മാർക്കോ റൂബിയോ

റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിക്കുന്നു; അവകാശവാദവുമായി യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ

മ്യൂണിക്ക്: റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് അവസാനിപ്പിക്കാമെന്ന് ഇന്ത്യ ഉറപ്പുനൽകിയതായി അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷ്യ-യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട ഉപരോധങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് റൂബിയോ ഇക്കാര്യം വ്യക്തമാക്കിയത്.

'ഇന്ത്യയുമായി നടത്തിയ ചർച്ചകളിൽ, അധികമായി റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് അവർ ഞങ്ങൾക്ക് ഉറപ്പുനൽകിയിട്ടുണ്ട്,' റൂബിയോ പറഞ്ഞു. ഫെബ്രുവരി ആദ്യം ഇന്ത്യയുമായി ഒപ്പിട്ട വ്യാപാര കരാറിന് പിന്നാലെ, റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അവകാശപ്പെട്ടിരുന്നു.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിന്റെ പേരിൽ ഇന്ത്യക്ക് മേൽ കഴിഞ്ഞ ഓഗസ്റ്റിൽ ചുമത്തിയ 25% അധിക ഇറക്കുമതി നികുതി (Tariff) ട്രംപ് ഭരണകൂടം ഫെബ്രുവരിയിൽ പിൻവലിച്ചിരുന്നു. പുതിയ വ്യാപാര കരാറിന്റെ ഭാഗമായാണ് ഈ നടപടി. എന്നാൽ, ഊർജ്ജ ഇറക്കുമതിയിൽ 'ദേശീയ താൽപ്പര്യങ്ങൾക്കാണ്' മുൻഗണനയെന്ന നിലപാടിൽ ഇന്ത്യ ഉറച്ചുനിൽക്കുകയാണ്. വിവിധ സ്രോതസ്സുകളിൽ നിന്ന് എണ്ണ വാങ്ങി വിതരണ ശൃംഖല സുരക്ഷിതമാക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം പറഞ്ഞു.

അമേരിക്കക്ക് രാജ്യത്തിന്റെ ഉറപ്പ് ലഭിച്ചുവെന്ന് അവകാശപ്പെടുമ്പോഴും, തങ്ങളുടെ തന്ത്രപരമായ സ്വയംഭരണാധികാരത്തിൽ (Strategic Autonomy) വിട്ടുവീഴ്ചയില്ലെന്ന സൂചനയാണ് ഇന്ത്യൻ വൃത്തങ്ങൾ നൽകുന്നത്. റഷ്യൻ എണ്ണക്ക് പകരമായി അമേരിക്കയിൽ നിന്നോ വെനസ്വേലയിൽ നിന്നോ കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യാനുള്ള സാധ്യതകളാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്.

Tags:    
News Summary - India to stop buying Russian oil: US Secretary of State Marco Rubio

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.