യു.എസ് അംബാസഡർ സെർജിയോ ഗോറും പ്രധാനമന്ത്രി നരേന്ദ്ര മോദിയും

ഇന്ത്യ-യു.എസ് വ്യാപാരക്കരാർ ഉടൻ യാഥാർത്ഥ്യമാകും; നിർണ്ണായക പ്രഖ്യാപനവുമായി യു.എസ് അംബാസഡർ

വാഷിങ്ടൺ: ഇന്ത്യയുമായുള്ള വ്യാപാരക്കരാർ അന്തിമഘട്ടത്തിലെന്ന് യു.എസ് അംബാസഡർ സെർജിയോ ഗോർ. കരാർ പൂർത്തിയാക്കാൻ ഇനി ഒന്നോ രണ്ടോ ശതമാനം നടപടികൾ മാത്രമാണ് ബാക്കിയുള്ളതെന്ന് സെർജിയോ പറഞ്ഞു. നയതന്ത്ര തലത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്ന പ്രചാരണങ്ങളെ തള്ളിക്കൊണ്ടാണ് സെർജിയോ ഇക്കാര്യം അറിയിച്ചത്.

ഒമ്പതാമത് യു.എസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ട്ണർഷിപ്പ് ഫോറം ലീഡർഷിപ്പ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അംബാസഡർ. ഇന്ത്യയുമായുള്ള ബന്ധം അതിശക്തമാണെന്നും, ഇരുരാജ്യങ്ങൾക്കും ഗുണകരമാകുന്ന 'വിൻ-വിൻ' സാഹചര്യത്തിനാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഏകദേശം 18 മാസമായി നടന്നുവരുന്ന വ്യാപാരക്കരാർ ചർച്ചകൾ, സുപ്രീം കോടതിയുടെ സമീപകാല ഇടപെടലിനെത്തുടർന്ന് അല്പകാലം മന്ദഗതിയിലായിരുന്നു. എന്നാൽ, യു.എസ് ട്രേഡ് റെപ്രസെന്റേറ്റീവ് ജാമിയേസൺ ലീ ഗ്രീറിന്റെ ഡൽഹി സന്ദർശനത്തോടെ ചർച്ചകൾ വീണ്ടും വേഗത്തിലാക്കാൻ കഴിഞ്ഞു. കരാറിന്റെ ഭൂരിഭാഗം നടപടികളും പൂർത്തിയായിട്ടുണ്ടെന്നും നിയമപരമായ ചില ചെറിയ കാര്യങ്ങൾ മാത്രമാണ് ഇനി തീർക്കാനുള്ളതെന്നും സെർജിയോ കൂട്ടിച്ചേർത്തു.

ഈ വർഷം മാത്രം ഇന്ത്യയിൽ നിന്ന് 20.5 ബില്യൺ ഡോളറിന്റെ വൻ നിക്ഷേപമാണ് അമേരിക്കയിലേക്ക് എത്തിയത്. യൂറോപ്യൻ രാജ്യങ്ങളിലെ യു.എസ് എംബസികളുമായി താരതമ്യം ചെയ്യുമ്പോൾ ഈ നേട്ടം അഭിമാനകരമാണെന്ന് ഗോർ ചൂണ്ടിക്കാട്ടി. മറ്റ് രാജ്യങ്ങളിൽ കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം മാത്രം ലഭിക്കുമ്പോൾ, ഇന്ത്യയിലെ എംബസി കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം ഉറപ്പാക്കി മുന്നേറുകയാണെന്ന് സെർജിയോ പറഞ്ഞു.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം തകർച്ചയിലാണെന്ന സമൂഹമാധ്യമങ്ങളിലെ വാദങ്ങളെയും അദ്ദേഹം തള്ളിക്കളഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കേവലം ഒന്നോ രണ്ടോ വർഷത്തേക്കുള്ളതല്ലെന്നും, വരാനിരിക്കുന്ന പതിറ്റാണ്ടുകളെ സ്വാധീനിക്കുന്ന ഒന്നാണെന്നും സെർജിയോ വ്യക്തമാക്കി. പ്രതിരോധം, വ്യാപാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങി എല്ലാ തലങ്ങളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അതിശക്തമാണെന്ന് സെർജിയോ പറഞ്ഞു. പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് ലക്ഷ്യമിട്ട 500 ബില്യൺ ഡോളറിന്റെ ഉഭയകക്ഷി വ്യാപാര ലക്ഷ്യത്തിലേക്ക് എത്താനുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.  

 

Tags:    
News Summary - US envoy Sergio Gor declares India-US trade pact nears finish line

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.