ടെന്റിൽ കയറിയ വെള്ളം ഒഴിച്ചു കളയുന്നു
ഗസ്സ: ഇസ്രായേൽ ആക്രമണത്തിൽ തകർന്ന ഗസ്സയിൽ ദുരിതം വിതച്ച ബൈറോൺ ശൈത്യ കൊടുങ്കാറ്റിൽ നാല് പേർ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊടുങ്കാറ്റിനെ തുടർന്നുള്ള ശക്തമായ മഴയും കാറ്റും കാരണം ടെന്റ് തകർന്ന് വീണ് അഞ്ച് പേരാണ് മരണപ്പെട്ടത്. യുദ്ധത്തിൽ തകർന്ന കെട്ടിടത്തിന്റെ മതിൽ ടെന്റിലേക്ക് വീണ് രണ്ട് പേർ മരിച്ചു. അതിശൈത്യത്തെ തുടർന്ന് തണുത്തുറഞ്ഞ പിഞ്ചുകുട്ടികളും മരണപ്പെട്ടവരിൽ ഉൾപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം അതിശൈത്യത്തെ തുടർന്ന് ഖാൻ യൂനിസിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചിരുന്നു.
തുടർന്നുള്ള ദിവസങ്ങിലും ഗസ്സയിൽ കനത്ത മഴയും ആലിപ്പഴ വർഷവുമുണ്ടാകുമെന്നാണ് പ്രവചിക്കുന്നത്. ഇത് നിരവധി സ്ഥലങ്ങളിൽ അഭയം തേടിയ 850,000 ഫലസ്തീനികൾക്ക് കടുത്ത ഭീഷണി സൃഷ്ടിക്കും. യുദ്ധത്തിൽ വീടുകൾ തകർന്ന ഫലസ്തീനികൾ നിലവിൽ താൽകാലിക ടെന്റുകളിലാണ് താമസിക്കുന്നത്. എന്നാൽ നിരന്തരമായി ടെന്റുകൾ തകരുന്നതും കൊടും തണുപ്പും കനത്ത മഴയിലും ആളുകളെ പാലായനം ചെയ്യാൻ നിർബന്ധിപ്പിക്കുകയാണ്.
ദുരിതത്തിൽ കുടുങ്ങിക്കിടക്കുന്ന ആളുകളുമായി ആശയവിനിമയം നടത്താൻ സിവിൽ ഡിഫൻസ് ഫോഴ്‌സ് ശ്രമിച്ചുക്കൊണ്ടിരിക്കുകയാണ്. അതേസമയം സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള 4300 വിളികളാണ് മേഖലയിൽ നിന്ന് ലഭിച്ചതെന്ന് ഗസ്സയിലെ മിനിസ്ട്രി ഓഫ് ഇന്റീരിയർ ആൻഡ് നാഷ്ണൽ സെക്യൂരിറ്റി അറിയിച്ചു.
ഖാൻ യൂനസിലെ താമസക്കാരിൽ ചിലർ ലഭ്യമായ സൗകര്യങ്ങൾ ഉപയോഗിച്ച് വെള്ളപ്പൊക്കം തടയാൻ ശ്രമിക്കുന്നുണ്ട്. മണൽച്ചാക്കുകൾ ഉൾപ്പടെ വെച്ച് ടെന്റുകളിലേക്ക് വെള്ളം കയറുന്നത് തടയാനാണ് ശ്രമം. എന്നാൽ, ഇത് ഫലപ്രദമാവുന്നില്ലെന്നാണ് ഖാൻ യൂനിസിൽ നിന്നുള്ള ദൃശ്യങ്ങൾ തെളിയിക്കുന്നത്. അതേസമയം ഇസ്രായേൽ അധിനിവേശത്തെ തുടർന്നുള്ള ഇന്ധനക്ഷാമവും ഉപകരണങ്ങൾ കേടുവന്നതും മൂലം വെള്ളപ്പൊക്കവും ശൈത്യവും ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കുന്നില്ലെന്ന് പ്രാദേശിക ഭരണകൂടം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.