്യയിൽ യുദ്ധം ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ സൂചന നൽകി. 25 ദിവസത്തേക്കാവശ്യമായ എണ്ണ കരുതൽ ശേഖരമായി ഉണ്ടെന്നും ഉടൻ പെട്രോൾ-ഡീസൽ വിലയിൽ വർധന ഉണ്ടാകില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.