തെഹ്റാൻ: ഹുർമുസ് ദ്വീപിനു സമീപം യു.എസിന്‍റെ എഫ് -15 യുദ്ധവിമാനം വെടിവെച്ചിട്ടെന്ന് ഇറാൻ വ്യോമ പ്രതിരോധ സേന. തെക്കൻ തീരത്തെ തങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ച ശത്രുവിന്‍റെ എഫ് -15 വിമാനം മിസൈൽ ഉപയോഗിച്ച് തകർത്തെന്ന് ഇറാൻ വ്യോമ സേനയെ ഉദ്ധരിച്ച് ഇറാന്റെ ഔദ്യോഗിക വാർത്ത ഏജൻസിയായ മെഹർ റിപ്പോർട്ട് ചെയ്തു.
കരയിൽനിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈൽ ഉപയോഗിച്ചാണ് വിമാനം തകർത്തത്. വിമാനം തകർക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവിട്ടു. F-15 യുദ്ധവിമാനത്തെ ഇറാൻ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി ലോക്ക് ചെയ്യുന്നതായി അവകാശപ്പെടുന്ന വിഡിയോയാണ് പുറത്തുവന്നത്. ഹുർമുസ് കടലിടുക്കിനു സമീപമുള്ള പ്രധാന സമുദ്ര ഇടനാഴികൾ ഉൾപ്പെടെ ഇറാന്റെ വ്യോമാതിർത്തി സംരക്ഷിക്കുന്നതിനുള്ള പതിവ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടിയെന്നും ഇറാൻ സൈന്യം വ്യക്തമാക്കി. ഇറാന്‍റെ അവകാശവാദത്തോട് യു.എസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
മേഖലയിൽ സൗദി അറേബ്യ, ഇസ്രായേൽ, ഖത്തർ എന്നീ രാജ്യങ്ങളും എഫ് -15 പോർവിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഇറാന്‍റെ അവകാശവാദം ശരിയാണെങ്കിൽ ഇറാൻ യുദ്ധം ആരംഭിച്ചതു മുതൽ യു.എസിന് നഷ്ടമാകുന്ന നാലാമത്തെ എഫ് -15 വിമാനമാണിത്.
മാർച്ച് ഒന്നിന് മൂന്ന് F-15 ഇ വിമാനങ്ങൾ കുവൈത്ത് വ്യോമ പ്രതിരോധ സേന അബദ്ധത്തിൽ വെടിവെച്ചിട്ടിരുന്നു. നേരത്തെ, ഹുർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറന്നില്ലെങ്കിൽ ഇറാന്‍റെ വൈദ്യുത നിലയങ്ങൾ ആക്രമിക്കുമെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
രാജ്യത്തെ വൈദ്യുത നിലയങ്ങൾക്ക് നേരെ ആക്രമണം നടത്തിയാൽ മേഖലയിലെ ഊർജ, എണ്ണ കേന്ദ്രങ്ങൾ ലക്ഷ്യമിടുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബഫും തിരിച്ചടിച്ചു. ഇറാനെതിരെയുള്ള യു.എസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ പങ്കാളികളാകണമെന്ന് ലോക നേതാക്കളോട് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അഭ്യർഥിച്ചു. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിടുകയാണെന്നും യുറോപ്പിലെ വിദൂര സ്ഥലങ്ങൾ വരെ ലക്ഷ്യമിടാനുള്ള ദീർഘദൂര മിസൈൽ ശേഷി ഇറാനുണ്ടെന്നും നെതന്യാഹു പറഞ്ഞു. ഇറാൻ ആക്രമണത്തിൽ വലിയ നാശമുണ്ടായ തെക്കൻ ഇസ്രായേലിലെ അറാദ് പട്ടണം സന്ദർശിക്കുന്നതിനിടെ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഇറാന്‍റെ ബാലിസ്റ്റിക് മിസൈൽ പതിച്ച് ഡിമോന, അറാദ് നഗരങ്ങളിൽ 200ലധികം പേർക്കാണ് പരിക്കേറ്റത്. ഇതിൽ 11 പേരുടെ നില ഗുരുതരമാണ്.
ഷിമോൺ പെരസ് നെഗേവ് എന്ന ഇസ്രായേൽ ആണവ ഗവേഷണ കേന്ദ്രത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച രാവിലെ ഇറാനിലെ നതാൻസ് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടിയായാണ് ഈ ആക്രമണമെന്നാണ് ഇറാന്റെ അവകാശവാദം. നേരത്തെ, ഹുർമുസിലെ തടസ്സം നീക്കാൻ സഹായിക്കാൻ വിസമ്മതിക്കുന്ന ചൈന ഉൾപ്പെടെയുള്ള സഖ്യകക്ഷികളെ ട്രംപ് വിമർശിച്ചിരുന്നു.
പേർഷ്യൻ ഗൾഫിനെ ആഗോള വിപണികളുമായി ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ഇടനാഴിയായ ഹുർമുസ് കടലിടുക്ക്, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ പാതകളിൽ ഒന്നാണ്. ആഗോള എണ്ണ വിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്നും ഹുർമുസ് വഴിയാണ്. യു.എസിനും അതിന്റെ സഖ്യകക്ഷികൾക്കും ഒഴികെ മറ്റെല്ലാവർക്കും പാത തുറന്നുകൊടുക്കും എന്നാണ് ഇറാന്റെ ഔദ്യോഗിക നിലപാടെങ്കിലും, ആക്രമണ ഭീഷണി മൂലം കപ്പൽ ഗതാഗതം പകുതിയിലധികം കുറഞ്ഞു. നിലവിൽ, ഇന്ത്യ, ചൈന, പാകിസ്താൻ, തുർക്കി, ജപ്പാൻ, ഫ്രാൻസ്, ഇറ്റലി എന്നീ രാജ്യങ്ങൾക്ക് ഇറാൻ പച്ചക്കൊടി കാട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.