ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിൽ ബ്രിക്സ് കൂട്ടായ്മയുടെ അധ്യക്ഷ പദവി വഹിക്കുന്ന ഇന്ത്യ സ്വതന്ത്രമായ നിലപാട് സ്വീകരിക്കണമെന്ന് ഇറാൻ. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ടെലിഫോൺ സംഭാഷണത്തിലാണ് ഇറാൻ പ്രസിഡന്റ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇറാൻ ഒരിക്കലും യുദ്ധം തുടങ്ങിവെച്ചിട്ടില്ലെന്നും സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി.
യുദ്ധം ആരുടെയും താൽപര്യങ്ങൾ സംരക്ഷിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകി. ഊർജ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ആഗോള ഭക്ഷ്യ-ഊർജ സുരക്ഷയെ ബാധിക്കുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കിലെ സുരക്ഷയും പേർഷ്യൻ ഗൾഫിലെ കപ്പൽ ഗതാഗത സ്വാതന്ത്ര്യവും ഉറപ്പാക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഇറാനിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ അദ്ദേഹം പെസഷ്കിയാന് നന്ദി അറിയിച്ചു.
മിനാബിലെ സ്‌കൂളിന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിൽ 168 വിദ്യാർഥികൾ കൊല്ലപ്പെട്ട സംഭവം അതീവ ദാരുണമാണെന്ന് പെസഷ്കിയാൻ ഫോൺ സംഭാഷണത്തിൽ ചൂണ്ടിക്കാട്ടി. ആണവ ചർച്ചകൾ പുരോഗമിക്കവെ യാതൊരു നിയമപരമായ അടിത്തറയുമില്ലാതെയാണ് ഇറാനെതിരെ സൈനിക നീക്കം നടന്നത്. മുതിർന്ന സൈനിക കമാൻഡർമാരും സാധാരണക്കാരും ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇറാൻ ആണവായുധങ്ങൾ നിർമിക്കുന്നുവെന്ന ആരോപണങ്ങൾ അദ്ദേഹം തള്ളി. ആണവായുധങ്ങൾക്കെതിരെ പരമോന്നത നേതാവ് നേരത്തെ തന്നെ നിയമം പുറപ്പെടുവിച്ചിട്ടുണ്ടെന്നും അന്താരാഷ്ട്ര നിരീക്ഷകർക്ക് മുമ്പിൽ ചർച്ചകൾക്ക് തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദേശ ഇടപെടലുകളില്ലാതെ പശ്ചിമേഷ്യൻ രാജ്യങ്ങൾക്കിടയിൽ സമാധാനം ഉറപ്പാക്കാൻ ഒരു പ്രാദേശിക സുരക്ഷ ചട്ടക്കൂട് രൂപവത്കരിക്കണമെന്ന് ഇറാൻ പ്രസിഡന്റ് നിർദേശിച്ചു. മേഖലയിലെ അസ്ഥിരതയ്ക്ക് കാരണം ഇറാനല്ല, മറിച്ച് പലസ്തീനിലും ലെബനനിലും ഖത്തറിലും ആക്രമണം നടത്തുന്ന ഇസ്രായേലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നതൻസ് ആണവനിലയത്തിന് നേരെ അമേരിക്കയും ഇസ്രായേലും സംയുക്ത ആക്രമണം നടത്തിയെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഇരു നേതാക്കളുടെയും നിർണായക സംഭാഷണം നടന്നത്. തുടർന്ന്, വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ഇറാൻ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്‌ചിയുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.