ട്രംപിന് നൊബേൽ സമ്മാനം നൽകണമെന്ന് ബന്ദികളുടെ ബന്ധുക്കൾ; ‘അവസാന ബന്ദിയെ വീട്ടിലെത്തിക്കുകയും സമാധാനം പുനഃസ്ഥാപിക്കുകയും ചെയ്യുന്നതുവരെ അദ്ദേഹം വിശ്രമിക്കില്ല’

തെൽഅവീവ്: തങ്ങളുടെ ഇരുണ്ട ജീവിതത്തിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെളിച്ചം കൊണ്ടുവന്നുവെന്നും അദ്ദേഹത്തിന് നൊബേൽ സമ്മാനം നൽകണമെന്നും ആവശ്യപ്പെട്ട് ബന്ദികളുടെ ബന്ധുക്കൾ. ബന്ദി മോചനത്തിനും ഗസ്സ വെടിനിർത്തലിനും ട്രംപ് നടത്തുന്ന ശ്രമങ്ങളെ മാനിച്ച് സമാധാന നൊബേലിന് ശിപാർശ ചെയ്ത് നോർവീജിയൻ നൊബേൽ കമ്മിറ്റിക്കാണ് ബന്ദികളുടെ ബന്ധുക്കൾ കത്ത് അയച്ചത്.

ട്രംപിന്റെ നിർദേശമനുസരിച്ച് ഈജിപ്തിൽ വെടിനിർത്തൽ ചർച്ചകൾ ആരംഭിച്ച സമയത്താണ് ഈ നടപടി. ബന്ദികളുടെ ബന്ധുക്കളുടെ സംഘടനയായ ‘ഹോസ്റ്റേജസ് ആൻഡ് മിസ്സിംഗ് ഫാമിലിസ് ഫോറം’ (Hostages and Missing Families Forum) ആണ് വെള്ളിയാഴ്ച കത്ത് നൽകിയത്. അവസാനത്തെ ബന്ദിയെ വീട്ടിലെത്തിക്കുകയും യുദ്ധം അവസാനിക്കുകയും മിഡിൽ ഈസ്റ്റിലെ ജനങ്ങൾക്ക് സമാധാനവും സമൃദ്ധിയും പുനഃസ്ഥാപിക്കുകയും ചെയ്യുന്നതുവരെ ട്രംപ് വിശ്രമിക്കില്ലെന്ന് തങ്ങൾക്ക് ആത്മവിശ്വാസമുണ്ടെന്ന് കത്തിൽ പറഞ്ഞു. തങ്ങളുടെ പേടിസ്വപ്നം ഒടുവിൽ അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴെന്നും കത്തിൽ പറഞ്ഞു.

ഈ കഴിഞ്ഞ വർഷം ട്രംപിനെക്കാൾ ലോകത്ത് സമാധാനത്തിനായി സംഭാവന ചെയ്ത മറ്റൊരു നേതാവോ സംഘടനയോ ഇല്ലെന്ന് ഫോറം അഭിപ്രായപ്പെട്ടു. ‘പലരും സമാധാനത്തെക്കുറിച്ച് വാചാലമായി സംസാരിച്ചപ്പോൾ അദ്ദേഹം അത് നേടിയെടുത്തു. ഓരോ ബന്ദിയും വീട്ടിലെത്തുന്നതുവരെ വിശ്രമിക്കില്ലെന്ന് അദ്ദേഹം ശപഥം ചെയ്തിട്ടുള്ളതിനാൽ നൊബേൽ സമ്മാനം നൽകണമെന്ന് ഞങ്ങൾ ശക്തമായി അഭ്യർഥിക്കുന്നു’ -ഫോറം ചൂണ്ടിക്കാട്ടി. ഇസ്രായേൽ-ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നതിലെ ട്രംപിന്റെ പങ്കും 2020-ലെ അബ്രഹാം ഉടമ്പടികൾക്ക് മധ്യസ്ഥത വഹിച്ചതും ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ ജൂലൈയിൽ ട്രംപിനെ നൊബേലിന് നാമനിർദ്ദേശം ചെയ്ത് ബിന്യമിൻ നെതന്യാഹുവും നൊബേൽ കമ്മിറ്റിക്ക് കത്തയച്ചിരുന്നു. 

Tags:    
News Summary - Hostage families endorse Trump for Nobel peace prize as Gaza truce talks begin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.