ഇംറാന്‍റെ കാഴ്ച നഷ്ടമായെന്ന് റിപ്പോർട്ട്; വലതുകണ്ണിന് 15 ശതമാനം മാത്രം, ഇടപെട്ട് പാക് സുപ്രീംകോടതി

ഇസ്‍ലാമാബാദ്: അഴിമതിക്കേസ് ചുമത്തപ്പെട്ട് തടവിൽ കഴിയുന്ന മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തെഹ്‍രികേ ഇൻസാഫ് നേതാവുമായ ഇംറാൻ ഖാന്റെ കാഴ്ച നഷ്ടമായതടക്കം ആരോഗ്യനില പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപവത്കരിക്കാൻ പാകിസ്താൻ സുപ്രീം കോടതി ഉത്തരവ്. ഇംറാന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായെന്ന റിപ്പോർട്ടിനെ തുടർന്നാണ് സുപ്രീം കോടതിയുടെ ഇടപെടൽ. മക്കളുമായി ഫോണിൽ സംസാരിക്കാൻ അനുവദിക്കണമെന്നും കോടതി ഉത്തരവിട്ടു.

73കാരനായ ഇംറാന്റെ ജയിലിലെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ച, ചീഫ് ജസ്റ്റിസ് യഹ്യ അഫ്രീദിയും ജസ്റ്റിസ് ഷാഹിദ് ബിലാൽ ഹസനും ഉൾപ്പെട്ട ബെഞ്ച്, ഫെബ്രുവരി 16 ന് മുമ്പ് അദ്ദേഹത്തിന് വിശദമായ പരിശോധന നടത്താനും നിർദേശിച്ചു.

കഴിഞ്ഞ മാസം ഇസ്‍ലാമാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇംറാന് നേത്രചികിത്സ നടത്തിയിരുന്നു. എന്നാലും അദ്ദേഹത്തിന്റെ ആരോഗ്യകാര്യത്തിൽ ആശങ്കയുണ്ടെന്ന് അഭിഭാഷകർ ഉന്നയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്നം ഏറ്റവും പ്രധാനമാണെന്നും ഇടപെടൽ ആവശ്യമായിരുന്നെന്നും ജഡ്ജിമാർ പറഞ്ഞു. മെഡിക്കൽ സൗകര്യങ്ങൾ ഒരുക്കേണ്ടത് സർക്കാറിന്റെ ഉത്തരവാദിത്തമാണെന്ന് പാകിസ്താൻ അറ്റോണി ജനറൽ മൻസൂർ ഉസ്മാൻ അവാൻ മറുപടി നൽകി.

മുൻ പ്രധാനമന്ത്രിയുടെ ജയിലിലെ അവസ്ഥയെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അഭിഭാഷകൻ സൽമാൻ സഫ്ദറിനെ കോടതി ചുമതലപ്പെടുത്തിയിരുന്നു റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ ഇംറാനെ സന്ദർശിച്ച ശേഷം തയാറാക്കിയ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. തുടർന്നാണ് കോടതി ഇടപെടൽ.

ചികിത്സ നൽകിയിട്ടും വലതു കണ്ണിന് 15 ശതമാനം കാഴ്ച മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് ഇംറാൻ പറഞ്ഞതായി സഫ്ദർ റിപ്പോർട്ടിൽ ഉദ്ധരിച്ചു. രക്തം കട്ടപിടിച്ചതുകാരണമാണ് കണ്ണിന് തകരാറ് സംഭവിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ ഒക്ടോബർ വരെ രണ്ട് കണ്ണിനും പൂർണമായ കാഴ്ചയുണ്ടായിരുന്നു. പിന്നീട് കാഴ്ച മങ്ങാൻ തുടങ്ങിയത് സൂപ്രണ്ടിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് ഇംറാൻ ഖാൻ കുറ്റപ്പെടുത്തുന്നു. ഇംറാൻ ഖാൻ 2023 ആഗസ്റ്റ് അഞ്ച് മുതൽ ജയിലിലാണ്.

Tags:    
News Summary - Imran Khan's vision is reportedly lost; only 15 percent in his right eye

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.