പാരിസ്: തീവ്ര വലത് ആക്ടിവിസ്റ്റിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടം നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ച് യു.എസ് അംബാസഡർ ചാൾസ് കുഷ്നറെ വിളിച്ചുവരുത്തുമെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീൻ നോയൽ ബാരോട്ട് അറിയിച്ചു.
ഫ്രാൻസിലെ ലിയോൺ നഗരത്തിലുണ്ടായ സംഘർഷത്തിൽ തലക്ക് പരിക്കേറ്റ് ചികിത്സയിലിരുന്ന ക്വെന്റിൻ ഡെറാങ്കു എന്ന വലത് ആക്ടിവിസ്റ്റ് കഴിഞ്ഞയാഴ്ചയാണ് മരിച്ചത്.
ഇടത് തീവ്രവാദികളാണ് ഡെറാങ്കുവിനെ കൊലപ്പെടുത്തിയതെന്ന യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്‍റ് കൗണ്ടർ ടെററിസം ബ്യൂറോയുടെ എക്സ് പോസ്റ്റാണ് ഫ്രാൻസിനെ ചൊടിപ്പിച്ചത്.
തീവ്ര ഇടതുപക്ഷ ജനപ്രതിനിധി റിമ ഹസൻ പങ്കെടുത്ത വിദ്യാർഥി സംഗമത്തിനിടെ ഉണ്ടായ സംഘർഷത്തിലാണ് ക്വെന്റിൻ ഡെറാങ്കുവിന് മർദനമേറ്റത്.
സംഭവത്തിൽ ഏഴുപേർക്കെതിരെ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. അടുത്ത വർഷം നടക്കാനിരിക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് നിലനിൽക്കുന്ന രാഷ്ട്രീയ സംഘർഷങ്ങളെ ഈ സംഭവം വീണ്ടും ചർച്ചയാക്കിയിരിക്കുകയാണ്.
മുൻ യൂറോപ്യൻ യൂനിയൻ കമീഷണർ തിയറി ബ്രെട്ടണെതിരായ യു.എസ് ഉപരോധം, അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ ഫ്രഞ്ച് ജഡ്ജി നിക്കോളാസ് ഗില്ലൗവിനെതിരായ നടപടികൾ തുടങ്ങിയ വിഷയങ്ങളും യു.എസ് അംബാസഡറെ വിളിച്ചുവരുത്തുമ്പോൾ ചർച്ചചെയ്യുമെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.