ന്യൂയോർക്ക്: ടിബറ്റിന്റെ സ്വാതന്ത്ര്യത്തിനായി ഐക്യരാഷ്ട്ര സഭയുടെ (UN) ആസ്ഥാനത്തിന് സമീപം ടിബറ്റൻ സ്വദേശി സ്വയംതീക്കൊളുത്തി മരിച്ചു. ന്യൂയോർക്കിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. യുബർ ഡ്രൈവറായി ജോലി ചെയ്തിരുന്ന ലോബ്ഗ രംഗ്സെൻ എന്ന ടിബറ്റൻ ആക്ടിവിസ്റ്റാണ് മരിച്ചതെന്ന് പ്രവാസി ടിബറ്റൻ കൂട്ടായ്മകളും മാധ്യമങ്ങളും സ്ഥിരീകരിച്ചു.
ഇന്നലെ വൈകുന്നേരം 6:30 ഓടെയാണ് യുഎൻ ആസ്ഥാനത്തിന് സമീപം ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റതായി ന്യൂയോർക്ക് പൊലീസിന് വിവരം ലഭിക്കുന്നത്. ഉടൻ തന്നെ ഇയാളെ ബെല്ലെവ്യൂ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടിബറ്റൻ ദേശീയ പതാകയുമായാണ് ഇയാൾ സ്ഥലത്തെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും, മരിച്ചയാളുടെ പേരുവിവരങ്ങളോ ആത്മഹത്യയ്ക്ക് പിന്നിലെ കൃത്യമായ കാരണങ്ങളോ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ചൈനീസ് സർക്കാരിന്റെ കടുത്ത നിയന്ത്രണങ്ങളിലും ടിബറ്റൻ ജനതയോടുള്ള ക്രൂരതകളിലും ലോബ്ഗ രംഗ്സെൻ അങ്ങേയറ്റം പ്രകോപിതനായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ടിബറ്റിനൻറെ സ്വാതന്ത്ര്യത്തിനും ഐക്യത്തിനും വേണ്ടി തത്സമയ സന്ദേശം പങ്കുവെച്ച ശേഷമാണ് അദ്ദേഹം കടുംകൈ ചെയ്തതെന്ന് പ്രവാസി ടിബറ്റൻ മാധ്യമമായ 'വോയ്‌സ് ഓഫ് ടിബറ്റ്' റിപ്പോർട്ട് ചെയ്തു.
ടിബറ്റൻ, ഉയിഗർ ഉൾപ്പെടെയുള്ള 55 വംശീയ ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിട്ട് ചൈനയുടെ നടപ്പിലാക്കിയ പുതിയ 'വംശീയ ഐക്യ നിയമം' (Ethnic Unity Law) വലിയ ആഗോള പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ചൈനയ്ക്ക് പുറത്തുള്ള രാജ്യങ്ങളിൽ താമസിക്കുന്നവർക്കെതിരെ പോലും നിയമനടപടി സ്വീകരിക്കാൻ ബീജിങിന് അധികാരം നൽകുന്നതാണ് പുതിയ നിയമം. ഇതിനെതിരെ ലോകമെമ്പാടുമുള്ള ടിബറ്റുകാർ രംഗത്തുവന്നിരുന്നു. യൂറോപ്യൻ യൂണിയനും ചൈനയുടെ പുതിയ നിയമത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.
1950-ലാണ് ചൈന ടിബറ്റിന്റെ നിയന്ത്രണം പിടിച്ചെടുക്കുന്നത്. എന്നാൽ തങ്ങൾ പ്രദേശത്തെ ഫ്യൂഡൽ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കുക മാത്രമാണ് ചെയ്തതെന്നാണ് ചൈനയുടെ വാദം. എന്നാൽ ഈ അവകാശവാദങ്ങളെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും പ്രവാസി ടിബറ്റുകാരും ശക്തമായി തള്ളിക്കളയുന്നു.
2012-ൽ ഷി ജിൻപിങ് ചൈനീസ് പ്രസിഡന്റായ ശേഷം ടിബറ്റിൽ കടുത്ത നിരീക്ഷണവും നിയന്ത്രണങ്ങളുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്റർനാഷണൽ കാമ്പെയ്ൻ ഫോർ ടിബറ്റിന്റെ കണക്കനുസരിച്ച്, 2009-നും 2022-നും ഇടയിൽ 150-ലധികം ടിബറ്റുകാരാണ് ചൈനീസ് ഭരണകൂടത്തോടുള്ള പ്രതിഷേധസൂചകമായി സ്വയം തീക്കൊളുത്തി ജീവനൊടുക്കിയത്. ഇതിൽ പത്തോളം സംഭവങ്ങൾ ചൈനയ്ക്ക് പുറത്ത് പ്രവാസ ജീവിതം നയിക്കുന്നവർക്കിടയിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.