വാഷിങ്ടൺ: വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയെയും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫിനെയും കൊലപ്പെടുത്താനുള്ള ഇസ്രായേൽ പദ്ധതികളെക്കുറിച്ച് അമേരിക്കൻ അധികൃതർ ഇറാന് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട്. കഴിഞ്ഞ മാസം യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ ടെലഫോണിൽ വിളിച്ച് അതിരൂക്ഷമായ ഭാഷയിൽ കയർത്തുവെന്ന റിപ്പോർട്ട് പുറത്തുവരുന്നതിനു മുമ്പുതന്നെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായിരുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്.
ഏപ്രിലിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയെയും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫിനെയും വധിക്കാൻ ഇസ്രായേൽ ലക്ഷ്യമിട്ടതായി ഇറാന് യു.എസ് മുന്നറിയിപ്പ് നൽകിയതായി വാഷിങ്ടണിൽ നിന്ന് നിരവധി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 8 ന് നടന്ന ആദ്യ വെടിനിർത്തലിന് ശേഷമുള്ള ആഴ്ചകളിൽ അരാഗ്ചിയെയും ഖാലിബാഫിനെയും വധിക്കാൻ ഇസ്രായേൽ പദ്ധതിയിടുന്നതായി ചില യു.എസ് ഉദ്യോഗസ്ഥർ വിശ്വസിച്ചിരുന്നതായി റിപ്പോർട്ടിൽ ഉദ്ധരിച്ച ഉദ്യോഗസ്ഥർ പറഞ്ഞു. യു.എസുമായുള്ള ആണവ ചർച്ചകളിൽ പങ്കെടുക്കുന്ന രണ്ട് ഇറാനിയൻ നേതാക്കളെയും ഇസ്രായേൽ ഇല്ലാതാക്കാൻ സാധ്യതയുണ്ടെന്നായിരുന്നു വിവരം.
പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ അടക്കമുള്ളവരെ നേരത്തെ കൊലപ്പെടുത്തിയത് ആശങ്കകൾക്ക് ബലമേകുകയും ചെയ്തു.
വധശ്രമ നീക്കം
യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസുമായുള്ള ചർച്ചകൾക്ക് ശേഷം ഏപ്രിൽ 12ന് പാക്കിസ്താനിലെ ഇസ്ലാമാബാദിൽ നിന്ന് തെഹ്റാനിലേക്ക് മടങ്ങുമ്പോൾ ഇറാൻ സ്പീക്കർ ഖാലിബാഫിനെ വധിക്കാൻ ഇസ്രായേൽ പദ്ധതിയിട്ടുവെന്നാണ് യു.എസ് ഉദ്യോഗസ്ഥർ പറയുന്നത്. രണ്ട് ഇസ്രായേലി യുദ്ധവിമാനങ്ങൾ ഇറാഖ് വഴി ഇറാനിയൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചതായും തിരികെ പറക്കുമ്പോൾ ഖാലിബാഫിന്റെ വിമാനം ലക്ഷ്യം വയ്ക്കാൻ പദ്ധതിയിടുന്നതായും യു.എസ് അധികൃതർ ഇറാനെ അറിയിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.തുടർന്ന് ഖാലിബാഫ് തെഹ്‌റാനിലേക്കുള്ള പതിവ് വഴി ഉപേക്ഷിച്ച് വടക്കൻ പ്രവിശ്യയിലെ മഷാദിൽ അടിയന്തര ലാൻഡിങ് നടത്തിയെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.
ഇറാനെതിരെ സംയുക്ത ആക്രമണം ആരംഭിച്ച സഖ്യത്തിൽ കടുത്ത അതൃപ്തി നേരത്തെ തന്നെ ഉടലെടുത്തിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്ന റിപ്പോർട്ട്.സമാധാന കരാർ ചർച്ചകളിലും ഇസ്രായേലിനെ പങ്കെടുപ്പിക്കാൻ യു.എസ് തയ്യാറായിരുന്നില്ല. ഇസ്രായേലും യുദ്ധത്തിൽ പങ്കാളിയാണെങ്കിലും ധാരണാ പത്രത്തിൽ ഒപ്പുവെച്ചത് യു.എസും ഇറാനും മാത്രമാണ്. നെതന്യാഹു പരസ്യമായി എതിർത്തിട്ടും യു.എസ് ധാരണാപത്രവും സമാധാന ചർച്ചകളുമായി മുന്നോട്ടു പോകുന്നതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷയാളത് വ്യക്തമാക്കുന്നു.
സമാധാന ധാരണ ലംഘിച്ച് ലബനാനിൽ ഇസ്രായേൽ ആക്രമണം തുടരുന്നതിനെ യു.എസ് അതിരൂക്ഷമായി വിമർശിച്ചിരുന്നു. ആക്രമണത്തിൽ വളരെയധികം ആളുകൾ കൊല്ലപ്പെട്ടുവെന്നും കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.ടെലഫോൺ സംഭാഷണത്തിനിടെ നെതന്യാഹുവിനെ ട്രംപ് "ഭ്രാന്തൻ" എന്ന് വിളിച്ചതായും റിപ്പോർട്ട് ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.