ഹുർമുസ് കടലിടുക്ക്

ഹുർമുസ് കടലിടുക്ക്: അംഗീകൃത പാതകൾ അല്ലാത്തവ ഉപയോഗിച്ചാൽ കപ്പലുകൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ഇറാൻ

തെഹ്റാൻ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ വിതരണ പാതകളിലൊന്നായ ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഉപയോഗിക്കുന്നതിൽ നിലപാട് വ്യക്തമാക്കി ഇറാൻ. നിശ്ചയിച്ചിട്ടുള്ള അംഗീകൃത പാതകളിലൂടെ മാത്രമേ കപ്പലുകൾ സഞ്ചരിക്കാവൂ എന്നും, അല്ലാത്തപക്ഷം കർശന നടപടികൾ നേരിടേണ്ടി വരുമെന്നും ഇറാന്റെ ഖതം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനും കപ്പലുകൾക്ക് അപകടങ്ങൾ സംഭവിക്കാതിരിക്കുന്നതിനും നിശ്ചിത നാവിഗേഷൻ പ്രോട്ടോക്കോളുകൾ പാലിക്കേണ്ടത് അനിവാര്യമാണെന്ന് അധികൃതർ അറിയിച്ചു. ഖത്തറിന്റെ മധ്യസ്ഥതയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ നടന്നതിന് ശേഷമാണ് ഇറാന്റെ പ്രഖ്യാപനം.

ഇറാൻ വാർത്താ ഏജൻസിയായ തസ്‌നീമാണ് ഖതം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സിന്റെ മുന്നറിയിപ്പ് പുറത്തുവിട്ടത്. ഇറാൻ നിശ്ചയിച്ചിട്ടുള്ള നാവിഗേഷൻ പ്രോട്ടോക്കോളുകൾ ലംഘിക്കുന്ന ഏത് കപ്പലിന് നേരെയും ഉടൻ തന്നെ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും, അത് ആ കപ്പലുകളുടെ സുരക്ഷക്ക് ഭീഷണിയാകുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തേ യു.എസും ഇറാനും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചപ്പോഴും ഇറാൻ ഇതേ മുന്നറിയിപ്പ് നൽകിയിരുന്നു.

ബഹ്‌റൈനിൽ നടന്ന ഒരു സുരക്ഷാ ചർച്ചക്ക് ശേഷമാണ് ഇറാൻ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. മേഖലയിലെ നേതാക്കൾ പങ്കെടുത്ത ഈ ചർച്ചയിൽ, ഹുർമുസ് കടലിടുക്കിലൂടെ തടസ്സമില്ലാത്ത വാണിജ്യ പ്രവാഹം ഉറപ്പാക്കുമെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തോടുള്ള മറുപടി എന്ന നിലയിലാണ് ഇറാൻ നിർദേശങ്ങൾ കടുപ്പിച്ചത്.

അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈനിക സാന്നിധ്യം മേഖലയിൽ ആവശ്യമില്ലെന്നും, ഇറാന്റെ പരമാധികാരത്തെ മാനിച്ചുകൊണ്ട് അമേരിക്കൻ ഇടപെടലുകൾ അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും ഇറാൻ വിദേശകാര്യ ഡെപ്യൂട്ടി മിനിസ്റ്റർ കാസ്വം ഘരിബാബാദി അറിയിച്ചു. ജൂൺ 17-ന് അമേരിക്കയുമായി ഒപ്പുവെച്ച ധാരണാപത്രത്തിൽ കപ്പലുകളുടെ സുരക്ഷിതയാത്ര ഉറപ്പാക്കാൻ പരമാവധി ശ്രമിക്കുമെന്ന് ഇറാൻ സമ്മതിച്ചിരുന്നെങ്കിലും, ഇറാനിയൻ തീരത്തോട് ചേർന്നുള്ള പാത തന്നെ കപ്പലുകൾ ഉപയോഗിക്കണമെന്നതിൽ കർശനമായ നിലപാട് സ്വീകരിച്ചിരുന്നു.

യുദ്ധത്തിന് തൊട്ടുമുമ്പ് പ്രതിദിനം ഏകദേശം 130 കപ്പലുകൾ കടന്നുപോയിരുന്ന സ്ഥാനത്ത്, ചൊവ്വാഴ്ച 34-ഉം ബുധനാഴ്ച 45-ഉം കപ്പലുകൾ മാത്രമാണ് ഇവിടെ സഞ്ചരിച്ചത്. ദോഹയിലെ സമാധാന ചർച്ചകളുടെ പശ്ചാത്തലത്തിൽ എണ്ണവിലയിൽ ചെറിയ കുറവ് രേഖപ്പെടുത്തിയിരുന്നു.    

Tags:    
News Summary - Iran warns ships against using unapproved routes in Strait of Hormuz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.