വാഷിങ്ടൺ: ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ എക്സിക്യൂട്ടീവ് ഉത്തരവ് യു.എസ് സുപ്രീംകോടതി റദ്ദാക്കി. ഒമ്പതംഗ ബെഞ്ചിൽ 6-3 ഭൂരിപക്ഷത്തിനാണ് ട്രംപിന്‍റെ ഉത്തരവ് തള്ളിക്കൊണ്ട് സുപ്രീംകോടതിയുടെ സുപ്രധാന വിധിയുണ്ടായത്.
രാജ്യത്ത് അനധികൃതമായോ, താൽക്കാലികമായോ താമസിക്കുന്നവർക്ക് ജനിക്കുന്ന മക്കൾ അമേരിക്കൻ പൗരന്മാരല്ലെന്ന് പ്രഖ്യാപിച്ച ട്രംപിന്‍റെ എക്സിക്യൂട്ടീവ് ഉത്തരവാണ് കോടതി തള്ളിയത്. യു.എസ് ഭരണഘടനയുടെ പതിനാലാം ഭേദഗതി ഉറപ്പുനൽകുന്ന ഭരണഘടനാപരമായ പരിരക്ഷകളെ സുപ്രീം കോടതി ശരിവെച്ചു. ട്രംപിന്‍റെ ഉത്തരവ് 1868ലെ പതിനാലാം ഭേദഗതിയുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.
യു.എസിൽ ജനിക്കുന്ന രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ മക്കൾ ഭരണഘടനയുടെ സിറ്റിസൺഷിപ്പ് ക്ലോസിന്റെ (Citizenship Clause) പരിധിയിൽ വരുമെന്ന് ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് വ്യക്തമാക്കി. ജസ്റ്റിസുമാരായ സോണിയ സോട്ടോമയർ, എലീന കഗാൻ, എമി കോണി ബാരറ്റ്, കെറ്റാൻജി ബ്രൗൺ ജാക്സൺ എന്നിവർ ചീഫ് ജസ്റ്റിസ് റോബർട്ട്സിനൊപ്പം ചേർന്നു. ജസ്റ്റിസ് ബ്രെറ്റ് കവനോ വിധിയോട് ഭാഗികമായി യോജിക്കുകയും ഭാഗികമായി വിയോജിക്കുകയും ചെയ്തു. ജസ്റ്റിസുമാരായ ക്ലാരൻസ് തോമസ്, സാമുവൽ അലിറ്റോ, നീൽ ഗോർസച്ച് എന്നിവർ വിയോജിച്ചു.
എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ജന്മാവകാശ പൗരത്വം നിയന്ത്രിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങൾക്ക് സുപ്രീംകോടതി ഉത്തരവ് കനത്ത തിരിച്ചടിയാണ്. 2025 ജനുവരിയിൽ രണ്ടാം തവണ അധികാരമേറ്റ ആദ്യദിനം തന്നെ ട്രംപ് ഒപ്പിട്ട എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെയാണ് ജന്മാവകാശ പൗരത്വം റദ്ദാക്കിയത്. അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് ഉത്തരവെന്നായിരുന്നു ട്രംപിന്‍റെ വാദം. എന്നാൽ, വിവിധ സംസ്ഥാനങ്ങളും മനുഷ്യാവകാശ സംഘടനകളും ഉത്തരവിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു.
അമേരിക്കയിൽ ജനിക്കുന്ന ആർക്കും അവരുടെ മാതാപിതാക്കളുടെ കുടിയേറ്റ പദവി പരിഗണിക്കാതെ തന്നെ ജനനത്താൽ യു.എസ് പൗരത്വം ലഭിക്കുമെന്ന ഭരണഘടനാ തത്വമാണിത്. 1868ൽ അംഗീകരിച്ച പതിനാലാം ഭേദഗതിയിലെ സിറ്റിസൺഷിപ്പ് ക്ലോസ് ആണ് ഈ അവകാശം ഉറപ്പുനൽകുന്നത്.
ജന്മനാലുള്ള പൗരത്വം ഒരാൾക്ക് ജനനം മുതൽ യു.എസ് പൗരനെന്ന നിലയിലുള്ള എല്ലാ ഭരണഘടനാപരമായ അവകാശങ്ങളും കടമകളും ഉറപ്പ് നൽകുന്നു. ഇതിൽ യു.എസ് പാസ്‌പോർട്ട് നേടാനുള്ള അവകാശം, പ്രായപൂർത്തി വോട്ടവകാശം, കുടിയേറ്റ നിയന്ത്രണങ്ങളില്ലാതെ രാജ്യത്ത് ജീവിക്കാനും ജോലി ചെയ്യാനുമുള്ള അവകാശം എന്നിവ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.