വെനസ്വേല ഭൂചലനം:140 ടൺ അവശിഷ്ടങ്ങൾക്കടിയിൽ എട്ട് ദിവസം; അത്ഭുതകരമായി ജീവനോടെ പുറത്തുവന്ന് ഹെർനാൻ ഗിൽ

കാരക്കാസ്: വെനസ്വേലയെ നടുക്കിയ ഇരട്ട ഭൂചലനത്തിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽ എട്ട് ദിവസം കുടുങ്ങിക്കിടന്നിരുന്ന 43-കാരനായ സുരക്ഷാ ജീവനക്കാരൻ ഹെർനാൻ ഗിലിനെ അതിസാഹസികമായ രക്ഷാപ്രവർത്തനത്തിനൊടുവിൽ ജീവനോടെ പുറത്തെടുത്തു. 140 ടൺ ഭാരമുള്ള കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടന്നിരുന്ന ഗിലിനെ കണ്ടെത്തിയതിന് ശേഷം അഞ്ച് ദിവസത്തിലേറെ അതായത് 100 മണിക്കൂറിലേറെ നീണ്ട രക്ഷപ്രവർത്തനത്തിനൊടുവിലാണ് സുരക്ഷിതമായി പുറത്തെടുക്കുന്നത്.

ജൂൺ 24-ന് വെനസ്വേലയെ ബാധിച്ച ശക്തമായ ഇരട്ട ഭൂചലനത്തിലാണ് ഗിൽ ജോലി ചെയ്തിരുന്ന കെട്ടിടം തകർന്നുവീണത്. തീരദേശ സംസ്ഥാനമായ ലാ ഗ്വൈറയിലെ കാറ്റിയ ലാ മാറിലുള്ള ഗാലേറിയാസ് പ്ലായ ഗ്രാൻഡെ ഷോപ്പിങ് മാളിനോട് ചേർന്ന പാർക്കിങ് ഏരിയയിലെ സുരക്ഷാ ബൂത്തിലായിരുന്നു അദ്ദേഹം ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഭൂചലനത്തെ തുടർന്ന് ഏഴുനില കെട്ടിടം തകർന്നുവീണെങ്കിലും, കോൺക്രീറ്റിൽ നിർമ്മിച്ചിരുന്ന ചെറിയ സുരക്ഷാ ബൂത്ത് ഒരു സംരക്ഷണ കവചം പോലെ പ്രവർത്തിച്ചതാണ് അദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചത്.

ഭൂചലനത്തിന് ദിവസങ്ങൾക്കുശേഷം ഞായറാഴ്ചയാണ് കോസ്റ്റാറിക്കൻ റെഡ് ക്രോസിലെ പാരാമെഡിക് അല്ലൻ മാഡ്രിഗൽ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് നേരിയ സഹായവിളി കേട്ടത്. ആദ്യം കേട്ടത് യാഥാർഥ്യമാണോയെന്ന് സംശയിച്ച അദ്ദേഹം സഹപ്രവർത്തകനെ വിളിച്ച് ശബ്ദം സ്ഥിരീകരിച്ചു. അതോടെ ഗിലിനെ ജീവനോടെ രക്ഷിക്കാനുള്ള പ്രത്യേക ദൗത്യം ആരംഭിച്ചു.

ഗിലിനെ കണ്ടെത്തിയെങ്കിലും അദ്ദേഹത്തിനുമുകളിലായി ഏകദേശം 140 ടൺ കോൺക്രീറ്റ് അവശിഷ്ടങ്ങൾ ഉണ്ടായിരുന്നതിനാൽ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായി. രക്ഷാപ്രവർത്തനത്തിനിടെ ചെറിയ ദ്വാരത്തിലൂടെ ഗിലിന് കുടിവെള്ളം, ഭക്ഷണം, മരുന്നുകൾ എന്നിവ എത്തിച്ചു. ശരീരത്തിലെ ജലാംശം നിലനിർത്താൻ ഇൻട്രാവീനസ്  ദ്രാവകവും നൽകി. പൊടിയിൽ നിന്ന് സംരക്ഷിക്കാനായി മുഖാവരണവും പിന്നീട് കണ്ണുകൾക്കായി സുരക്ഷാ കണ്ണടയും കൈമാറി. ചെറിയ ക്യാമറ ഉപയോഗിച്ച് അദ്ദേഹവുമായി നേരിട്ട് ആശയവിനിമയം നടത്തുകയും ആരോഗ്യനില നിരന്തരം വിലയിരുത്തുകയും ചെയ്തു.

വെനസ്വേല, ചിലി, കോസ്റ്റാറിക്ക, എൽ സാൽവദോർ, മെക്സിക്കോ, പോർച്ചുഗൽ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധ രക്ഷാപ്രവർത്തകർ സംയുക്തമായാണ് ഈ ദൗത്യം നടത്തിയത്. അദ്ദേഹത്തിനരികിൽ എത്താൻ രക്ഷാപ്രവർത്തകർ നിർമിച്ച പാതകൾ നിരവധി തവണ തകർന്നുവീണത് രക്ഷാദൗത്യത്തെ കൂടുതൽ അപകടകരമാക്കി.

മെക്സിക്കൻ റെഡ് ക്രോസിലെ മാർക്കോ അന്റോണിയോ ഫ്രാങ്കോ പറയുന്നതനുസരിച്ച്, ഗിൽ മുഴുവൻ സമയവും ആത്മവിശ്വാസത്തോടെ രക്ഷാപ്രവർത്തകരുമായി സംസാരിച്ചിരുന്നു. തനിക്ക് ഇഷ്ടമുള്ള രുചിയിലുള്ള ഹൈഡ്രേഷൻ പാനീയം പോലും അദ്ദേഹം ആവശ്യപ്പെട്ടു. കുടുംബത്തെക്കുറിച്ചും രക്ഷാദൗത്യത്തെക്കുറിച്ചും അദ്ദേഹം രക്ഷപ്രവർത്തകരുമായി നിരന്തരം സംസാരിച്ചിരുന്നതായും ഫ്രാങ്കോ പറയുന്നു. ഗിലിനെ ആദ്യം കണ്ടെത്തിയ കോസ്റ്റാറിക്കൻ റെഡ് ക്രോസിലെ മാഡ്രിഗൽ, ഈ ദൗത്യം എന്നെ പൂർണമായും മാറ്റിമറിച്ചതായും പ്രതികരിച്ചു. ചിലിയിലെ അഗ്നിശമന സേനാംഗം ഈ ദൗത്യത്തെ "താൻ ഇതുവരെ നേരിട്ടതിൽ ഏറ്റവും സങ്കീർണ്ണവും സാങ്കേതികമായി ഏറ്റവും ദുഷ്കരവുമായ രക്ഷാപ്രവർത്തനം" എന്നാണ് വിശേഷിപ്പിച്ചത്.

 ഇരട്ട ഭൂചലനത്തിൽ വെനസ്വേലയിൽ ഇതുവരെ 2,300-ലധികം പേർ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. പതിനായിരക്കണക്കിന് ആളുകളെ ഇപ്പോഴും കാണാതായവരായി കണക്കാക്കുന്നതിനാൽ തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്. ഹെർനാൻ ഗിലിന്റെ അത്ഭുതകരമായ രക്ഷപ്പെടൽ ദുരന്തത്തിനിടയിലും പ്രത്യാശയുടെ പ്രതീകമായി മാറിയിരിക്കുകയാണ്.

Tags:    
News Summary - Venezuela quake: Man miraculously rescued alive after 8 days under 140 tons of rubble

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.