റഷ്യക്ക് തിരിച്ചടി; 22 ലക്ഷം കോടിയുടെ ആസ്തി മരവിപ്പിച്ച് യൂറോപ്യൻ യൂനിയൻ

ലണ്ടൻ: യുക്രെയ്ൻ യുദ്ധം തുടരുന്ന റഷ്യയെ സാമ്പത്തികമായി തകർക്കാനുള്ള നീക്കവുമായി യൂറോപ്യൻ യൂനിയൻ. റഷ്യയുടെ 210 ബില്ല്യൻ യൂറോയുടെ ആസ്തി യൂറോപ്യൻ യൂനിയൻ മരവിപ്പിച്ചു. ബാങ്കിൽ സൂക്ഷിച്ച 22.27 ലക്ഷം കോടി രൂപ ഇതോടെ റഷ്യക്ക് നഷ്ടമാകും. അനിശ്ചിത കാലത്തേക്കാണ് മരവിപ്പിച്ചത്.

റഷ്യയുടെ ആസ്തി പണയം വെച്ച് യുക്രെയ്ൻ പ്രതിരോധ സേനക്ക് സാമ്പത്തിക സഹായം നൽകാനാണ് യൂറോപ്യൻ യൂനിയൻ തീരുമാനം. എന്നാൽ, റഷ്യയുടെ ആസ്തിയിൽ ഭൂരിഭാഗവും സൂക്ഷിക്കുന്ന ബെൽജിയം ഈ നീക്കത്തിന് എതിരാണ്. ബെൽജിയം ആസ്ഥാനമായ ആഗോള ബാങ്കായ യൂറോക്ലിയറിലാണ് പണം സൂക്ഷിച്ചിരിക്കുന്നത്. ആസ്തി മരവിപ്പിക്കുന്നതിന് നിയമ സാധുതയില്ലെന്നതാണ് ബെൽജിയത്തിന്റെ എതിർപ്പിന് കാരണം. മാത്രമല്ല, സ്വത്ത് മരവിപ്പിക്കുന്നത് അന്താരാഷ്ട്ര സാമ്പത്തിക സംവിധാനത്തെ അസ്ഥിരപ്പെടുത്തുമെന്ന് യൂറോക്ലിയർ ചീഫ് എക്സികുട്ടിവ് വലേറി അർബയ്നും അഭിപ്രായപ്പെട്ടു.

അതേസമയം, യൂറോപ്യൻ യൂനിയന്റെത് മോഷണമാണെന്ന് ആരോപിച്ച റഷ്യ, യൂറോക്ലിയറിനെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്തു. റഷ്യയുടെ സെൻട്രൽ ബാങ്കാണ് മോസ്കോ കോടതിയിൽ പരാതി നൽകിയത്. കമ്പനിയുടെ സ്വത്തുക്കൾ റഷ്യ കണ്ടുകെട്ടിയേക്കുമെന്നാണ് സൂചന.

ക്രിസ്മസിന് മുമ്പ് റഷ്യയുമായി സമാധാന കരാർ ഒപ്പിടണമെന്നാണ് യു.എസ് ​പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുക്രെയ്ന് നൽകിയ നിർദേശം. റഷ്യക്ക് അനുകൂലമായാണ് യു.എസ് സമാധാന കരാർ തയാറാക്കിയതെന്ന ആരോപണം നിലനിൽക്കെയാണ് യൂറോപ്യൻ യൂനിയന്റെ മരവിപ്പിക്കൽ നീക്കം. നിലവിലെ സമാധാന കരാറിൽ യുക്രെയ്ൻ ഒപ്പിടുന്നത് കീഴടങ്ങുന്നതിന് തുല്യമാണെന്നാണ് യൂറോപ്യൻ രാജ്യങ്ങളുടെ നിലപാട്. തിങ്കളാഴ്ച ജർമൻ ചാൻസലർ ഫ്രീഡ്റിച്ച് മെർസ് അടക്കമുള്ള യൂറോപ്യൻ നേതാക്കളെ കാണാൻ യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി ബെർലിനിലെത്തുന്നുണ്ട്.

നാല് വർഷമായി തുടരുന്ന യുദ്ധം കാരണം യുക്രെയ്ൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നീങ്ങുന്നത്. രണ്ട് വർഷത്തിനകം 135 ബില്ല്യൻ യൂറോയെങ്കിലും രാജ്യത്തിന് ആവശ്യമാണെന്നാണ് റിപ്പോർട്ട്. 2022 ഫെബ്രുവരിയിൽ യൂക്രെയ്ൻ യുദ്ധം തുടങ്ങിയതിന് പിന്നാലെ റഷ്യയുടെ ആസ്തി യൂറോപ്യൻ യൂനിയൻ മരവിപ്പിച്ചിരുന്നു. റഷ്യ തകർത്ത യുക്രെയ്ന്റെ പുനർനിർമാണത്തിന് പണം ഉപയോഗിക്കണമെന്നാണ് അവർ ആവശ്യപ്പെടുന്നത്.

യു.എസ് തയാറാക്കിയ സമാധാന കരാറിലെ വ്യവസ്ഥകളിൽ മാറ്റം വരുത്താൻ യൂറോപ്യൻ യൂനിയൻ പിന്തുണയോടെ യുക്രെയ്ൻ കാര്യമായ ശ്രമങ്ങൾ നടത്തുന്നുണ്ട്. യുക്രെയ്നും യോജിക്കാൻ കഴിയുന്ന പൊതു സമാധാന കരാറിനായി യൂറോപ്യൻ യൂനിയനും കടുത്ത നയതന്ത്ര നീക്കത്തിലാണ്. 2027 ഓടെ യുക്രെയ്ന് യൂറോപ്യൻ യൂനിയൻ അംഗത്വം നൽകുന്നതാണ് പുതുക്കിയ സമാധാന കരാർ. 

Tags:    
News Summary - EU to freeze €210bn in Russian assets indefinitely

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.