ആക്രമണം 'ഞാൻ മതി എന്ന് പറയുന്നതുവരെ തുടരും'- ട്രംപ്, യു.എസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ; അയവില്ലാതെ യുദ്ധം

വാഷിങ്ടൺ/ തെഹ്റാൻ: ഇറാനിലെ ആക്രമണങ്ങൾ "ഞാൻ മതി എന്ന് പറയുന്നതുവരെ തുടരും" എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈദ്യുതി നിലയങ്ങളും പാലങ്ങളും ഉൾപ്പെടെയുള്ളവയാണ് ലക്ഷ്യമിടുന്നതെന്നും ട്രംപ് തുറന്നടിച്ചു. ഇറാന് കുറച്ച് പോരാട്ടം ബാക്കിയുണ്ടെന്നും പക്ഷേ അധികമൊന്നുമില്ലെന്നും ചൊവ്വാഴ്ച ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം അവകാശപ്പെട്ടു.

'നമ്മൾ അവരുടെ വൈദ്യുത നിലയങ്ങൾ തകർക്കും. അവർ ചർച്ചക്ക് തയ്യാറാവുന്നതുവരെ അവരുടെ എല്ലാ പാലങ്ങളും തകർക്കും' പ്രസിഡന്റ് കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച യു.എസ് പ്രതിനിധികൾ ഇറാനുമായി ചർച്ച നടത്തിയതായും ട്രംപ് പറഞ്ഞു. അതേസമയം ഇറാനിൽ തെക്കൻ നഗരങ്ങളിലുടനീളം ആക്രമണങ്ങൾ നടന്നതായി ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ഹുർമുസ് കടലിടുക്കിലും ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടു.

കുവൈത്തിലെ യു.എസ് ലോജിസ്റ്റിക്സ് ഹബ് അഗ്നിക്കിരയാക്കി എന്ന് ഐ.ആർ.ജി.സി അവകാശപ്പെട്ടു. കുവൈത്തിലെ മിന അബ്ദുല്ലയിൽ സ്ഥിതി ചെയ്യുന്ന പശ്ചിമേഷ്യയിലെ യു.എസ് സൈന്യത്തിന്റെ പ്രധാന ലോജിസ്റ്റിക്സ്, സപ്പോർട്ട് സെന്റർ എന്ന് വിശേഷിപ്പിക്കുന്ന കേന്ദ്രത്തെയാണ് ലക്ഷ്യമിട്ടതെന്ന് റെവല്യൂഷണറി ഗാർഡ് പറയുന്നു. ചൊവ്വാഴ്ച ബഹ്‌റൈനിലും ഐ.ആർ.ജി.സി മിസൈലുകൾ പതിച്ചു.

എന്നാൽ വ്യോമാക്രമണങ്ങളെ പ്രതിരോധിച്ചതായി ഇരു രാജ്യങ്ങളിലെയും അധികൃതർ അറിയിച്ചു. അതിനിടെ ജോർഡനിലെ അൽ-അസ്രാഖ് വ്യോമതാവളത്തിലെ യു.എസ് എഫ്-18 വിമാന സ്ഥാനങ്ങൾ ലക്ഷ്യമിട്ടതായി ഇറാൻ അറിയിച്ചു. ഇറാൻ സൈന്യം തങ്ങളുടെ “സെയ്ഖെ” ഓപ്പറേഷന്റെ എട്ടാം ഘട്ടം ആരംഭിച്ചതായും മേഖലയിലെ “യുഎസ് സൈനിക താവളങ്ങൾ”ക്കെതിരെ പുതിയൊരു ഡ്രോൺ ആക്രമണം നടത്തിയതായും സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ ഐ.ആർ.ഐ.ബി നടത്തിയ പ്രസ്താവനയിൽ പറയുന്നു.

അതേസമയം ഹുർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് 20 ശതമാനം 'റീഇംബേഴ്സ്മെന്റ് ഫീസ്' (Reimbursement Fee) ഈടാക്കുമെന്ന വിവാദ തീരുമാനത്തിൽ നിന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യു ടേൺ അടിച്ചു. ഗൾഫ് രാജ്യങ്ങളിലെ നേതാക്കളുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് സുപ്രധാന നയമാറ്റം ട്രംപ് നടത്തിയത്. ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകൾക്ക് 20 ശതമാനം നികുതി ഏർപ്പെടുത്തുമെന്നായിരുന്നു നേരത്തെയുള്ള ട്രംപിന്റെ പ്രഖ്യാപനം. എന്നാൽ, ഇത് പിൻവലിച്ചുകൊണ്ട് ഗൾഫ് രാജ്യങ്ങളുമായി പുതിയ വ്യാപാര-നിക്ഷേപ കരാറുകളിൽ ഏർപ്പെടുമെന്ന് ട്രംപ് അറിയിച്ചു.

2026 ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനെ ആക്രമിച്ചത് മുതലാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിക്കുന്നത്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ ഇറാൻ ഹുർമുസ് കടലിടുക്ക് അടക്കുകയായിരുന്നു. ജൂലൈ 13ന്, അമേരിക്ക ഹുർമുസ് കടലിടുക്കിന്റെ 'ഗാർഡിയൻ' ആകുമെന്നും, സുരക്ഷാ ചെലവുകൾക്കായി കപ്പലുകളിൽ നിന്ന് 20 ശതമാനം നികുതി ഈടാക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.

ഇതിനെതിരെ ബ്രസീലിയൻ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തുകയും, ഈ തീരുമാനത്തെ 'കടൽക്കൊള്ള' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. അന്താരാഷ്ട്ര ജലപാതകളിൽ ഇത്തരത്തിൽ നികുതി ഈടാക്കുന്നതിന് നിയമപരമായ അടിസ്ഥാനമില്ലെന്ന് ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ (ഐ.എം.ഒ) ഉൾപ്പെടെയുള്ളവർ മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, ഇറാൻ കപ്പലുകൾ തടയുന്നതും, അമേരിക്ക ഇറാൻ തുറമുഖങ്ങൾക്ക് മേൽ ഉപരോധം ഏർപ്പെടുത്തുന്നതും പതിവായി മാറി. ഗൾഫ് രാജ്യങ്ങൾ തങ്ങളുടെ ഊർജ കയറ്റുമതിക്കും ഭക്ഷ്യ ഇറക്കുമതിക്കും പ്രധാനമായും ആശ്രയിക്കുന്നത് ഹുർമുസ് കടലിടുക്കിനെയാണ്. ഈ പാതയിലെ തടസ്സങ്ങൾ ഗൾഫ് മേഖലയിൽ വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായിരുന്നു.

Tags:    
News Summary - Trump says ‘strikes on Iran will continue until I say enough’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.