റാമല്ല: ഫലസ്തീനിലെ ഇന്ത്യൻ പ്രതിനിധി ഓഫീസ് പ്രവർത്തനമാരംഭിച്ചിട്ട് 30 വർഷം. സൗഹൃദം, ഐക്യദാർഢ്യം, വികസന സഹകരണം എന്നിവയിൽ അധിഷ്ഠിതമായ മൂന്നു പതിറ്റാണ്ടുകളുടെ നയതന്ത്ര ബന്ധമാണ് ഇന്ത്യയും ഫലസ്തീനും തമ്മിലുള്ളത്. ഈ ചരിത്രപരമായ വേളയിൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ മൂന്നു പതിറ്റാണ്ടുകളെ അടയാളപ്പെടുത്തുന്ന പ്രത്യേക ഡോക്യുമെന്ററി ഇന്ത്യൻ പ്രതിനിധി ഓഫീസ് പുറത്തിറക്കി.
ഫലസ്തീനിലെ ഇന്ത്യൻ പ്രതിനിധി ഓഫീസിന്റെ ഔദ്യോഗിക 'എക്സ്' അക്കൗണ്ടിലൂടെയാണ് ഡോക്യുമെന്ററി പങ്കുവെച്ചത്. കഴിഞ്ഞ 30 വർഷമായി വിദ്യാഭ്യാസം, ശേഷിവികസനം, സാംസ്കാരിക കൈമാറ്റം, വികസന പദ്ധതികൾ തുടങ്ങിയ മേഖലകളിൽ ഇന്ത്യ നൽകിയ സംഭാവനകൾ ഡോക്യുമെന്ററിയിൽ എടുത്തുപറയുന്നു.
ഫലസ്തീനിലെ ഭരണകൂട സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക സമൂഹത്തിന് കൈത്താങ്ങാവുന്ന വിവിധ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനും ഇന്ത്യക്ക് സാധിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ജനങ്ങൾക്കിടയിലെ ബന്ധത്തെയും പങ്കാളിത്തത്തെയും കുറിച്ചുള്ള ദൃശ്യവിരുന്നാണ് ഈ ഡോക്യുമെന്ററി. നയതന്ത്ര തലത്തിൽ മാത്രമല്ല, ജനങ്ങൾ തമ്മിലുള്ള സ്നേഹത്തിന്റെയും സഹകരണത്തിന്റെയും ദൃഢമായ അടിത്തറയിലാണ് ഈ ബന്ധം നിലകൊള്ളുന്നതെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.