‘സ്വന്തം ജനങ്ങൾക്കെതിരെ ബോംബിടുന്നവർ ഇന്ത്യക്കെതിരെ പ്രകോപനപരവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ ഉന്നയിക്കുന്നു,’-യു.എൻ കൗൺസിലിൽ പാകിസ്താനെതിരെ ഇന്ത്യ

ജെനീവ: ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗൺസിൽ യോഗത്തിൽ പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ. ഖൈബർ പഖ്തൂൺഖ്വയിൽ സ്വന്തം ജനത്തിന് സ്വന്തം ജനങ്ങൾക്കെതിരെ ബോംബിടുന്നവർ ഇന്ത്യക്കെതിരെ പ്രകോപനപരവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്ന് ഇന്ത്യൻ നയതന്ത്രജ്ഞൻ ക്ഷിതിജ് ത്യാഗി പറഞ്ഞു. വെന്റിലേറ്ററിൽ കിടക്കുന്ന സമ്പദ്‍വ്യവസ്ഥയെ ശക്തിപ്പെടുത്താനും രാജ്യത്ത് വിവിധയിടങ്ങളിൽ നടക്കുന്ന ക്രൂരമനുഷ്യാവകാശ ലംഘനങ്ങൾക്ക് തടയിടാനുമാണ് പാക്കിസ്‍താൻ ശ്രദ്ധിക്കേണ്ടതെന്ന് ത്യാഗി പറഞ്ഞു.

‘എന്നാൽ ഇതിന് വിപരീതമായി പാക് പ്രതിനിധി സംഘം ഇന്ത്യക്കെതിരെ അടിസ്ഥാനരഹിതവും പ്രകോപനപരവുമായ പ്രസ്താവനകൾ നടത്തി ഈ വേദിയെ ദുരുപയോഗം ചെയ്യുകയാണ്. ഇന്ത്യയുടെ മണ്ണ് ആഗ്രഹിക്കുന്നതിനുപകരം, അതിർത്തിയിലെ നിയമവിരുദ്ധ അധിനിവേശം ഒഴിയുന്നതാണ് പാക്കിസ്താന് ഗുണമാവുക. തീവ്രവാദ കയറ്റുമതിക്കും ഐക്യരാഷ്ട്ര സംഘടന പട്ടികപ്പെടുത്തിയ തീവ്രവാദികളെ ഒളിപ്പിക്കുന്നതും സ്വന്തം ജനങ്ങളെ ബോംബിടുന്നതും കഴിഞ്ഞ് സമയമുണ്ടെങ്കിൽ, വെന്റിലേറ്റിൽ കിടക്കുന്ന സമ്പദ്‍വ്യവസ്ഥയെയും സൈനീക മേധാവിത്വത്താൽ സ്തംഭിച്ച രാഷ്ട്രീയസാഹചര്യങ്ങളെയും, പൗരൻമാരുടെ ക്രൂരപീഢനങ്ങളിൽ കളങ്കിതമായ മനുഷ്യാവകാശത്തെയും സംരക്ഷിക്കാൻ പാക്കിസ്താൻ ശ്രമിക്കണം,’- ജനീവയിലെ ഇന്ത്യയുടെ സ്ഥിരം ദൗത്യത്തിലെ കൗൺസിലറായ ത്യാഗി പറഞ്ഞു.

തിങ്കളാഴ്ച ഖൈബർ പഖ്തൂൺഖ്വയിൽ പ്രവിശ്യയില്‍ പാക് വ്യോമസേന നടത്തിയ ബോംബാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടിരുന്നു. തെഹരീക് ഇ താലിബാന്‍ ഭീകരരുടെ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരായ ഗ്രാമവാസികളാണ്. ഭീകരര്‍ക്കെതിരെയെന്ന പേരില്‍ മുമ്പും ഖൈബർ പഖ്തൂൺഖ്വയിൽ പാക് സൈന്യം ബോംബാക്രമണം നടത്തിയിട്ടുണ്ട്. നിരവധി സാധാരണക്കാര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.

Tags:    
News Summary - India rebuke Pakistan at UN Human Rights Council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.