സമാധാന നൊബേൽ ജേതാവ് നർഗീസ് മുഹമ്മദിയെ വീണ്ടും ജയിലിലടച്ച് ഇറാൻ

തെഹ്‌റാൻ: സമാധാന നൊബേൽ ജേതാവായ നർഗീസ് മുഹമ്മദിയെ ഇറാൻ അധികൃതർ വീണ്ടും അറസ്റ്റ് ചെയ്തു. ഇന്നലെയായിരുന്നു അറസ്റ്റ്. അന്തരിച്ച ഇറാനിയൻ അഭിഭാഷകൻ ഖോർസോ അലികോർദിയുടെ അനുസ്മരണ ചടങ്ങിനിടെയാണ് 53-കാരിയായ മനുഷ്യാവകാശ പ്രവർത്തകയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

2021 നവംബർ മുതൽ ജയിലിലായിരുന്ന നർഗീസിന് 2024 ഡിസംബറിലാണ് ജാമ്യം അനുവദിച്ചത്. വധശിക്ഷ നിർത്തലാക്കണം, സ്ത്രീകൾക്ക് ഹിജാബ് നിർബന്ധമാക്കിയത് പിൻവലിക്കണം എന്നീ ആവശ്യങ്ങളുയർത്തി നടത്തിയ പ്രതിഷേധ പ്രകടനങ്ങളെ തുടർന്നായിരുന്നു നർഗീസിനെ ഭരണകൂടം ജയിലിലടച്ചത്. രാജ്യത്തിനെതിരെ പ്രചാരണം നടത്തി, സർക്കാറിനെതിരായ പ്രതിഷേധങ്ങൾക്ക് പിന്തുണ നൽകി എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. ഹൃദയസംബന്ധമായ അസുഖങ്ങൾ കാരണമാണ് നർഗീസിനു ജാമ്യം ലഭിച്ചത്. ജയിലിൽ വെച്ച് ഒന്നിലധികം തവണ ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് നർഗീസ് 2022ൽ ഹൃദയ ശസ്ത്രക്രിയക്ക് വിധേയമായിരുന്നു.

നർഗീസ് മുഹമ്മദിയെ അറസ്റ്റ് ചെയ്തത് എന്തിനാണെന്നോ എവിടേക്കാണ് കൊണ്ടുപോയതെന്നോ അറിയിച്ചിട്ടില്ലെന്നാണ് കുടുംബാംഗങ്ങളുടെ പ്രതികരണം. ഹൃദയസംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളടക്കം നേരിടുന്ന നർഗീസിനെ വീണ്ടും ജയിലടച്ചാൽ അതവരുടെ മരണത്തിലേക്ക് വരെ നയിച്ചേക്കാം എന്ന ആശങ്കയും ഇവർ പങ്കുവെക്കുന്നുണ്ട്.

ജയിലിനുള്ളിൽ വെച്ച് ശാരീരികമായും മാനസികമായും ക്രൂരമായ പീഡനങ്ങളാണ് നേരിട്ടതെന്ന് നർഗീസ് പിന്നീട് വെളിപ്പെടുത്തിയിരുന്നു. ജയിലറക്കുള്ളിൽ താനടക്കമുള്ള സ്ത്രീകൾക്ക് നേരെ ലൈംഗികാതിക്രമം വരെ പൊലീസ് ഉദ്യോഗസ്ഥർ നടത്തുന്നുവെന്നും നർഗീസ് മാധ്യമങ്ങളോട് തുറന്നുപറഞ്ഞിരുന്നു. ജയിലിൽ വെച്ച് നിരവധി തവണ ആരോഗ്യനില മോശമായെങ്കിലും ഇവർക്ക് മതിയായ ചികിത്സ ലഭ്യമാക്കാൻ ഭരണകൂടം തയാറായില്ല. പിന്നീട് നില അതീവ ഗുരുതരമായതിനെ തുടർന്നാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്.

അഭിഭാഷകനായ അലികോർദി ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നാണ് അധികൃതർ പറയുന്നതെങ്കിലും, സംശയാസ്പദമായ സാഹചര്യങ്ങളിലാണ് അലികോർദിയെ മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് നർഗീസ് ആരോപിക്കുന്നത്.

Tags:    
News Summary - Nobel Peace Prize Winner Narges Mohammadi Arrested Again Amid Memorial Ceremony; Global Concern Rises

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.