തക്ഷശിലയിലെ 'അനാവശ്യ ഇടപെടൽ': പാകിസ്താന് യുനെസ്കോയുടെ മുന്നറിയിപ്പ്

ഇസ്‍ലാമാബാദ്: ലോക പൈതൃക കേന്ദ്രമായ തക്ഷശിലയിലെ ചരിത്രപരമായ രണ്ട് സ്ഥലങ്ങളിൽ പാകിസ്താൻ നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾക്കെതിരെ യുനെസ്കോ രംഗത്ത്. പുരാതന നിർമിതികളുടെ തനിമയും പരിശുദ്ധിയും നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള പുനർനിർമാണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും, അല്ലാത്തപക്ഷം തക്ഷശിലയെ 'അപകടത്തിലായ ലോക പൈതൃക സ്ഥലങ്ങളുടെ’ വിഭാഗത്തിൽ ഉൾപ്പെടുത്തുമെന്നും യുനെസ്കോ മുന്നറിയിപ്പ് നൽകി. ഡോൺ പത്രമാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.

മൊഹ്‌റ മൊറാദു, സിർകാപ് എന്നീ ചരിത്രപ്രധാനമായ സ്ഥലങ്ങളിൽ അടുത്തിടെ നടത്തിയ അനാവശ്യമായ ഇടപെടലുകൾക്കെതിരെയാണ് യുനെസ്കോയുടെ വിമർശനം. ഈ നടപടികൾ തുടരുകയാണെങ്കിൽ പൈതൃക പട്ടികയിൽ നിന്ന് തന്നെ തക്ഷശിലയെ നീക്കം ചെയ്യേണ്ടി വരുമെന്ന് ഏജൻസി വ്യക്തമാക്കി. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന തക്ഷശില, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ നഗരവൽക്കരണത്തിന്റെ ചരിത്രം വിളിച്ചോതുന്ന ബുദ്ധമത മഠങ്ങളും മറ്റ് പുരാതന നിർമിതികളും ഉൾപ്പെടുന്ന വലിയൊരു പ്രദേശമാണ്.

പുരാതനമായ മതിലുകൾ പൊളിച്ച് പുതിയ നിർമാണങ്ങൾ നടത്തിയെന്നും, മതിലുകളുടെ ഉയരം വർധിപ്പിച്ചുവെന്നും ഒരു സന്ദർശകൻ യുനെസ്കോക്ക് നൽകിയ പരാതിയിലാണ് ഇത്തരമൊരു വെളിപ്പെടുത്തൽ ഉണ്ടായത്. പുരാതനമായ കല്ലുകൾക്ക് പകരം പുതിയതും മിനുസപ്പെടുത്തിയതുമായ നിർമാണ വസ്തുക്കൾ ഉപയോഗിച്ചത് കെട്ടിടങ്ങളുടെ തനിമയെ ബാധിച്ചതായി പരാതിയിൽ പറയുന്നു. ഇത് സംബന്ധിച്ച് യുനെസ്കോയും പാകിസ്താൻ സർക്കാരും സംയുക്തമായി പരിശോധന നടത്തുകയും ചെയ്തിരുന്നു.

എന്നാൽ തങ്ങൾക്കെതിരെയുള്ള വിമർശനങ്ങൾ പാകിസ്താനിലെ പഞ്ചാബ് പുരാവസ്തു വകുപ്പ് പൂർണമായി തള്ളിപ്പറയുകയാണ്. അവിടെ നടക്കുന്നത് പുനർനിർമാണമാണെന്ന വാദം തെറ്റാണെന്ന് വകുപ്പ് ഡയറക്ടർ ജനറൽ മാലിക് സഹീർ അബ്ബാസ് ഡോൺ പത്രത്തോട് പറഞ്ഞു. തകർച്ചാ ഭീഷണിയിലുള്ള പുരാവസ്തു അവശിഷ്ടങ്ങൾ കൂടുതൽ നശിച്ചുപോകാതെ സംരക്ഷിക്കാനും അവക്ക് ബലം നൽകാനുമുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുള്ള നടപടികൾ മാത്രമാണ് അവിടെ നടക്കുന്നത് എന്നായിരുന്നു അബ്ബാസിന്റെ വാദം. കെട്ടിടം പുതുക്കിപ്പണിയുകയല്ല, മറിച്ച് നിലവിലുള്ളതിനെ സംരക്ഷിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അതിനാൽ ഇത് നിർത്തിവെക്കേണ്ട ചോദ്യമേ ഉദിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അക്കീമെനിഡ്, മൗര്യ, ഇൻഡോ-ഗ്രീക്ക്, കുശാന, ഗുപ്ത സാമ്രാജ്യങ്ങളുടെ സാംസ്കാരിക അവശേഷിപ്പുകൾ ഉൾക്കൊള്ളുന്ന തക്ഷശില ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക ഭൂപ്രദേശമാണ്. ഇതിന്റെ ആഗോള മൂല്യം കണക്കിലെടുത്ത് 1980-ലാണ് യുനെസ്കോ തക്ഷശിലയെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്.  

Tags:    
News Summary - UNESCO Flags Taxila Site Work in Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.