പ്രസിഡന്റിന് പരമാധികാരം: ഫെഡറൽ ഏജൻസി തലവന്മാരെ എപ്പോൾ വേണമെങ്കിലും പുറത്താക്കാം; യു.എസ് സുപ്രീം കോടതിയുടെ ചരിത്രവിധി

വാഷിങ്ടൺ: അമേരിക്കയിലെ സ്വതന്ത്ര ഫെഡറൽ ഏജൻസികളുടെ തലവന്മാരെ പദവിയിൽ നിന്ന് നീക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തെ പൂർണമായി ശരിവെച്ചുകൊണ്ട് യു.എസ്. സുപ്രീം കോടതിയുടെ നിർണ്ണായക വിധി. ഇതോടെ യു.എസ്. പ്രസിഡന്റിന്റെ ഭരണനിർവ്വഹണ അധികാരങ്ങൾ ശക്തമായിരിക്കുകയാണ്. എന്നാൽ, രാജ്യത്തെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ്വിനെ മാത്രം കോടതി ഈ പരിധിയിൽ നിന്ന് താല്ക്കാലികമായി ഒഴിവാക്കിയിട്ടുണ്ട്. ഇത് ട്രംപിന്റെ സമ്പൂർണ്ണാധിപത്യ നീക്കങ്ങൾക്കേറ്റ ചെറിയൊരു തിരിച്ചടിയായും വിലയിരുത്തപ്പെടുന്നുണ്ട്.

ഭവനവായ്പ തട്ടിപ്പ് ആരോപണം ഉന്നയിച്ച് തന്നെ പുറത്താക്കാനുള്ള റിപ്പബ്ലിക്കൻ പ്രസിഡന്റ് ട്രംപിന്റെ നീക്കത്തിനെതിരെ ശക്തമായ നിയമപോരാട്ടം നടത്തുന്ന ഫെഡറൽ റിസർവ് ഗവർണർ ലിസ കുക്കിന് തൽസ്ഥാനത്ത് തുടരാൻ സുപ്രീം കോടതി ജഡ്ജിമാർ അനുമതി നൽകി. തനിക്കെതിരെ ഉയർന്നിട്ടുള്ള എല്ലാ ആരോപണങ്ങളും ലിസ കുക്ക് പൂർണ്ണമായി നിഷേധിച്ചിട്ടുണ്ട്. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാകാതെ ലിസയെ പുറത്താക്കാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

രാജ്യത്തെ പലിശനിരക്കുകൾ നിശ്ചയിക്കുന്ന കേന്ദ്ര ബാങ്ക് ഒഴികെയുള്ള മറ്റെല്ലാ ഫെഡറൽ ഏജൻസികളുടെയും തലവന്മാരെ യാതൊരു കാരണവുമില്ലാതെ പുറത്താക്കാൻ പ്രസിഡന്റിന് പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്ന് കോടതി അടിവരയിട്ടു പറഞ്ഞു. ഏജൻസി തലവന്മാരെ മാറ്റണമെങ്കിൽ വ്യക്തമായ കാരണം വേണമെന്ന നിലവിലെ ഫെഡറൽ നിയമങ്ങളെയും, ഭരണനിർവ്വഹണ അധികാരങ്ങൾക്ക് പരിധി നിശ്ചയിച്ചിരുന്ന 91 വർഷം പഴക്കമുള്ള കോടതിവിധിയെയും പൂർണ്ണമായി മറികടന്നാണ് സുപ്രീം കോടതിയുടെ ഈ പുതിയ ഉത്തരവ് വന്നിരിക്കുന്നത്.

രാഷ്ട്രീയ സ്വാധീനങ്ങളോ സമ്മർദങ്ങളോ ഇല്ലാതെ സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാൻ ഏജൻസി ബോർഡ് അംഗങ്ങൾക്ക് സംരക്ഷണം നൽകിയിരുന്ന 1935ലെ 'ഹംഫ്രീസ് എക്സിക്യൂട്ടർ' എന്ന മുൻകാല ഏകകണ്ഠമായ വിധി, സുപ്രീം കോടതിയിലെ ഒമ്പതംഗ ബെഞ്ചിലെ ആറ് കൺസർവേറ്റീവ് ജഡ്ജിമാരുടെ ഭൂരിപക്ഷത്തോടെ ഇപ്പോൾ റദ്ദാക്കപ്പെട്ടിരിക്കുകയാണ്.

"ഇത്തരത്തിൽ ഉദ്യോഗസ്ഥരെ പദവിയിൽ നിന്ന് പുറത്താക്കുന്നതിൽ നിന്നും അവർക്ക് നിയമപരമായ പരിരക്ഷ നൽകുന്നത്, അമേരിക്കൻ ഭരണഘടന വിഭാവനം ചെയ്യുന്ന അധികാര വികേന്ദ്രീകരണ തത്വങ്ങൾക്ക് തികച്ചും വിരുദ്ധമാണ്," എന്ന് ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് കോടതിക്ക് വേണ്ടി എഴുതിയ വിധിന്യായത്തിൽ വ്യക്തമാക്കുന്നു. ഭരണഘടനയനുസരിച്ച് എക്സിക്യൂട്ടീവ് അധികാരങ്ങളുടെ തലവൻ പ്രസിഡന്റാണെന്നും, അതിനാൽ ഏജൻസി തലവന്മാരെ മാറ്റാൻ പ്രസിഡന്റിന് പൂർണ്ണ അവകാശമുണ്ടെന്നുമാണ് കോടതിയുടെ നിരീക്ഷണം.

ഈ വിധി അമേരിക്കൻ രാഷ്ട്രീയത്തിലും ഭരണസംവിധാനത്തിലും വലിയ തോതിലുള്ള അഴിച്ചുപണികൾക്ക് വഴിതുറക്കും. ഫെഡറൽ ട്രേഡ് കമ്മീഷൻ (FTC), നാഷണൽ ലേബർ റിലേഷൻസ് ബോർഡ് (NLRB) തുടങ്ങിയ പ്രമുഖ സ്വതന്ത്ര ഏജൻസികളുടെ പ്രവർത്തനങ്ങളിൽ ഇനിമുതൽ വൈറ്റ് ഹൗസിന് നേരിട്ട് ഇടപെടാനും, തങ്ങൾക്ക് താല്പര്യമില്ലാത്ത ഉദ്യോഗസ്ഥരെ ഉടനടി മാറ്റാനും ട്രംപിന് സാധിക്കും. പ്രതിപക്ഷമായ ഡെമോക്രാറ്റുകൾ ഈ വിധിക്കെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

Tags:    
News Summary - Supreme Court Expands Trump's Powers, Shields Federal Governor Cook

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.