‘ഓപറേഷൻ അമിസ്റ്റാഡ്’; ഇന്ത്യയുടെ സഹായ ഹസ്തത്തിന് നന്ദിപറഞ്ഞ് വെനസ്വേല സർക്കാർ

കാരക്കാസ്: വെനിസ്വേലയിലെ ഭൂകമ്പ ദുരിത ബാധിതർക്കായി ഇന്ത്യ നടത്തുന്ന രക്ഷാ-വൈദ്യസഹായ ദൗത്യത്തിന് നന്ദി അറിയിച്ച് വെനസ്വേല സർക്കാർ. ഇന്ത്യൻ സൈന്യത്തിന്റെ മെഡിക്കൽ സംഘം ‘ഓപറേഷൻ അമിസ്റ്റാഡ്’ പദ്ധതിയുടെ ഭാഗമായി പരിചയ സമ്പന്നരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ ഫീൽഡ് ആശുപത്രികൾ സ്ഥാപിച്ചിരുന്നു. വെനസ്വേലയുടെ വിദേശകാര്യ മന്ത്രാലയത്തിലെ മന്ത്രി ആൻഡ്രിയ കോറാവോ ഫാരിയ ഇന്ത്യൻ ഫീൽഡ് ആശുപത്രി സന്ദർശിച്ച് മെഡിക്കൽ സംഘത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.

ഭൂകമ്പ ബാധിതർക്കായി ഇന്ത്യ നൽകുന്ന ചികിത്സയും ദുരിതാശ്വാസവും ഇരു രാജ്യങ്ങളുടെയും സൗഹൃദം കൂടുതൽ ശക്തമാക്കുന്നതായി അവർ പറഞ്ഞു. ജൂൺ 24ന് വെനസ്വേലയിലുണ്ടായ ഇരട്ട ഭൂകമ്പത്തിൽ 1700ലധികം പേരാണ് ഇതുവരെ മരിച്ചത്. ആയിരക്കണക്കിന് പേർ​ക്ക് പരിക്കേൽക്കുകയും നിരവധിപേരെ കാണാതാകുകയും ചെയ്തു. റിക്ടർ സ്കെയിലിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പങ്ങൾ ​രാജ്യത്തുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിൽ ഒന്നായിരുന്നു. രാജ്യം മുഴുവൻ നാശം വിതച്ച ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങളാണ് തകർന്നത്.

ഇന്ത്യൻ വ്യോമസേനയുടെ രണ്ട് സി-17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങളിലായി ഏകദേശം 66 ടൺ ദുരിതാശ്വാസ സാമഗ്രികൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, കൂടാതെ രണ്ട് ഭീഷ്മ് ക്യൂബ് (ഭാരത് ഹെൽത്ത് ഇനീഷ്യേറ്റീവ് ഫോർ സഹ്യോഗ് ഹിത ആൻഡ് മൈത്രി) മൊബൈൽ ആശുപത്രികളും വെനസ്വേലയിലെത്തിച്ചിരുന്നു. അത്യാധുനികവും അതിവേഗം വിന്യസിക്കാനാകുന്നതുമായ മൊഡ്യൂളർ ഫീൽഡ് ആശുപത്രിയായ ഭീഷ്മ് ക്യൂബ് വഴി 200 രോഗികൾക്ക് വരെ അടിയന്തര ചികിത്സ, ശസ്ത്രക്രിയ, തീവ്രപരിചരണം എന്നിവ നൽകാൻ കഴിയും. ഇന്ത്യൻ സൈന്യത്തിന്റെ ഫീൽഡ് ആശുപത്രി 24 മണിക്കൂറും സൗജന്യ ചികിത്സ നൽകുന്നുണ്ട്. സൈന്യത്തിന്റെ നേതൃത്വത്തിൽ തിരച്ചിൽ- രക്ഷാദൗത്യങ്ങളും തുടരുന്നുണ്ട്.

ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം ഏകദേശം 70 ലക്ഷത്തോളം ആളുകളെ ഈ ഭൂകമ്പ ദുരന്തം ബാധിച്ചിട്ടുണ്ടാകാമെന്നാണ് വിലയിരുത്തൽ. കാരാകാസ്, ലാ ഗുയറ തുടങ്ങിയ മേഖലകൾ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ തകരാറിലായതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായി തുടരുകയാണ്. നിരവധി രാജ്യങ്ങൾ വെനിസ്വേലക്ക് സഹായവുമായി രംഗത്തെത്തിയിരുന്നു.  

Tags:    
News Summary - Venezuela appreciates Indias earthquake relief mission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.