ധാക്ക: ബംഗ്ലാദേശ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബി.എൻ.പി കേവലഭൂരിപക്ഷം പിന്നിട്ടു. ബംഗ്ലാദേശിലെ പ്രാദേശിക മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പ്രകാരം ബി.എൻ.പി 211 സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്. 70 സീറ്റുകളിലാണ് അവരുടെ എതിരാളികളായ ജമാഅത്തെ ഇസ്‍ലാമി സഖ്യം മുന്നേറുന്നത്. 299 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
ബി.എൻ.പി അധികാരത്തിലേക്ക് എത്തിയാൽ താരിഖ് റഹ്മാൻ പ്രധാനമന്ത്രിപദത്തിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്. സ്ത്രീകൾക്കും തൊഴിൽരഹിതർക്കും പണം, യുവാക്കൾക്ക് ജോലി, നദീജല തർക്കങ്ങളിലെ പരിഹാരം എന്നീ വാഗ്ദാനങ്ങളാണ് തെരഞ്ഞെടുപ്പിൽ ബി.എൻ.പി നൽകിയിരിക്കുന്നത്. കൂടുതൽ സുരക്ഷിതവും സ്വതന്ത്രവുമായ ബംഗ്ലാദേശ് ജനങ്ങൾക്ക് നൽകുമെന്നും അവർ വാഗ്ദാനം ചെയ്യുന്നുണ്ട്.
തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സമ്പൂർണമായ ജനാധിപത്യവും അഭിപ്രായസ്വാതന്ത്ര്യവും ബംഗ്ലാദേശിലെ ജനങ്ങൾക്ക് നൽകുമെന്ന് ബി.എൻ.പി വക്താവ് ബി.ബി.സിയോട് പ്രതികരിച്ചു. ബംഗ്ലാദേശിലെ ജനങ്ങളുടെ അഭിലാഷങ്ങൾ പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പാർട്ടി വക്താവ് മാഹ്ദി അമിൻ പറഞ്ഞു. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിസ്ഥാപകനും മുൻ പ്രസിഡന്റുമായ സിയാവുർ റഹ്‍മാന്റെയും മൂന്നുതവണ പ്രധാനമന്ത്രിയായ, ഈയിടെ അന്തരിച്ച ഖാലിദ സിയയുടെയും മകനാണ് താരിഖ്. ഹസീനഭരണകൂടത്തിന്റെ രാഷ്ട്രീയവേട്ടയാടലുകളെത്തുടർന്ന് സ്വയം തിരഞ്ഞെടുത്ത പ്രവാസം മതിയാക്കി 2025 അവസാനമാണ് താരിഖ് ബംഗ്ലാദേശിൽ തിരികെയെത്തിയത്. അതേസമയം, ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിനെ തെരഞ്ഞെടുപ്പിൽ നിന്ന് മത്സരിക്കുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.