‘എനിക്ക് തന്നെയും ഇഷ്ടമല്ല,’ ഓസ്ട്രേലിയൻ പ്രധാനമ​ന്ത്രി ആന്റണി ആൽബനീസുമായുള്ള ചർച്ചക്കിടെ പൊട്ടിത്തെറിച്ച് ട്രംപ്

ന്യൂയോർക്ക്: ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസുമായുള്ള ചർച്ചക്കിടെ തന്റെ രൂക്ഷവിമർശകനായ നയതന്ത്ര ഉദ്യോഗസ്ഥന് നേരെ പൊട്ടിത്തെറിച്ച് ട്രംപ്. ഓസ്ട്രേലിയൻ അംബാസഡറും മുൻ മന്ത്രിയുമായ കെവിൻ റാഡിനെതിരെയായിരുന്നു ട്രംപിൻറെ ആക്രോശം.

തിങ്കളാഴ്ച, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസും നയതന്ത്ര ഉദ്യോഗസ്ഥരും ട്രംപുമായി സൗഹൃദ ചർച്ച നടത്തുന്നതിനിടെയായിരുന്നു സംഭവം. മുൻപ് റാഡുയർത്തിയ വിമർശനങ്ങളെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് ‘അയാൾ ഇപ്പോൾ ക്ഷമ ചോദിക്കാൻ ആഗ്രഹിക്കുന്നുണ്ടാവും’ എന്നായിരുന്നു ട്രംപിന്റെ മറുപടി.

ആൽബനീസിനെ തന്നോട് ചേർത്തുനിർത്തി ‘അയാൾ എവിടെ? ഇപ്പോഴും അയാൾ നിങ്ങൾക്ക് വേണ്ടി ജോലി ചെയ്യുന്നുണ്ടോ?’ എന്നായിരുന്നു ട്രംപിന്റെ​ ചോദ്യം. അതേസമയം ഇരുവർക്കും മുന്നിലിരിക്കുകയായിരുന്ന റാഡിന് നേരെ ആൽബനീസ് ചിരിച്ചുകൊണ്ട് ആംഗ്യം കാണിക്കുന്നതും കാണാമായിരുന്നു.

താൻ ചുമതലയേൽക്കുന്നതിന് മുമ്പായിരുന്നു പ്രസ്താവനകളെന്ന് ഇതിനിടെ റാഡ് വിശദീകരിച്ചു. എന്നാൽ, ‘തന്നെ എനിക്കുമിഷ്ടമില്ല, ഒരുപക്ഷേ ഒരിക്കലും ഇഷ്ടപ്പെടുകയുമില്ല’ എന്നായിരുന്നു റാഡിന്റെ സംസാരം തടസപ്പെടുത്തി ട്രംപിന്റെ വാക്കുകൾ.

അതേസമയം ട്രംപിന്റേത് നിരുപദ്രവകരമായ തമാശയാണെന്ന് ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ് പറഞ്ഞു. യോഗത്തിൽ പൊട്ടിച്ചിരി ഉയർന്നുകേൾക്കാമായിരുന്നു. കൂടിക്കാഴ്ച വിജയകരമായിരുന്നു അതിന്റെ മുഴുവൻ ക്രെഡിറ്റും കെവിനാണെന്നും പെന്നി വോങ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അൽബനീസിന്റെ ലേബർ പാർട്ടിയിൽ നിന്നുള്ള മുൻ മന്ത്രി കൂടിയാണ് കെവിൻ റാഡ്. യു.എസ് പ്രസിഡന്റാവുന്നതിന് മുമ്പ് സമൂഹമാധ്യമങ്ങളിൽ ട്രംപിന്റെ രൂക്ഷ വിമർശകനായിരുന്നു കെവിൻ റാഡ്. കാപിറ്റോൾ കലാപത്തി​ന് പിന്നാലെ, ചരി​​ത്രത്തി​ലെ വലിയ വിനാശകാരിയായ പ്രസിഡന്റ് എന്നായിരുന്നു റാഡ്, ട്രംപിനെ വിശേഷിപ്പിച്ചത്. അമേരിക്കൻ ജനാധിപത്യത്തെ ട്രംപ് ​ചെളിയിലൂടെ വലിച്ചിഴക്കുന്നുവെന്നും റാഡ് വിമർശിച്ചിരുന്നു.

ട്രംപ് അധികാരമേറ്റെടുത്തതിന് പിന്നാലെ, റാഡ് സമൂഹമാധ്യമങ്ങളിലെ ട്രംപ് വിമർശനങ്ങൾ പിൻവലിച്ചിരുന്നു. ജോ ബൈഡന്റെ കാലത്താണ് കെവിൻ റാഡ് അമേരിക്കയിൽ ഓസ്ട്രേലിയൻ അംബാസഡർ പദവി ഏറ്റെടുക്കുന്നത്.

കഴിഞ്ഞ വർഷം ത​​ന്റെ പ്രചാരണ പരിപാടികളിലൊന്നിൽ റാഡിനെ ‘വൃത്തികെട്ടവൻ’ എന്ന് ട്രംപ് വിശേഷിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ, ബ്രിട്ടീഷ് തീവ്ര വലതുപക്ഷ രാഷ്ട്രീയ നേതാവായ നിജൽ ഫാരേജുമായുള്ള അഭിമുഖത്തിൽ അധികകാലം റാഡ് അംബാസിഡറായി തുടരില്ലെന്നും ട്രംപ് ഭീഷണിയുയർത്തിയിരുന്നു.

Tags:    
News Summary - I Dont Like You Either: Trump Slams Australian Envoy In Front Of PM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.