കണ്ണുകൾ മൂടിക്കെട്ടി, കൈകൾ ബന്ധിച്ച 30 മൃതദേഹങ്ങൾ ഗസ്സയിലെ സ്കൂൾ മുറ്റത്ത് ഉപേക്ഷിച്ച നിലയിൽ -VIDEO

ഗസ്സ: കണ്ണുകൾ തുണി ഉപയോഗിച്ച് മൂടിക്കെട്ടി, കൈകൾ പിറകിലേക്ക് ബന്ധിച്ച 30 മൃതദേഹങ്ങൾ ഗസ്സയിലെ സ്കൂൾ മുറ്റത്തെ മാലിന്യകൂമ്പാരത്തിൽ കൂട്ടത്തോടെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സ്കൂൾ വൃത്തിയാക്കുകയായിരുന്ന ഫലസ്തീനികളാണ് മനുഷ്യത്വം തൊട്ടുതീണ്ടാത്ത ഇസ്രായേൽ ക്രൂരതക്ക് ഇരയായവരുടെ മൃതദേഹങ്ങൾ ക​ണ്ടെത്തിയത്.

ഫലസ്തീനിൽ നിന്ന് പിടികൂടിയവരെ ബന്ധനസ്ഥരാക്കി വെടിവെച്ചുകൊന്ന ശേഷം കൂട്ടത്തോടെ കുഴിച്ചിട്ടതാണെന്നാണ് നിഗമനം. ഇസ്രായേൽ അധിനിവേശ സേന കൈയേറിയ സ്കൂൾ മുറ്റത്താണ് 30 രക്തസാക്ഷികളുടെ മൃതദേഹങ്ങൾ ക​ണ്ടെത്തിയതെന്ന് ഫലസ്തീൻ പ്രിസണേഴ്‌സ് ക്ലബ് സ്ഥിരീകരിച്ചു. ‘അവരുടെ ​ കൈകൾ പിന്നിലോട്ട് ബന്ധിച്ച്, കണ്ണുകൾ മൂടിക്കെട്ടിയാണ് ​കൊലപ്പെടുത്തിയത്. അതായത്, അവരെ പിടികൂടിയ ശേഷം വധിക്കുകയായിരുന്നു. ഇത് അധിനിവേശ സേന ഫലസ്തീൻ പൗരൻമാരോട് എന്തുമാത്രം ക്രൂരത കാണിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ്’ -പ്രിസണേഴ്‌സ് ക്ലബ് പ്രസ്താവനയിൽ പറഞ്ഞു.

“ഞങ്ങൾ സ്കൂൾ വൃത്തിയാക്കുന്നതിനി​ടെ മുറ്റത്ത് മാലിന്യക്കൂമ്പാരം കണ്ടു. ഇത് നീക്കം ചെയ്യുന്നതിനിടെയാണ് ഡസൻ കണക്കിന് മൃതദേഹങ്ങൾ കണ്ടത്. കറുത്ത പ്ലാസ്റ്റിക് ബാഗുകൾ തുറന്നപ്പോൾ അഴുകിയ നിലയിലുള്ള മൃതദേഹങ്ങൾ കണ്ട് ഞെട്ടിപ്പോയി. കണ്ണുകൾ മൂടിക്കെട്ടി, കൈകാലുകൾ ബന്ധിച്ച നിലയിലായിരുന്നു’ -ദൃക്സാക്ഷി അൽജസീറയോട് പറഞ്ഞു.

ഗസ്സയിൽ നിന്ന് ഇസ്രായേൽ പിടികൂടിയവരെ കൂട്ടത്തോടെ ​കൊലപ്പെടുത്തുന്നതായി മോചിപ്പിക്കപ്പെട്ടവർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിനകം പിടികൂടിയ ആയിരക്കണക്കിന് സ്ത്രീക​ളും കുട്ടികളും അടക്കമുള്ള ഫലസ്തീനികളെ എവിടെയാണ് പാർപ്പിച്ചതെന്നുപോലും ഇസ്രായേൽ വ്യക്തമാക്കിയിട്ടില്ല. ​സൈന്യം പിടികൂടിയ ഗസ്സക്കാർക്ക് അഭിഭാഷകരുമായി കൂടിക്കാഴ്‌ച നടത്തുന്നത് തടയാനുള്ള നിയമത്തിന് ഇസ്രായേലി നെസെറ്റ് അടുത്തിടെ അംഗീകാരം നൽകിയതായി തടവുകാരുടെ സംഘടന പറയുന്നു.

അതിനിടെ, ഗസ്സയിലെ വിവിധ ഖബർസ്ഥാനുകളിൽനിന്ന് ഇസ്രായേൽ സൈന്യം മോഷ്ടിച്ച നൂറിലധികം ഫലസ്തീൻ മൃതദേഹങ്ങൾ കഴിഞ്ഞദിവസം തിരികെ നൽകിയിരുന്നു. റഫയിലെ കൂട്ടക്കുഴിമാടത്തിൽ അവ​രെ അടക്കം ചെയ്തു. ഇതിൽ ചില മൃതദേഹങ്ങൾ പരിശോധിച്ചപ്പോൾ ആന്തരികാവയവങ്ങൾ മോഷ്ടിച്ചതായി തെളിഞ്ഞുവെന്ന് ആരോഗ്യവിഭാഗം അറിയിച്ചിരുന്നു.

ഒക്ടോബർ ഏഴുമുതൽ ഗസ്സയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യയിൽ 26,900 ഫലസ്തീനികൾ ഇതിനകം കൊല്ലപ്പെട്ടു. 65,949 പേർക്ക് പരിക്കേറ്റതായും ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Handcuffed and Executed – 30 Bodies Found in Northern Gaza School (VIDEO)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.