നൊബേൽ സമ്മാനം ഡോണൾഡ് ട്രംപിന് സമർപ്പിക്കുന്നുവെന്ന് മഷാദോ

വാഷിങ്ടൺ: നൊബേൽ സമ്മാനം ഡോണൾഡ് ​ട്രംപിന് സമർപ്പിക്കുന്നുവെന്ന് മരിയ കൊരീന മഷാദോ. വെനസ്വേലയുടെ ആവശ്യത്തിനായി നിലകൊണ്ട വ്യക്തിയാണ് ട്രംപെന്നും അവർ പറഞ്ഞു. എല്ലാ വെ​നസ്വേലക്കാർക്കും ലഭിച്ച അംഗീകാരം കൂടിയാണിത്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, അമേരിക്കയിലെ ജനങ്ങൾ, ലാറ്റിനമേരിക്കൻ ജനത, ജനാധിപത്യ രാജ്യങ്ങൾ എന്നിവർക്കെല്ലാം നന്ദി അറിയിക്കുകയാണ്. ​വെനസ്വേലയിലെ ജനങ്ങൾക്കും പ്രസിഡന്റ് ഡോണൾഡ് ട്രംപിനും ഈ പുരസ്കാരം സമർപ്പിക്കുകയാണെന്നും അവർ എക്സിൽ കുറിച്ചു.

സമാധാന നൊബേൽ മരിയ കൊരീന മഷാദോക്ക്

ഓസ്​ലോ: വെനസ്വേലയിലെ പ്രതിപക്ഷ നേതാവും ജനാധിപത്യ പ്രവർത്തകയുമായ മരിയ കൊരീന മഷാദോക്ക് ഈ വർഷത്തെ സമാധാന നൊബേൽ. രാജ്യത്തെ ഏകാധിപത്യത്തിൽനിന്ന് ജനാധിപത്യത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിനും ജനാധിപത്യാവകാശങ്ങൾ ഉയർത്തിപ്പിടിക്കാനുമുള്ള പ്രയത്നങ്ങൾ മുൻനിർത്തിയാണ്

പുരസ്കാരമെന്ന് നൊബേൽ സമിതി അറിയിച്ചു. പതിറ്റാണ്ടുകളായി സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തിന് കീഴിൽ ഏകാധിപത്യ ഭരണക്രമം തുടരുന്ന വെനിസ്വേലയിൽ ശിഥിലമായിപ്പോയ പ്രതിപക്ഷ കക്ഷികളെ ഒരുകൂടക്കീഴിൽ കൊണ്ടുവന്ന് ജനാധിപത്യപോരാട്ടങ്ങൾക്ക് ശക്തിപകരാൻ 58കാരിയായ മരിയ മഷാദോക്ക് കഴിഞ്ഞൂവെന്നും കമ്മിറ്റി വിലയിരുത്തി.

1967ൽ വെനി​സ്വേല തലസ്ഥാനമായ കരാക്കസിൽ ജനിച്ച മരിയ ഇൻഡസ്ട്രിയൽ എൻജിനീയറിങ്ങിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദധാരിയാണ്. 1992ൽ, കരാക്കസിലെ തെരുവുകുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി അതീനയ ഫൗണ്ടേഷൻ എന്ന സംഘടന രൂപവത്കരിച്ചാണ് പൊതുപ്രവർത്തനം ആരംഭിച്ചത്. പത്ത് വർഷത്തിനുശേഷം അവർ പ്രത്യക്ഷ രാഷ്ട്രീയം പറഞ്ഞുതുടങ്ങി. ഹ്യൂഗോ ഷാവേസിന്റെ ഭരണത്തിൽ പ്രതിഷേധിച്ചാണ് ലോക ശ്രദ്ധ നേടിയത്.

സമാധാനത്തിന് മുകളിൽ രാഷ്ട്രീയം പ്രതിഷ്ഠിച്ചു; നൊബേൽ കമ്മിറ്റിക്ക് വൈറ്റ് ഹൗസിന്റെ വിമർശനം

വാഷിങ്ടൺ: സമാധാന നൊബേൽ പുരസ്കാര പ്രഖ്യാപനത്തെ വിമർശിച്ച് വൈറ്റ് ഹൗസ്. വാർത്താകുറിപ്പിലൂടെയാണ് വൈറ്റ് ഹൗസിന്റെ വിമർശനം. ആഗോള സമാധാനത്തിന് വേണ്ടിയുള്ള പ്രവർത്തന​ങ്ങളേക്കാൾ രാഷ്ട്രീയത്തിനാണ് നൊബേൽ പുരസ്കാരസമിതി പ്രാധാന്യം നൽകിയതെന്ന് ​വൈറ്റ് ഹൗസ് വിമർശിച്ചു. സമാധാന കരാറുകളുമായു ട്രംപ് ഇനിയും മുന്നോട്ട് പോകും. യുദ്ധങ്ങൾ അവസാനിപ്പിക്കുകയും ജീവനുകൾ രക്ഷിക്കുകയും ചെയ്യും.

ഡോണൾഡ് ട്രംപിന് ഒരു മനുഷ്യസ്നേഹിയുടെ ഹൃദയമാണ് ഉള്ളത്. ഇച്ഛാശക്തിയാൽ പർവതങ്ങളെ പോലും തള്ളിമാറ്റാൻ കഴിയുന്ന ഒരു നേതാവ് ഇനി ഉണ്ടാവില്ലെന്ന് വൈറ്റ് ഹീസ് വക്താവ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. സമാധാന നൊബേലിന് തന്റെയത്ര അര്‍ഹത മറ്റാര്‍ക്കുമില്ലെന്ന അവകാശവാദം ഡോണൾഡ് ട്രംപ് നിരന്തരം ആവര്‍ത്തിച്ചിരുന്നു.

അധികാരത്തിലേറി ഏഴുമാസത്തിനകം ഇന്ത്യ-പാകിസ്താന്‍, കംബോഡിയ-തായ്‌ലാന്‍ഡ്, കൊസോവോ-സെര്‍ബിയ, കോംഗോ-റുവാണ്ട, ഇസ്രായേല്‍-ഇറാന്‍, ഈജിപ്ത്-ഇത്യോപ്യ, അര്‍മേനിയ-അസര്‍ബൈജാന്‍ തുടങ്ങിയ ഏഴ് അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍/ യുദ്ധങ്ങള്‍ താന്‍ പരിഹരിച്ചിട്ടുണ്ടെന്നാണ് ട്രംപിന്റെ വാദം. ഇത് മുൻനിർത്തി തനിക്ക് പുരസ്കാരം നൽകണമെന്നായിരുന്നു ട്രംപിന്റെ ആവശ്യം.

2025ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം വെനസ്വേലൻ പൊതുപ്രവർത്തക മരിയ കൊറിന മചാഡോക്ക്. വെനസ്വേലയിലെ പ്രതിപക്ഷ നേതാവായ മരിയ കൊറിന നടത്തിയ ജനാധിപത്യ സംരക്ഷണ പോരാട്ടങ്ങൾ പരിഗണിച്ചാണ് പുരസ്കാരം.

Tags:    
News Summary - I dedicate Nobel to Trump for backing our cause: Venezuela's Maria Corina Machado

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.