ന്യൂഡൽഹി: നിർമിതബുദ്ധി (എ.ഐ) യിലും സാമ്പത്തിക ഊർജ, പ്രതിരോധ, കപ്പൽ നിർമാണ രംഗങ്ങളിലും സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യയും ജപ്പാനും സാമ്പത്തിക, ഊർജ മേഖലകളിൽ കരാറുകൾ ഒപ്പുവെച്ചു. ഇന്തോ- പസഫിക് മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ യത്നിക്കുമെന്ന് മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് ഇന്ത്യയിലെത്തിയ ജപ്പാൻ പ്രധാനമന്ത്രി സനെയ് തകൈച്ചിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. തകൈച്ചിയുടെ പ്രഥമ ഇന്ത്യൻ സന്ദർശനമാണിത്. ത്രിദിന സന്ദർശനം പൂർത്തിയാക്കി തകൈച്ചി വെള്ളിയാഴ്ച മടങ്ങും. ബുധനാഴ്ച വൈകീട്ട് ഡൽഹിയിലെത്തിയ ജപ്പാൻ പ്രധാനമന്ത്രിക്ക് വ്യാഴാഴ്ച രാവിലെ രാഷ്ട്രപതി ഭവനിൽ ആചാരപരമായ വരവേൽപ് നൽകി.
ഇന്ത്യയും ജപ്പാനും വിവിധ രംഗങ്ങളിൽ ശക്തിയും സഹകരണവും വർധിപ്പിക്കാൻ ധാരണയായെന്ന് ജപ്പാൻ പ്രധാനമന്ത്രി പറഞ്ഞു. അന്താരാഷ്‍ട്രതലത്തിലെ സ്ഥിതിഗതികൾ പ്രക്ഷുബ്‍ധമായി തുടരുന്ന സാഹചര്യത്തിൽ പരസ്പരം ഗുണകരമാകുന്ന സഹകരണബന്ധങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്‍റെ പ്രാധാന്യം അവർ എടുത്തുപറഞ്ഞു.
കഴിഞ്ഞ വർഷം പ്രധാനമന്ത്രി മോദി ടോക്യോ സന്ദർശിച്ച വേളയിൽ ഇന്ത്യയിലെ നിക്ഷേപം ഇരട്ടിയാക്കുമെന്ന് ജാപ്പനീസ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഉഭയകക്ഷി സാമ്പത്തിക സഹകരണം ശക്തിപ്പെടുന്നതോടെ അടുത്ത പത്ത് വർഷത്തിൽ 610 കോടി ഡോളർ നിക്ഷേപമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. 2025 ഏപ്രിലിനും ഡിസംബറിനുമിടയിൽ ഇന്ത്യയിലെ ജാപ്പനീസ് നിക്ഷേപം 320 കോടി ഡോളറായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 2025-26ൽ 275 കോടി ഡോളറിലെത്തി.
വ്യാപാരവും നിക്ഷേപവും സാമ്പത്തിക സുരക്ഷയും ഉൾപ്പെടെ വിവിധ വിഷയങ്ങളും വിവിധ രംഗങ്ങളിലെ സഹകരണവും ഇരു പ്രധാനമന്ത്രിമാർ സമഗ്രമായി ചർച്ച ചെയ്തു. ജപ്പാന്‍റെ കൃത്യതയിലൂന്നിയ സാങ്കേതിക വിദ്യയും ഇന്ത്യയുടെ സോഫ്റ്റ്‍വെയർ ശേഷിയും സമന്വയിപ്പിച്ച് അന്താരാഷ്‍ട്ര എ.ഐ വികസനത്തിന് കരുത്തേകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പ്രതിരോധ സാമഗ്രികൾ സംയുക്തമായി വികസിപ്പിക്കുന്നതിനുള്ള കരാറും ചടങ്ങിൽ ഒപ്പുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.