അപകടത്തിൽ തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ

ബെയ്ജിങ് അപകടം: പൈലറ്റ് മനഃപൂർവം വിമാനം ഇടിച്ചിറക്കിയതെന്ന് ഔദ്യോഗിക സ്ഥിരീകരണം

ബെയ്ജിങ്: കഴിഞ്ഞ ആഴ്ച ബെയ്ജിങ്ങിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ 'സിറ്റിക് ടവറിൽ' വിമാനം ഇടിച്ചിറക്കിയ സംഭവത്തിന്റെ വിശദാംശങ്ങൾ പുറത്ത്. വ്യക്തിപരമായ കാരണങ്ങളാൽ പൈലറ്റ് മനപൂർവ്വം നടത്തിയ അപകടമാണിതെന്ന് ചൈനീസ് അധികൃതർ സ്ഥിരീകരിച്ചു. ദീർഘകാലമായി കടുത്ത മാനസിക സമ്മർദവും ഉത്കണ്ഠയും അനുഭവിച്ചിരുന്ന ലിയു എന്ന 66കാരനായ പൈലറ്റാണ് അപകടത്തിൽ മരിച്ചത്. തന്റെ ഡയറിക്കുറിപ്പുകളിൽ ഇദ്ദേഹം പലതവണ ആത്മഹത്യയെക്കുറിച്ച് എഴുതിയിരുന്നതായി അന്വേഷണസംഘം അറിയിച്ചു.

ജൂൺ 26ന് വൈകുന്നേരം ആറ് മണിയോടെയാണ് ബെയ്ജിങ്ങിലെ തിരക്കേറിയ ബിസിനസ് ഡിസ്ട്രിക്റ്റിലുള്ള 109 നിലയുള്ള സിറ്റിക് ടവറിലേക്ക് ലിയു തന്റെ 'അറോറ SA60L' എന്ന ചെറുവിമാനം ഇടിച്ചുകയറ്റിയത്. കെട്ടിടത്തിന്റെ മുൻവശത്തെ ഗ്ലാസിൽ വലിയൊരു ദ്വാരമുണ്ടാക്കിയ ഈ അപകടത്തിൽ 13 പേർക്ക് പരിക്കേൽക്കുകയും കെട്ടിടത്തിലുണ്ടായിരുന്നവരെ അടിയന്തരമായി ഒഴിപ്പിക്കുകയും ചെയ്തിരുന്നു. ആരുടെയും നില ഗുരുതരമല്ലെങ്കിലും, ചൈനയുടെ തലസ്ഥാനത്തെ അതീവ സുരക്ഷാ മേഖലയിൽ ഇത്തരമൊരു സംഭവം നടന്നത് വലിയ ആശങ്കയാണ് ഉയർത്തിയത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആസ്ഥാനമായ 'സോങ്നൻഹായി'യിൽ നിന്ന് ഏതാനും കിലോമീറ്ററുകൾ മാത്രം അകലെയാണ് അപകടം നടന്നത്.

ബെയ്ജിങ്ങിലെ പിംഗു ജില്ലയിലുള്ള ഒരു ഏവിയേഷൻ എയർപോർട്ടിൽ നിന്നാണ് ലിയു വിമാനവുമായി പറന്നുയർന്നത്. ആദ്യം മറ്റൊരാൾക്കൊപ്പമുള്ള ഒരു ഫ്ലൈറ്റ് പൂർത്തിയാക്കിയ ശേഷം, പിന്നീട് തനിച്ചാണ് ഇദ്ദേഹം ആകാശത്തേക്ക് പറന്നത്. നിശ്ചയിച്ചിരുന്ന പ്രവർത്തന മേഖലയിൽ നിന്ന് മാറി, അധികൃതരുമായുള്ള ബന്ധം വിച്ഛേദിച്ച് ലിയു നേരിട്ട് നഗരമധ്യത്തിലേക്ക് വിമാനം പറത്തുകയായിരുന്നു. വിവാഹമോചിതനായി തനിച്ചു താമസിച്ചിരുന്ന ലിയുവിന് 2021ലാണ് സ്‌പോർട് പൈലറ്റ് ലൈസൻസും 2024ൽ പ്രൈവറ്റ് പൈലറ്റ് ലൈസൻസും ലഭിച്ചത്.

ലോകത്തെ ഏറ്റവും കർശനമായ വ്യോമനിരോധന മേഖലകളിലൊന്നാണ് ബെയ്ജിങ്ങിലേത്. ചൈനയിലെ അതീവ നിയന്ത്രിത ആകാശപാതയിൽ ഇത്തരം ഒരു വിമാനം എങ്ങനെ സുരക്ഷാ വലയം ഭേദിച്ചെത്തി എന്നത് ഇപ്പോഴും വലിയൊരു ചോദ്യചിഹ്നമായി തുടരുന്നു. സംഭവത്തിന് ശേഷം ചൈനീസ് അധികൃതർ സോഷ്യൽ മീഡിയയിൽ നിന്ന് അപകടവുമായി ബന്ധപ്പെട്ട ചിത്രങ്ങളും പോസ്റ്റുകളു വളരെ വേഗത്തിൽ നീക്കം ചെയ്തിരുന്നു. മാത്രമല്ല അപകടം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും ചൈനീസ് അധികൃതർ അപകടത്തെ കുറിച്ച് വിശദീകരണം നൽകാതിരുന്നത് ദുരൂഹത ഉയർത്തിയിരുന്നു.

സാധാരണഗതിയിൽ ബീജിങ്ങിൽ ഇത്തരം വിമാനങ്ങൾ പറത്താൻ സിവിൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെയും പീപ്പിൾസ് ലിബറേഷൻ ആർമി എയർഫോഴ്സിന്റെയും മുൻകൂർ അനുമതി ആവശ്യമാണ്. സുരക്ഷാ വീഴ്ചകൾക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നതോടെ, ഡ്രോണുകൾ ഉൾപ്പെടെയുള്ള എല്ലാത്തരം വിനോദ ഫ്ലൈറ്റുകൾക്കും കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ ചൈന കഴിഞ്ഞ മാസം ഏർപ്പെടുത്തിയിരുന്നു.

Tags:    
News Summary - Beijing plane crash: Chinese pilot had written about ending his life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.