മൈക്രോസോഫ്റ്റ്

ഗസ്സ വംശഹത്യയിൽ മൈക്രോസോഫ്റ്റിന്റെ പങ്കാളിത്തം: എൻജിനീയറുടെ രാജിക്ക് പിന്നാലെ സഹപ്രവർത്തകർക്ക് അയച്ച ഇമെയിൽ ചർച്ചയാകുന്നു

ന്യൂയോർക്ക്: മൈക്രോസോഫ്റ്റിലെ ജോലി രാജിവെച്ച് പടിയിറങ്ങുമ്പോൾ കമ്പനിയുടെ ആയിരക്കണക്കിന് സഹപ്രവർത്തകർക്ക് നൂർ എന്ന ജീവനക്കാരൻ അയച്ച ഇമെയിൽ ചർച്ചയാവുന്നു. മൈക്രോസോഫ്റ്റിന്റെ ഇറ്റലിയിലെ ഡാറ്റാ സെന്ററിൽ ക്രിട്ടിക്കൽ എൻവയോൺമെന്റ് ടെക്നീഷ്യനായിരുന്ന നൂർ, ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന വംശഹത്യയിലെ മൈക്രോസോഫ്റ്റിന്റെ പങ്ക് ആരോപിച്ചാണ് രാജിവെച്ചത്.

‘കഴിഞ്ഞ 994 ദിവസങ്ങളായി, മൈക്രോസോഫ്റ്റ് ഗസ്സ വംശഹത്യക്ക് ആക്കം കൂട്ടുകയാണ്’ എന്ന് നൂർ ഇമെയിലിൽ പറയുന്നു. തങ്ങളുടെ യൂറോപ്യൻ ഡാറ്റാ സെന്ററുകളെ മൈക്രോസോഫ്റ്റ് നിരീക്ഷണ കേന്ദ്രങ്ങളാക്കി മാറ്റുകയാണെന്നും, ഫലസ്തീനെ ഡിജിറ്റൽ ആയുധങ്ങൾ പരീക്ഷിക്കാനുള്ള ലബോറട്ടറിയായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്.

ഇസ്രായേലിന്റെ യൂണിറ്റ് 8200 ഫലസ്തീനികളുടെ ഫോൺ കോളുകൾ ഇന്റർസെപ്റ്റ് ചെയ്ത് മൈക്രോസോഫ്റ്റിന്റെ അസൂർ (Azure) പ്ലാറ്റ്‌ഫോമിൽ സൂക്ഷിച്ചിരുന്നതായും നൂർ ചൂണ്ടിക്കാട്ടി. ഈ വിവരങ്ങൾ വ്യോമാക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിനും, എ.ഐ-ടാർഗെറ്റിങ് പ്രോഗ്രാമുകൾക്കും ഇസ്രായേൽ സൈന്യം ഉപയോഗിക്കുന്നുവെന്നും നൂർ ആരോപിക്കുന്നുണ്ട്.

എന്നാൽ നൂറിന്റെ രാജി ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മൈക്രോസോഫ്റ്റ് ജീവനക്കാരുടെ കൂട്ടായ്മയായ 'നോ അസൂർ ഫോർ അപ്പാർത്തീഡ്' കമ്പനിക്കെതിരെ നിരന്തരമായ പ്രതിഷേധങ്ങൾ നടത്തിവരികയാണ്. കമ്പനിയുടെ സിയാറ്റിലിലെ ആസ്ഥാനത്ത് പ്രതിഷേധക്കാർ 'ലിബറേറ്റഡ് സോൺ' എന്ന പേരിൽ ക്യാമ്പ് ചെയ്ത് പ്രതിഷേധിച്ചിരുന്നു. ഇത്തരം സമ്മർദങ്ങൾ കാരണമാണ് ഇസ്രായേൽ സൈനിക ചാര ഏജൻസിയായ യൂണിറ്റ് 8200-മായുള്ള കരാർ അവസാനിപ്പിക്കാൻ മൈക്രോസോഫ്റ്റ് നിർബന്ധിതമായതെന്ന് ഈ കൂട്ടായ്മ അവകാശപ്പെടുന്നു. കൂടാതെ, ആഭ്യന്തര അന്വേഷണത്തിന് പിന്നാലെ 2026 മെയ് മാസത്തിൽ മൈക്രോസോഫ്റ്റ് തങ്ങളുടെ ഇസ്രായേൽ ജനറൽ മാനേജരെ നീക്കം ചെയ്തിരുന്നു.

‘നമ്മളാണ് മൈക്രോസോഫ്റ്റിന്റെ സാങ്കേതികവിദ്യ നിർമിക്കുന്നത്. നമ്മുടെ അധ്വാനത്തെ തിരികെ പിടിക്കാനുള്ള അധികാരവും ഉത്തരവാദിത്തവും നമുക്കുണ്ട്’ എന്ന് എഴുതിയ നൂർ, സഹപ്രവർത്തകരോട് 'വർക്കർ ഇൻതിഫാദ'യിൽ ചേരാനും തങ്ങളുടെ അധ്വാനം പിൻവലിക്കാൻ പ്രതിജ്ഞയെടുക്കാനും ഇമെയിലിലൂടെ ആഹ്വാനം ചെയ്തിട്ടുണ്ട്. ‘ഫ്രീ പലസ്തീൻ, നൂർ’ എന്ന് ഒപ്പിട്ടുകൊണ്ടാണ് അദ്ദേഹം തന്റെ ഇമെയിൽ അവസാനിപ്പിച്ചത്.

ഗസ്സയിൽ വംശഹത്യ തുടരുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്. ഗസ്സയിലെ മിക്ക അടിസ്ഥാന സൗകര്യങ്ങളും തകർക്കപ്പെടുകയും, ഭക്ഷണത്തിനും വെള്ളത്തിനും മരുന്നിനും വേണ്ടി ജനങ്ങൾ ഇപ്പോഴും വലയുന്ന സാഹചര്യമാണുള്ളത്. ഇതിനിടെ, ഫലസ്തീൻ ജനതക്ക് നേരെയുള്ള ഡിജിറ്റൽ നിരീക്ഷണവും ആയുധ പ്രയോഗവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ആഗോള മനുഷ്യാവകാശ സംഘടനകളും സാങ്കേതികവിദ്യ കമ്പനികൾക്കെതിരെ വലിയ രീതിയിലുള്ള നിയമപോരാട്ടങ്ങളും ക്യാമ്പയ്‌നുകളും ശക്തമാക്കിയിട്ടുണ്ട്. 

Tags:    
News Summary - Microsoft Engineer Resigns Over Company’s Alleged Complicity in Gaza Genocide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.