ടോക്യോ: രാജ്യത്തിന്‍റെ സമുദ്രാതിർത്തിയിലേക്ക് പ്രവേശിച്ച ചൈനീസ് മത്സ്യബന്ധന ബോട്ടും ക്യാപ്റ്റനെയും ജപ്പാൻ കസ്റ്റഡിയിലെടുത്തു. ചൈനീസ് ബോട്ട് പരിശോധിക്കാനുള്ള അധികൃതരുടെ നിർദേശം ലംഘിച്ചതിനെ തുടർന്നാണ് ബോട്ടും ക്യാപ്റ്റനെയും കസ്റ്റഡിയിലെടുത്തതെന്ന് ജപ്പാൻ അധികൃതർ അറിയിച്ചു. 2022ന് ശേഷം ആദ്യമായാണ് ചൈനീസ് ബോട്ട് ജപ്പാൻ പിടിച്ചെടുക്കുന്നത്.
നാഗസാക്കി പ്രവിശ്യയിലെ മേഷിമ ദ്വീപിന് സമീപം ജപ്പാന്റെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിലാണ് സംഭവം. പരിശോധനക്കായി നിർത്താൻ ആവശ്യപ്പെട്ടെങ്കിലും നിരസിച്ചു കടന്നുകളയാൻ ശ്രമിച്ചതിനെ തുടർന്നാണ് 47 വയസ്സുള്ള ചൈനീസ് ക്യാപ്റ്റനെ അറസ്റ്റ് ചെയ്തത്. ദക്ഷിണ കൊറിയ, തായ്‌വാൻ എന്നിവിടങ്ങളിൽ നിന്നുള്ള കപ്പലുകൾക്കെതിരെ ജപ്പാൻ നടപടിയെടുക്കാറുണ്ടെങ്കിലും ചൈനീസ് കപ്പലിനെതിരെ നടപടിയെടുത്തത് നിലവിലെ സാഹചര്യത്തിൽ ഏറെ ഗൗരവകരമാണ്.
തായ്‍വാനുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇരു രാജ്യങ്ങൾക്കിടയിൽ തർക്കം നിലനിൽക്കുന്ന ഘട്ടത്തിൽ ബോട്ട് പിടിച്ചെടുത്തത് ഏഷ്യയിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കാൻ കാരണമായേക്കും. തായ്‌വാന്റെ കാര്യത്തിൽ ചൈന സൈനികമായി ഇടപെട്ടാൽ ജപ്പാനും ഇടപെടേണ്ടി വരുമെന്ന് ജപ്പാൻ പ്രധാനമന്ത്രി സനയ് തകായിച്ചി അടുത്തിടെ പ്രസ്താവിച്ചിരുന്നു. ഇത് ചൈനയെ ചൊടിപ്പിച്ചിരുന്നു.
തകായിച്ചിയുടെ പ്രസ്താവനക്ക് പിന്നാലെയുള്ള നടപടി മേഖലയിലെ സമാധാനത്തെ ബാധിച്ചേക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അറസ്റ്റിനെതിരെ ചൈന കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. സ്വന്തം പൗരന്മാരുടെ സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ക്യാപ്റ്റനെയും ബോട്ടും ഉടൻ കൈമാറണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.