വാഷിങ്ടൺ: ഇന്ത്യക്കും അമേരിക്കയിലെ ഇന്ത്യക്കാർക്കുമെതിരെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ അധിക്ഷേപത്തിൽ പ്രതികരണവുമായി ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ (ഹാഫ്). ട്രംപിന്റെ പ്രസ്താവനയിൽ തങ്ങൾ അസ്വസ്ഥരാണെന്ന് സംഘടന പ്രസ്താവനയിൽ പറഞ്ഞു.
‘ഇന്ത്യൻ, ചൈനീസ് അമേരിക്കക്കാരെ ലക്ഷ്യമിട്ടുള്ള വിദ്വേഷകരവും വംശീയവുമായ ഈ പ്രസ്താവന യു.എസ് പ്രസിഡന്റ് പങ്കുവെച്ചതിൽ ഞങ്ങൾ വളരെയധികം അസ്വസ്ഥരാണ്. വിദേശികളോടുള്ള വിദ്വേഷവും വംശീയതയും എക്കാലത്തെക്കാളും വർധിച്ച ഈ സാഹചര്യത്തിൽ, യു.എസ് പ്രസിഡന്റ് തന്നെ ഇത്തരം അധിക്ഷേപങ്ങൾ നടത്തുന്നത് കൂടുതൽ വിദ്വേഷം വളർത്തുകയും നമ്മുടെ സമൂഹത്തെ അപകടത്തിലാക്കുകയും ചെയ്യും’ -ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടി.
‘നമ്മുടെ മഹത്തായ രാജ്യത്തിന് ഏഷ്യൻ അമേരിക്കക്കാർ നൽകുന്ന ഒഴിച്ചുകൂടാനാവാത്ത സംഭാവനകൾ അംഗീകരിക്കണം. ട്രംപ് പുനർചിന്തിക്കുകയും ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്യണം’ -സംഘടന ആവശ്യപ്പെട്ടു.
ഇന്ത്യക്കും ചൈനക്കുമെതിരെ കടുത്ത വംശീയാധിക്ഷേപം നടത്തി രാഷ്‍ട്രീയ നിരീക്ഷകനും റേഡിയോ അവതാരകനുമായ മൈക്കിൾ സാവേജ് പോസ്റ്റ് ചെയ്ത കത്താണ് ഡോണൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചത്. ഇന്ത്യയിൽനിന്നും ചൈനയിൽനിന്നും മറ്റു നരകക്കുഴികളിൽനിന്നുമുള്ള ജനങ്ങൾ അവരുടെ ഗർഭത്തിന്റെ ഒമ്പതാം മാസം യു.എസിലെത്തി കുഞ്ഞിന് ജന്മം നൽകുകയാണെന്നും അതോടെ ആ കുഞ്ഞുങ്ങൾക്ക് ഉടൻ പൗരത്വം ലഭിക്കുകയാണെന്നും പരാമർശമുള്ളതായിരുന്നു കത്ത്. ‘ലാപ്ടോപ്പ് കൈയിൽ പിടിച്ച ഗുണ്ടകൾ’ എന്നാണ് ഇതിൽ ഇന്ത്യക്കാരെയും ചൈനക്കാരെയും വിശേഷിപ്പിച്ചത്.
ട്രംപ് നടത്തിയ അധിക്ഷേപം അനുചിതമാണെന്നും ഇന്ത്യ-യുഎസ് ബന്ധത്തിന്റെ യാഥാർത്ഥ്യത്തെ അവ പ്രതിഫലിപ്പിക്കുന്നില്ലെന്നും കേന്ദ്ര വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പ്രതികരിച്ചു. ട്രംപിന്റെ അധിക്ഷേപത്തെക്കുറിച്ച് വാർത്തസമ്മേളനത്തിൽ ചോദിച്ചപ്പോഴാണ് രൺധീർ ജയ്സ്വാൾ പ്രതികരിച്ചത്. ഇന്ത്യക്കെതിരായ ട്രംപിന്റെ അധിക്ഷേപത്തിനെതിരെ ശക്തമായി പ്രതികരിക്കണമെന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടത് ചൂണ്ടിക്കാട്ടിയിട്ടും വിദേശകാര്യ വക്താവ് കൂടുതൽ പ്രതികരിച്ചില്ല.
അമേരിക്കയിലെത്തുന്ന കുടിയേറ്റക്കാർക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വമേധയാ പൗരത്വം നൽകുന്ന നിയമം ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു സാവേജിന്‍റെ കത്ത്. ‘‘നവജാത ശിശുവിന് യു.എസ് പൗരത്വം ലഭിക്കുന്നതിനാൽ ഇന്ത്യയിൽനിന്നും ചൈനയിൽനിന്നും അല്ലെങ്കിൽ ലോകത്തെ മറ്റേതെങ്കിലും നരകക്കുഴിയിൽനിന്നും മുഴുവൻ കുടുംബത്തെയും കൊണ്ടുവരും. യു.എസ് മണ്ണിൽ കുഞ്ഞിനെ തള്ളാനുള്ള ഇന്ത്യക്കാരുടെയും ചൈനക്കാരുടെയും ഒഴുക്ക് കൂടുതലായിരിക്കുന്നു. ഈ കുടിയേറ്റക്കാർ നമ്മുടെ ദേശീയ അസ്തിത്വം നശിപ്പിച്ച് യു.എസിനെ ഇന്ത്യയുടെയും ചൈനയുടെയും കോളനിയാക്കി മാറ്റുകയാണ്’’ -ട്രംപ് പങ്കുവെച്ച കത്തിൽ സാവേജ് തുടർന്നു.
സമൂഹ മാധ്യമത്തിലൂടെ നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ ഈ നയത്തിനെതിരെയാണ് ഭൂരിപക്ഷം പേരും നിലകൊണ്ടത്. അനധികൃത കുടിയേറ്റക്കാർക്ക് പോലും പൗരത്വം ലഭിക്കാൻ സഹായിക്കുന്ന നയത്തെ പിന്താങ്ങുന്ന യു.എസ് പൗര സമൂഹ സംഘടനകളെയും കത്തിൽ നിശിതമായി വിമർശിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.