ബന്ദികളായ ഡോറൺ സ്റ്റെയിൻ ബ്രച്ചറിനും എമിലി ദമാരിക്കും റോമി ഗോനെനും ഹമാസ് പോരാളികൾ സമ്മാനം കൈമാറുന്നു
ഗസ്സ സിറ്റി: ഇസ്രായേൽ ബന്ദികളെ ഹമാസ് കൈമാറിയത് സമ്മാനപ്പൊതികൾ നൽകി. ബന്ദികളായ ഡോറൺ സ്റ്റെയിൻ ബ്രച്ചറിനും എമിലി ദമാരിക്കും റോമി ഗോനെനുമാണ് ഹമാസ് ഗിഫ്റ്റ് ബാഗുകൾ സമ്മാനിച്ചത്. ഹമാസിന്റെ സായുധ വിഭാഗമായ അൽ ഖസ്സം ബ്രിഗേഡ് പോരാളി സമ്മാനപ്പൊതി കൈമാറുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ബന്ദികളായിരുന്നപ്പോൾ പകർത്തിയ ഇവരുടെ ചിത്രങ്ങളും സർട്ടിഫിക്കറ്റുകളുമാണ് അൽ ഖസ്സം ബ്രിഗേഡിന്റെ ചിഹ്നം ആലേഖനം ചെയ്ത പേപ്പർ ബാഗിലുള്ളതെന്ന് ഇസ്രായേലിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഹീബ്രുവിലും അറബിയിലും എഴുതിയ പേപ്പറുകളുള്ള ഫോൾഡർ ദമാരി ഏറ്റുവാങ്ങുന്ന ചിത്രങ്ങളും വിഡിയോകളും ഇതിനൊപ്പം പുറത്തുവന്നിട്ടുണ്ട്. വ്യക്തി വിവരങ്ങൾ, ഇസ്രായേൽ ഐഡി നമ്പർ, അറസ്റ്റ് ചെയ്യപ്പെട്ട സ്ഥലം, വർഷം തുടങ്ങിയ വിവരങ്ങളാണ് ഈ പേപ്പറിലുള്ളത്. അൽ ഖസ്സം ബ്രിഗേഡ് കമാൻഡറുടെ ഒപ്പോടുകൂടിയുള്ള പേപ്പറുകളാണിത്. റെഡ്ക്രോസിന്റെ നേതൃത്വത്തിൽ ഇസ്രായേൽ സൈന്യത്തിനു കൈമാറിയതിനു ശേഷം പ്രാഥമിക പരിശോധനക്ക് നീങ്ങുന്നതു വരെ മൂവരും ബാഗുകൾ കൊണ്ടുനടക്കുന്നതായി ഐ.ഡി.എഫ് പുറത്തുവിട്ട വിഡിയോയിലുണ്ട്.
ഗസ്സ: ആദ്യഘട്ട വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഇസ്രായേൽ ജയിലുകളിൽനിന്ന് മോചിതരായ ഫലസ്തീൻ തടവുകാർക്ക് പറയാനുണ്ടായിരുന്നത് വേദനാജനകമായ അനുഭവങ്ങൾ. തിങ്കളാഴ്ച രാവിലെ മോചിതരായ ഇവർ മാധ്യമങ്ങളോട് സംസാരിക്കവേയാണ് തങ്ങൾ അനുഭവിച്ച കഠിനമായ അനുഭവങ്ങൾ വിവരിച്ചത്.
പ്രായമായ തടവുകാർക്ക് പോലും അവശ്യ മരുന്നുകൾ നിഷേധിച്ചതായി ജയിൽ മോചിതനായ ആദം അൽ ഹദ്റ എന്ന തടവുകാരൻ പറഞ്ഞു. ഇസ്രായേൽ സേന വീട്ടിൽനിന്നാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. തന്റെ ജയിൽവാസം അങ്ങേയറ്റം കഠിനമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഔപചാരിക ശിക്ഷ ലഭിക്കാതെ ആറു മാസം ഇസ്രായേൽ ജയിലിൽ കഴിയേണ്ടി വന്നതായി മറ്റൊരു തടവുകാരിയായ ശൈമ ഉമർ റമദാൻ പറഞ്ഞു. മോചിതരാകുന്ന തടവുകാരുടെ ആദ്യ സംഘത്തിൽ താൻ ഉൾപ്പെട്ടിട്ടുണ്ടെന്ന് മോചിപ്പിക്കപ്പെട്ട ദിവസം മാത്രമാണ് അറിഞ്ഞതെന്ന് അവർ പറഞ്ഞു.
തന്റെ രണ്ടാമത്തെ തടവ് ജീവിതത്തെക്കുറിച്ചാണ് സമ ഹിജാവിക്ക് പറയാനുണ്ടായിരുന്നത്. ഈ സമയത്ത് വിവിധ തരത്തിലുള്ള പീഡനങ്ങളും മോശം പെരുമാറ്റങ്ങളും നേരിടേണ്ടിവന്നു.
സൻആ: ഗസ്സ വെടിനിർത്തൽ കരാർ നിലവിൽ വന്നതോടെ ഇസ്രായേൽ ബന്ധമുള്ള കപ്പലുകൾ ലക്ഷ്യമിട്ടുള്ള ആക്രമണം അവസാനിപ്പിക്കുകയാണെന്ന് യമൻ ആസ്ഥാനമായ ഹൂതി വിമതർ. ഷിപ്പിങ് കമ്പനികൾക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിലാണ് ഹൂതികളുടെ മാനുഷിക പ്രവർത്തന ഏകോപന കേന്ദ്രം ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച് ഹൂതി സൈന്യം ഔദ്യോഗിക പ്രസ്താവനയും നടത്തി.
ഇസ്രായേൽ ഗസ്സ അധിനിവേശവും യു.എസും ബ്രിട്ടനും ഇസ്രായേലും യമൻ ആക്രമണവും നിർത്തിയാൽ നാവിക, ചരക്കുകപ്പലുകൾ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം ഹൂതികളുടെ വക്താവ് മുഹമ്മദ് അൽ ബുഖൈതി അൽ ജസീറയോട് പറഞ്ഞിരുന്നു.
ഗസ്സയിൽ ഇസ്രായേൽ വംശഹത്യ തുടങ്ങിയതിന് പിന്നാലെ 2023 നവംബറിലാണ് ഹൂതികൾ ചെങ്കടലിൽ സഞ്ചരിച്ച കപ്പലുകൾ ലക്ഷ്യമിട്ടത്. 100 ഓളം ചരക്കുകപ്പലുകൾ ഹൂതികൾ ആക്രമിച്ചതായാണ് കണക്ക്. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഒരു കപ്പൽ പിടിച്ചെടുക്കുകയും മറ്റു രണ്ടെണ്ണം കടലിൽ മുക്കുകയും ചെയ്തു. ചെങ്കടലിൽ സഞ്ചരിച്ച കപ്പലുകൾക്ക് പുറമെ, ഇസ്രായേൽ നഗരങ്ങൾ ലക്ഷ്യമിട്ടും ഹൂതികൾ മിസൈലുകൾ പ്രയോഗിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.