ലൂവ്ര് മ്യൂസിയം
പാരിസ്: ഫ്രാൻസിലെ ലോകപ്രശസ്ത ലൂവ്ര് മ്യൂസിയത്തിൽ വൻ കവർച്ച നടത്തിയ സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. അതിസുരക്ഷയുള്ള മ്യൂസിയത്തിൽ കടന്നുകയറി അമൂല്യ ആഭരണങ്ങളുമായി കടന്നുകളയാൻ മോഷ്ടാക്കൾക്ക് ‘ഫ്രഞ്ച് ഫ്രൈസ്’ തയാറാക്കുന്നതിന്‍റെ പകുതി സമയം മാത്രമേ വേണ്ടിവന്നുള്ളൂവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപ്പോളോ ഗാലറിയിലെ ജനാല തകർത്ത് അകത്തുകടന്ന് ആഭരണങ്ങളുമായി രക്ഷപ്പെടാൻ കവർച്ചാസംഘത്തിന് വേണ്ടിവന്നത് കേവലം ഏഴുമിനിറ്റ് മാത്രമാണ്!
പാരിസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വാർത്ത ഏജൻസിയായ എ.എഫ്.പിയുടെ റിപ്പോർട്ട് പ്രകാരം രാവിലെ 9.30നും 9.40നും ഇടയിലാണ് മോഷണം നടന്നത്. ഫ്രഞ്ച് ആഭ്യന്തര മന്ത്രി ലൗറെന്ത് നൂനസ് പറയുന്നതനുസരിച്ച് ഏഴുമിനിറ്റിനകമാണ് വൻ കവർച്ച നടന്നത്. ‘മോഷ്ടാക്കൾ ചെറി പിക്കർ (ഒരുതരം ഹൈഡ്രോളിക് ലാഡർ) ഉപയോഗിച്ച് പുറത്തുനിന്ന് മ്യൂസിയത്തിലേക്ക് കയറി അമൂല്യ ആഭരണങ്ങൾ കവർന്നു. ഏഴുമിനിറ്റിനകമാണ് ഇത് സംഭവിച്ചത്’ -മന്ത്രി പറഞ്ഞതായി ഫ്രഞ്ച് മാധ്യമം റിപ്പോർട്ട് ചെയ്തു.
മൂന്നോ നാലോ പേരടങ്ങുന്ന സംഘം അപ്പോളോ ഗ്യാലറിയിലെ രണ്ട് ഡിസ്‌പ്ലേകളിലുള്ള ആഭരണങ്ങളാണ് ലക്ഷ്യമിട്ടതെന്ന് മന്ത്രി വ്യക്തമാക്കി. ഡിസ്ക് കട്ടറുപയോഗിച്ച് പാനുകൾ തകർത്തു. നെപ്പോളിയൻ ബോണപ്പാർട്ടിന്‍റെയും പത്നിയുടെയും ആഭരണ ശേഖരത്തിൽനിന്ന് ഒമ്പതെണ്ണം മോഷ്ടിക്കപ്പെട്ടു. ഒരെണ്ണം മ്യൂസിയത്തിനു പുറത്തുനിന്ന് കണ്ടെത്തി. ഇത് നെപ്പോളിയൻ ബോണപ്പാർട്ടിന്‍റെ പത്നിയായിരുന്ന യൂജീനിന്‍റെ കിരീടമാണെന്നും കേടുപാടുകൾ പറ്റിയ നിലയിലാണ് കണ്ടെത്തിയതെന്നും മാധ്യമ റിപ്പോർട്ടിൽ പറയുന്നു.
സെയ്ൻ നദിക്ക് അഭിമുഖമായ മ്യൂസിയത്തിന്‍റെ ഭാഗത്ത് നിർമാണ പ്രവൃത്തികൾ നടക്കുന്നുണ്ട്. ഇവിടെനിന്ന് ബാസ്കറ്റ് ലിഫ്റ്റ് ഉപയോഗിച്ച് മൂന്നോ നാലോ മോഷ്ടാക്കൾ ഗാലറിയിലെത്തിയാണ് കൃത്യം നിർവഹിച്ചത്. മോഷണത്തിനു പിന്നാലെ ഇതേവഴി പുറത്തെത്തി മോട്ടോർ സൈക്കിളിൽ രക്ഷപെടുകയും ചെയ്തു. സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി പാരിസ് മേയർ ഏരിയൽ വെയിലും രംഗത്തെത്തി. സിനിമ സ്ക്രിപ്റ്റിൽ മാത്രം കണ്ടിട്ടുള്ള ഒന്നാണ് നടന്നതെന്നും അതിസുരക്ഷയുള്ള മ്യൂസിയത്തിൽ ഇത്ര എളുപ്പത്തിൽ മോഷണം നടത്താനാകുമെന്നത് അവിശ്വസനീയമാണന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച പുലർച്ചെ ലൂവ്ര് മ്യൂസിയത്തിൽ മോഷണം നടന്നതായി ഫ്രഞ്ച് സാംസ്കാരിക മന്ത്രി റഷീദ ഡറ്റിയാണ് എക്സ് പോസ്റ്റിലൂടെ ലോകത്തെ അറിയിച്ചത്. 1804ൽ നെപ്പോളിയൻ ബോണപ്പാർട്ടിന്‍റെ സ്ഥാനാരോഹണ സമയത്ത് അദ്ദേഹവും പത്നിയും ധരിച്ച ആഭരണങ്ങളുൾപ്പെടെ മോഷ്ടിച്ചെന്നും ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നഷ്ടപ്പെട്ട ആഭരണങ്ങളുടെ വിശദ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അന്വേഷണത്തിന്‍റെ ഭാഗമായി മ്യൂസിയം അടച്ചിട്ടിരിക്കുകയാണ്.
33,000ത്തിലേറെ അമൂല്യ വസ്തുക്കൾ സൂക്ഷിച്ചിട്ടുള്ള ലൂവ്ര് മ്യൂസിയത്തിന് പത്ത് ഫുട്ബാൾ കോർട്ടിന്‍റെ വലിപ്പമുണ്ട്. ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഓരോ വർഷവും ഇവിടം സന്ദർശിക്കാനെത്തുന്നത്. അതീവ സുരക്ഷയുള്ളതിനാൽ വളരെ ആസൂത്രിതമായി നടത്തിയ കവർച്ചയാകാനാണ് സാധ്യതയെന്ന് പൊലീസ് പറയുന്നു. മോഷ്ടാക്കളെക്കുറിച്ച് വൈകാതെ വിവരം ലഭിക്കുമെന്ന് അവർ പ്രതീക്ഷ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.