ഗസ്സയിലെ ഇസ്രായേലിന്റെ വംശഹത്യോന്മുഖ യുദ്ധം അവസാനിപ്പിക്കുന്നതിന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച 20 ഇന കരാർ ഭാഗികമായി മാത്രം അംഗീകരിച്ച് തുടർചർച്ചകൾക്ക് വഴി തുറക്കുകയെന്ന നീക്കവുമായി ഹമാസ്. ഫലസ്തീൻ രാഷ്ട്രഗാത്രത്തിന് പൊതുവായും ഹമാസിന് സവിശേഷമായും ഹാനി ഉണ്ടാകുന്ന നിരവധി ഘടകങ്ങളുള്ളതാണെങ്കിലും കരാർ ഒറ്റയടിക്ക് നിരസിക്കുക വഴി എതിർപ്രചാരണങ്ങൾക്ക് ഇടം കൊടുക്കാൻ ഹമാസ് ആഗ്രഹിക്കുന്നില്ല എന്നതാണ് പ്രധാന സൂചന. തൽക്കാലം ആക്രമണം അവസാനിപ്പിക്കാനും ചർച്ചകൾക്ക് കൂടുതൽ ഇടവും സമയവും തേടാനും ഇതുവഴി കഴിയും.
ഗസ്സ ഭരണത്തിന് വിദേശ ശക്തികളെ നിയോഗിക്കാനുള്ള നീക്കം, നിരായുധീകരണം തുടങ്ങിയ പോയന്റുകളിലാണ് ഹമാസ് ഉടക്കുന്നത്. അതേസമയം, ഇസ്രായേലി ബന്ദികളെ മോചിപ്പിക്കണമെന്ന നിർദേശത്തോട് വിയോജിക്കുന്നുമില്ല. യുദ്ധം അവസാനിക്കുകയും ഫലസ്തീനുകൂടി സ്വീകാര്യമായനിലയിൽ കരാർ വരുകയും ചെയ്താൽ ബന്ദികളെ പിന്നെയും തടവിൽ വെക്കുന്നതിൽ അർഥമില്ല. ഒപ്പം അവ്യക്തമായ വാക്കുകളിൽ വിശദീകരിച്ച ഇസ്രായേൽ സൈന്യത്തിന്റെ പിന്മാറ്റ വ്യവസ്ഥകളിലും വ്യക്തത വരേണ്ടതുണ്ട്. ചുരുക്കത്തിൽ ലളിതമെന്ന് കടലാസിൽ തോന്നിക്കുന്ന ട്രംപിന്റെ 20 ഇന കരാർ അതിസങ്കീർണവും ശ്രമകരവുമായ ചർച്ചാവേദികളിലേക്ക് നീങ്ങുകയാണെന്ന് സാരം.
വെസ്റ്റ് ബാങ്കിനെയും ഗസ്സയെയും വേർതിരിച്ച് ഗസ്സക്ക് മാത്രമായി അന്താരാഷ്ട്ര ഭരണ സംവിധാനം കൊണ്ടുവരാനുള്ള നീക്കത്തിലാണ് പ്രധാനമായും ഹമാസ് വിയോജിക്കുന്നത്. ഏകീകൃത രാഷ്ട്രമെന്ന സങ്കൽപ്പത്തെ തൽക്കാലത്തേക്കാണെങ്കിലും അപ്രസക്തമാക്കുന്ന ഈ പദ്ധതിയോട് മറ്റു ഫലസ്തീൻ ഘടകങ്ങളും യോജിക്കാനിടയില്ല. താൽക്കാലികമായി വരുന്ന സംവിധാനങ്ങളെല്ലാം പിന്നീട് കീഴ്വഴക്കവും നിയമവുമൊക്കെയായി മാറി, രാഷ്ട്ര സ്ഥാപനത്തെ കൂടുതൽ അകറ്റുന്നതാണ് എപ്പോഴും ഫലസ്തീന്റെ കാര്യത്തിൽ കാണുന്നത്. അതുകൊണ്ടുതന്നെ സംശയത്തോടെ മാത്രമേ ഈ ആലോചനയെയും പരിഗണിക്കാനാകൂ. അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളുടെ പിന്തുണയോടെ, ഫലസ്തീൻ അഭിപ്രായൈക്യത്തോടെയുള്ള സ്വതന്ത്ര ടെക്നോക്രാറ്റുകളുടെ സംവിധാനത്തിന് ഭരണം കൈമാറാമെന്നാണ് ഹമാസിന്റെ പക്ഷം.
ഇസ്രായേലി അധിനിവേശം അവസാനിപ്പിക്കാതെ നിരായുധീകരണത്തിന് വഴങ്ങില്ലെന്നാണ് ഹമാസിന്റെ പണ്ടേയുള്ള നിലപാട്. അൽജസീറക്ക് നൽകിയ അഭിമുഖത്തിൽ ഹമാസ് നേതാവ് മൂസ അബു മർസൂഖ് ഇതേ നിലപാട് ആവർത്തിച്ചിട്ടുണ്ട്. പക്ഷേ, അതിൽ ചെറിയൊരു അവ്യക്തത പുതിയ സാഹചര്യത്തിൽ ശേഷിക്കുന്നു. ഗസ്സയിലെ നിലവിലുള്ള അധിനിവേശത്തെയാണോ ’48 മുതൽ ഫലസ്തീൻ മണ്ണിൽ തുടരുന്ന വിശാലാർഥത്തിലുള്ള അധിനിവേശത്തെയാണോ പരിഗണിക്കുന്നതെന്ന് അബു മർസൂഖ് വ്യക്തമാക്കിയിട്ടില്ല. ഹമാസിന്റെ സ്ഥാപക ചാർട്ടർ പ്രകാരം രണ്ടാമത്തേതാണ് പ്രസക്തം. ഫലസ്തീൻ രാഷ്ട്രം സ്ഥാപിതമാകാതെ നിരായുധീകരിക്കപ്പെടുകയെന്നാൽ രാഷ്ട്രീയമായി ഹമാസിന്റെ പ്രസക്തി നഷ്ടപ്പെടുകയാണെന്ന് അർഥം.
ഇസ്രായേൽ പിൻവാങ്ങലിനുള്ള സമയപരിധിയാണ് ഹമാസിന് എതിരഭിപ്രായമുള്ള മറ്റൊരു ഘടകം. കരാറിൽ അതിനു കൃത്യമായ സമയക്രമം പറയുന്നില്ല എന്നുമാത്രമല്ല, അന്തിമമായി പിൻവാങ്ങിയാലും ഗസ്സക്ക് ഉള്ളിലെ ‘കരുതൽ മേഖല’യിൽ സൈന്യം ഉണ്ടാകുമെന്നാണ് സൂചന. അതിന് ഹമാസ് എത്രത്തോളം വഴങ്ങുമെന്നത് വ്യക്തമല്ല. അതിനൊപ്പം, കരാർ അംഗീകരിച്ച് ബന്ദികളെ മോചിപ്പിച്ചു കഴിഞ്ഞാൽ ചിത്രത്തിൽനിന്ന് ഹമാസിനെ മായ്ച്ചുകളയുന്ന മട്ടിലാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. ആ ആലോചനയെ അപ്രസക്തമാക്കുന്ന തരത്തിലുള്ള ഇടപെടലിനാണ് ഹമാസ് ഒരുങ്ങുന്നതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.