ട്രിസ്റ്റിൻ ബെയ്ലി, എയ്ഡൻ ഫുച്ചി
സെന്‍റ് ജോൺസ് കൗണ്ടി (േഫ്ലാറിഡ): 'ഒരാളെ കൊല്ലാൻ പോകുക'യാണെന്ന് സ്കൂളിലെ കൂട്ടുകാരോട് എയ്ഡൻ ഫുച്ചി പറഞ്ഞത് തമാശയായേ അവരെടുത്തിരുന്നുള്ളൂ. എന്നാൽ, സഹപാഠിയായ ട്രിസ്റ്റൻ ബെയ്ലിയുടെ അരുംകൊലക്കുപിന്നിൽ ഫുച്ചിയാണെന്നറിഞ്ഞതോടെ അവരെല്ലാം ഞെട്ടി. ബെയ്ലിയെ കൊലപ്പെടുത്തിയെന്നതു മാത്രമല്ല, 114 തവണ അവളെ കത്തികൊണ്ട് കുത്തിയാണ് ഫുച്ചി വധിച്ചതെന്നത് ആ 14കാരന്‍റെ ക്രൂരമായ മാനസികാവസ്ഥയുടെ തെളിവായിരുന്നു.
13 വയസ്സു മാത്രമുള്ള ബെയ്ലിയെ ആളൊഴിഞ്ഞ മരക്കൂട്ടങ്ങൾക്കിടയിലേക്ക് വിളിച്ചുകൊണ്ടുപോയാണ് ഫുച്ചി 114 തവണ ദേഹത്ത് കത്തി കുത്തിയിറക്കിയത്.ശരീരത്തിന്‍റെ മുഴുവൻ ഭാഗങ്ങളിലുമെന്നപോലെ കുത്തേറ്റ പാടുകൾ നിറഞ്ഞിരുന്നു. കത്തിത്തലപ്പ് പൊട്ടി ബാലികയുടെ തലയോട്ടിയിൽ കുരുങ്ങിക്കിടക്കുകയായിരുന്നുവെന്ന് പോസ്റ്റ്മോർട്ടത്തിനിടെ കണ്ടെത്തി. കത്തിയുടെ ബാക്കിഭാഗം മൃതദേഹം ഉപേക്ഷിച്ച സ്ഥലത്തിനടുത്ത കുളത്തിൽനിന്നാണ് കിട്ടിയത്.
ഈ മാസാദ്യമാണ് ലോകത്തെ ഞെട്ടിച്ച അരുംകൊല നടന്നത്. ഇതിനുശേഷം ഈ കുട്ടിക്കൊലയാളിയെ ഏതുവിധം പരിഗണിക്കണമെന്നതിനെ ചൊല്ലി നിയമജ്ഞർക്കിടയിൽ ചർച്ച നടക്കുകയായിരുന്നു. ഒടുവിൽ കഴിഞ്ഞ ദിവസം അവർ തീരുമാനത്തിലെത്തി -'കിരാതമായ ക്രൂരത കണക്കിലെടുത്ത് ഫുച്ചിയെ മുതിർന്നയാൾക്കു സമാനമായ രീതിയിൽ പരിഗണിക്കണം'. പ്രായപൂർത്തിയായില്ലെന്നതു കണക്കിലെടുത്ത് നേരത്തേ, 'സെക്കൻഡ് ഡിഗ്രി' കൊലപാതകമായി പരിഗണിച്ചത് മാറ്റി മുൻകൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയ ക്രൂരമായ കൊലപാതകമെന്ന നിലയിൽ മുതിർന്നവരുടെ കുറ്റകൃത്യത്തിന് സമാനമായി 'ഫസ്റ്റ് ഡിഗ്രി' കൊലപാതകമായി പരിഗണിക്കാൻ തീരുമാനിക്കുകയായിരുന്നു.
കുട്ടിക്കൊലയാളിയെന്നതു മാറി മുതിർന്ന കൊലയാളിയെന്ന നിലയിലാണ് ഫുച്ചി വിചാരണ നേരിടേണ്ടിവരിക. ഇതോടെ ജീവപര്യന്തം തടവുശിക്ഷയാണ് ഈ എട്ടാംഗ്രേഡ് വിദ്യാർഥിയെ കാത്തിരിക്കുന്നത്. ഫുച്ചിയെ മുതിർന്നവർക്കായുള്ള ജയിലിലേക്ക് മാറ്റും.
'ഒരു 14കാരനെതിെര ഫസ്റ്റ് ഡിഗ്രി കൊലപാതകക്കേസ് ചാർജ് ചെയ്യുന്നതിൽ എനിക്കൊട്ടും സന്തോഷമുണ്ടായിരുന്നില്ല. എന്നാൽ, എല്ലാ വസ്തുതകളും സാഹചര്യങ്ങളും നിയമവശവും പരിശോധിച്ചശേഷം ഈ കൊലപാതകം മുതിർന്നവരുടേതിന് സമാനമായി കൈകാര്യം ചെയ്യണമെന്ന തീരുമാനത്തിലെത്താൻ എനിക്കും എക്സിക്യൂട്ടിവ് ടീമിനും പ്രയാസവുമുണ്ടായിരുന്നില്ല' -സ്റ്റേറ്റ് അറ്റോർണി ആർ.ജെ. ലാരിസ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 'ഒരാെള കൊല്ലുമെന്ന് അവൻ കൂട്ടുകാരോട് പറഞ്ഞിരുന്നു. മരക്കൂട്ടങ്ങൾക്കിടയിലേക്ക് കൂട്ടിക്കൊണ്ടുപോയി കുത്തിക്കൊല്ലുമെന്നാണ് പറഞ്ഞതും. എന്നാൽ, ആരെയാണെന്ന് പറഞ്ഞിരുന്നില്ല' -അറ്റോർണി കൂട്ടിച്ചേർത്തു.
മാതൃദിനത്തിലാണ് ഡർബിൻ ക്രോസിങ്ങിനടുത്തുള്ള കുളത്തിനരികിൽ ബെയിലിയുടെ മൃതദേഹം കാണപ്പെട്ടത്. ഫുച്ചിയുടെ വീട്ടിൽനിന്ന് ഒരു കിലോമീറ്റർ പോലുമില്ല ഇവിടേക്ക്. ബെയിലിയുടെ കുടുംബം അവളെ കാണാനില്ലെന്ന് പരാതിപ്പെട്ട് എട്ടുമണിക്കൂറിന് ശേഷമാണ് അയൽക്കാരിലൊരാൾ മൃതദേഹം കണ്ടത്. ഇതിനടുത്ത കുളത്തിൽനിന്നാണ് കത്തി കണ്ടെടുത്തത്. മെയ് പത്തിനാണ് ഫുച്ചി അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.